അട്ടപ്പാടിയില്‍ ലഹരിമുക്ത ചികിത്സാകേന്ദ്രത്തിന് അനുമതി
പാലക്കാട്: വിമുക്തിമിഷന്റെ ഭാഗമായി ജില്ലയിലും എക്‌സൈസ് വകുപ്പ് ലഹരിമുക്ത ചികിത്സാ കേന്ദ്രം ആരംഭിക്കും.അട്ടപ്പാടിയിലെ കോട്ടത്തറ ഗവ.ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രിയിലാണ് ചികിത്സാ കേന്ദ്രം തുടങ്ങാന്‍ അനുമതി ലഭിച്ചിട്ടുള്ളത്.
ജില്ലയില്‍ നിലവില്‍ ജില്ലാ ഗവ.ആശുപത്രിയില്‍ മാത്രമേ ലഹരിമുക്ത ചികിത്സാ കേന്ദ്രം പ്രവര്‍ത്തിക്കുന്നൊള്ളു.ജില്ലകളില്‍ താലൂക്കാശുപത്രിയോടനുബന്ധിച്ചാണ് ലഹരിമുക്ത ചികിത്സാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങാറെങ്കിലും അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യമടക്കമുള്ള ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം പ്രത്യേകം ഗൗനിക്കേണ്ട സാഹചര്യത്തെ തുടര്‍ന്നാണ് ചികിത്സാ കേന്ദ്രം കോട്ടത്തറ ഗവ.ട്രൈബല്‍ ആശുപത്രിയില്‍ തുടങ്ങാന്‍ ധാരണയായത്.നിലവില്‍ ജനമൈത്രി, എക്‌സൈസ് സ്‌ക്വാഡ് കണ്ടെത്തുന്നവര്‍ക്കുള്ള ചികിത്സ ഇവിടെ ലഭ്യമാണെങ്കിലും ഇത്തരമൊരു ചികിത്സാ കേന്ദ്രം ഈ മേഖലയില്‍ അനിവാര്യ ഘടകമായിരുന്നു.
ഒരാഴ്ച്ചക്കകം ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങുമെന്ന് ഡിവിഷണല്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജേക്കബ് ജോണ്‍ അറിയിച്ചിരുന്നെങ്കിലും ആവശ്യത്തിന് ജീവനക്കാരെ അധികൃതര്‍ ഇതുവരെ നിയോഗിച്ചിട്ടില്ല.വിദഗ്ദ സംഘത്തിന്റെ സേവനം കൊണ്ട് മാത്രമേ ലഹരിമുക്ത ചികിത്സാ കേന്ദ്രം വിജയകരമായി മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കൂ.കൂടാതെ ആദ്യഘടുവായ 22 ലക്ഷം രൂപ പാസായിട്ടുണ്ടെങ്കിലും ചികിത്സാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തിയിട്ടില്ല എന്നതും പോരായ്മയാണ്.
ചികിത്സാ കേന്ദ്രം ഒരുക്കുന്നതിന്റെ ഭാഗമായി പത്തോളം കിടക്കകളുള്ള വാര്‍ഡാണ് സജ്ജമാക്കാന്‍ ഉദ്ദേശിക്കുന്നത്.27 ലക്ഷത്തോളം രൂപയാണ് ഈ പദ്ധതിക്കായി വിമുക്തി മിഷന്റെ ഫണ്ടില്‍ നിന്നും ചികിത്സാ കേന്ദ്രത്തിനായി അനുവദിച്ചിട്ടുള്ളത്.ജില്ലാ ആരോഗ്യ വകുപ്പിനാണ് ലഹരിമുക്ത ചികിത്സാ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."