ഇ-ഹെല്‍ത്ത് പദ്ധതി: ശേഖരിച്ചത് ലക്ഷക്കണക്കിന് രോഗികളുടെ വിവരങ്ങള്‍
തിരുവനന്തപുരം: ഇ ഹെല്‍ത്ത് പദ്ധതിയിന്‍ കീഴില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശേഖരിച്ചത് ലക്ഷക്കണക്കിന് രോഗികളുടെ വിവരങ്ങള്‍. ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ പോലുമില്ലാതെയാണ് ഡോക്ടര്‍മാര്‍ ഇത്രയധികം രേഖകള്‍ സ്വയം ശേഖരിച്ചത്.
ഇന്ത്യയിലാകെയുള്ള നിരവധി സോഫ്ട് വെയര്‍ കമ്പനികള്‍ പരമാവധി പരിശ്രമിച്ചിട്ടും കഴിയാത്ത കാര്യമാണ് ഇ ഹെല്‍ത്ത് പദ്ധതിയ്ക്കു കീഴില്‍ വിജയകരമായി നടന്നത്. ചെറിയ രോഗവുമായി വന്നിട്ടുള്ള രോഗിയുടെ പോലും വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു.
ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇ ഹെല്‍ത്ത് പദ്ധതി രോഗികള്‍ക്ക് മാത്രമല്ല ഡോക്ടര്‍മാര്‍ക്കും ഏറെ പ്രയോജനകരമായി മാറിയിരിക്കുകയാണ്. വിവിധ ഒ.പി വിഭാഗങ്ങളില്‍ ഇ ഹെല്‍ത്തിന്റെ ഭാഗമായി സജ്ജീകരിച്ച ഡിസ്‌പ്ലേ ബോര്‍ഡുകള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികള്‍ക്കും കൂടുതല്‍ സൗകര്യപ്രദമായി. ഡോക്ടറെ കാണാനെത്തുന്ന രോഗികള്‍ക്ക് തങ്ങളുടെ ഊഴമനുസരിച്ച് ഒ.പിമുറിക്കുള്ളില്‍ പ്രവേശിക്കാന്‍ തിക്കും തിരക്കും കാരണമാകില്ലെന്നതാണ് ഇതിന്റെ പ്രധാന നേട്ടം.
അതോടൊപ്പം രോഗികള്‍ക്ക് പ്രത്യേകമായി ഒരു ഡോക്ടറെ കാണണമെന്നുണ്ടെങ്കില്‍ അതിനും സൗകര്യമുണ്ട്. അത്യാവശ്യമായി ഡോക്ടറെ കാണണമെന്നുള്ളവര്‍ക്കും അവസരമൊരുക്കിയിട്ടുള്ളതിനാല്‍ ഒ.പിയില്‍ തര്‍ക്കങ്ങള്‍ക്കും ബഹളത്തിനും ഇനി സ്ഥാനമില്ല. എത്ര തിരക്കുണ്ടെങ്കിലും ഒ.പിയിലെത്തുന്ന ഓരോ രോഗിക്കും വിശദമായ പരിശോധനയും ചികിത്സയും ഇവിടെ സാധ്യമാണ്. അതാത് ഒ.പിക്കു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ഡിസ്‌പ്ലേ ബോര്‍ഡുകള്‍ രോഗികള്‍ക്ക് സഹായകമാകുംവിധം നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു.
ടോക്കണ്‍ എടുത്ത് ഒ.പിക്കുമുന്നിലെത്തുന്ന രോഗിക്ക് ഡിസ്‌പ്ലേ ബോര്‍ഡിലെ നിര്‍ദേശങ്ങള്‍ അനുസരിച്ച് നീങ്ങിയാല്‍ വളരെ എളുപ്പത്തില്‍ ചികിത്സ നേടി മടങ്ങാം. ഡിസ്‌പ്ലേ ബോര്‍ഡില്‍ കറുപ്പ്, മഞ്ഞ, ചുമപ്പ്, ഓറഞ്ച്, പിങ്ക് എന്നീ നിറങ്ങളിലാണ് ടോക്കണ്‍ നമ്പരുകള്‍ കാണുക. പ്രത്യേകിച്ച് ഒരു ഡോക്ടറെ കാണണമെന്ന് നിര്‍ബന്ധമില്ലാത്തവരുടെ നമ്പരുകള്‍ കറുത്ത നിറത്തിലാണ് കാണുന്നത്. ഡോക്ടര്‍മാര്‍ എത്തുന്ന മുറയ്ക്ക് കംപ്യൂട്ടര്‍ തന്നെ രോഗികളെ വീതിച്ചു നല്‍കും. അവര്‍ക്ക് ഡോക്ടറെ കാണാനുള്ള ഊഴമെത്തുമ്പോള്‍ മഞ്ഞനിറത്തിലേക്ക് ടോക്കണ്‍ നമ്പര്‍ മാറും. ഏതെങ്കിലും പ്രത്യേക ഡോക്ടറെ കാണണമെന്ന് ആഗ്രഹമുള്ളവര്‍ ആ വിവരം കൗണ്ടറില്‍ പറയണം. അങ്ങനെയുള്ളവരുടെ നമ്പരുകള്‍ ഓറഞ്ച് നിറത്തിലായിരിക്കും കാണുന്നത്. ചുമപ്പ് നിറത്തില്‍ കാണുന്ന നമ്പരുകാര്‍ അത്യാവശ്യമായി ചികിത്സ വേണ്ടവരുമാണ്. ഡോക്ടറെ കാണാനുള്ള ഊഴം ഒരിക്കല്‍ ലഭിച്ചെങ്കിലും എന്തെങ്കിലും കാരണത്താല്‍ ഒ.പിമുറിക്കുള്ളില്‍ കയറാന്‍ കഴിയാത്തവരുടെ ടോക്കണ്‍ നമ്പര്‍ പിങ്ക് നിറത്തിലായിരിക്കും. ഈ സംവിധാനം കാര്‍ഡിയോളജി, ത്വക് രോഗവിഭാഗം, ഇന്‍ഫെക്ടിഷ്യസ് ഡിസീസ്, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി എന്നീ വിഭാഗങ്ങളിലെല്ലാം രോഗികള്‍ക്ക് സൗകര്യപ്രദമായ ഈ സംവിധാനം തയാറായിക്കഴിഞ്ഞു.
ഇ ഹെല്‍ത്ത് ജോയിന്റ് ഡയറക്ടര്‍ ഡോ. സി. ജയനാണ് നവീകരണപ്രവര്‍ത്തനങ്ങളുടെ അമരക്കാരന്‍. അതോടൊപ്പം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബിജോണ്‍, സന്തോഷ്‌കുമാര്‍, ആര്‍.എം.ഒ ഡോ. മോഹന്റോയ് എന്നിവരും പദ്ധതി വിജയിപ്പിക്കുന്നതിനായി അക്ഷീണം രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."