മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ബ്രിട്ടീഷുകാര്‍ പോലും ആവിഷ്‌കരിക്കാത്ത കരിനിയമങ്ങള്‍: ടി.എന്‍ പ്രതാപന്‍
വടക്കാഞ്ചേരി: രാജ്യത്തെ കോടികണക്കിന് വരുന്ന ജനവിഭാഗങ്ങളുടെ അടുക്കളയിലേക്ക് എത്തി നോക്കി അവര്‍ എന്ത് കഴിയ്ക്കണമെന്ന് തീരുമാനിക്കുന്ന മോദി സര്‍ക്കാര്‍ ബ്രിട്ടീഷുകാരുടെ ഭരണത്തില്‍ പോലും നടപ്പാക്കാതിരുന്ന കരിനിയമങ്ങളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ ആരോപിച്ചു. ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നയങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റേത്. ഇത്തരം നയങ്ങളെ ജനകീയ മുന്നേറ്റത്തിലൂടെ ചെറുത്ത് തോല്‍പ്പിക്കുമെന്നും പ്രതാപന്‍ പറഞ്ഞു. കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫിസിന് മുന്നില്‍ കന്ന് കാലി ലേലവും ബീഫ് ഫെസ്റ്റും നടത്തുമെന്നും പ്രതാപന്‍ അറിയിച്ചു.
മുണ്ടത്തിക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആര്യംപാടത്ത് നടന്ന ബീഫ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ടി.എന്‍ പ്രതാപന്‍. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍.ആര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, കെ.അജിത് കുമാര്‍, എന്‍.ആര്‍ സതീശന്‍, എന്‍.എ ആനന്ദന്‍ മാസ്റ്റര്‍, എ.പി ദേവസി, ഏലിയാമ ടീച്ചര്‍, നിഷ സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. എല്ലാവര്‍ക്കും ചപ്പാത്തിയും ബീഫും വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."