കഞ്ചിക്കോട് കടുത്ത വരള്‍ചയിലേക്ക്
കഞ്ചിക്കോട്: സംസ്ഥാനസര്‍ക്കാരിന്റെ മദ്യനിര്‍മ്മാണക്കമ്പനികള്‍ക്കുള്ള അനുമതിയുടെ പശ്ചാത്തലത്തില്‍ കഞ്ചിക്കോട്ടെ പുതിയ മദ്യനിര്‍മ്മാണക്കമ്പനി ഉയരുന്നത് മേഖലയെ ജലമൂറ്റല്‍ ഭീഷണിയിലാക്കും. കാലങ്ങളായി വ്യവസായമേഖലയിലെ കുപ്പിവെള്ളക്കമ്പിനികളുടെയും മദ്യക്കമ്പനികളുടെയും ജലമൂറ്റല്‍ മൂലം ജലക്ഷാമവും കൃഷിയുണക്കും മൂലം ജനം നട്ടംതിരിയുന്ന സാഹചര്യത്തിലാണ് നിലവിലെ സര്‍ക്കാര്‍ ഉത്തരവ് ഇരുട്ടടിയായിരിക്കുന്നത്.
എലപ്പുള്ളി വില്ലേജില്‍പെട്ട സര്‍വ്വേനമ്പര്‍ 1011, 29202, 12508 എന്നീ സ്ഥലങ്ങളിലായി 9.92 ഏക്കര്‍ ഭൂമിയിലാണ് അപ്പോളോഡിസ്റ്റിലറീസ് & ബ്രുവറിസ് എന്ന സ്ഥാപനത്തിന് ബിയറുത്പാദനം തുടങ്ങാന്‍ കമ്പനി തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. കമ്പനി തുടങ്ങുന്നതോടെ പ്രതിവര്‍ഷം 5 ലക്ഷം ഹെക്‌ടോലിറ്റര്‍ ബിയര്‍ ഉത്പാദനം നടത്തുന്നതിനാണ് സര്‍ക്കാര്‍ അപ്പോളോ കമ്പനിക്ക് അനുമതി നല്‍കിയിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ കഞ്ചിക്കോട്ടെ വരള്‍ചയ്ക്കു കാരണം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മദ്യനിര്‍മ്മാണക്കമ്പനികളുടെ വന്‍തോതിലുള്ള ജലമൂറ്റല്‍ തന്നെയാണെന്നിരിക്കെ വരള്‍ച്ചാബാധിതപ്രദേശമായി പ്രഖ്യാപിച്ചിടത്ത് പുതിയൊരു മദ്യനിര്‍മ്മാണക്കമ്പനിക്കുള്ള സര്‍ക്കാര്‍ അനുമതിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. നിലവില് മീങ്കരഡാമിനോടു ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന ഇംപീരിയല്‍ സ്പിരിറ്റ്‌സ്, പുതുശ്ശേരിയിലെ യുണൈറ്റഡ് ബ്രൂവറീസ്, എം.പി ഡിസ്റ്റിലറീസ് തുടങ്ങിയ കമ്പനികള്‍ കഞ്ചിക്കോട് മേഖലയില്‍ നിന്നും പ്രതിദിനം ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളമാണ് ഊറ്റിക്കൊണ്ടിരിക്കുന്നത്. ഇതില്‍ ഇംപീരിയല്‍ സ്പിരിറ്റ്‌സ് പ്രതിദിനം 10 ലക്ഷത്തിലധികം ലിറ്റര്‍ വെള്ളമാണ് കുഴല്‍ക്കിണറുകളിലൂടെ ഊറ്റിയെടുക്കുന്നത്.
പുതുശ്ശേരിയിലെ യുണൈറ്റഡ് ബ്രൂവറീസിന് പ്രതിദിനം 5 ലക്ഷം ലിറ്ററും എം.പി ഡിസ്റ്റിലറീസിന് ദിനംപ്രതി 35000 ത്തോളം ലിറ്റര്‍ വെള്ളവും ജലസേചനവകുപ്പ് നല്‍കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുമ്പോഴും ഇതില്‍ക്കൂടുതലും വെള്ളമുപയോഗിക്കുന്നുണ്ടെന്നതാണ് സത്യം. കുടിവെള്ളത്തിനായി എടുത്ത പൈപ്പുകണക്ഷനിലൂടെ ഇത്രയും വെള്ളം മദ്യക്കമ്പനികള്‍ അനധികൃതമായി എടുക്കുന്നത്.
എക്‌സൈസിന്റെ കണക്കുകള്‍ പ്രകാരം ഒരു മദ്യക്കമ്പനി പ്രതിദിനം 5000 കെയ്‌സ് മദ്യം നിര്‍മ്മിക്കുന്നുവെന്ന് പറയുമ്പോഴും ഇതിന്റെ നാലിരട്ടിയോളമെങ്കിലും വരുമെന്നതാണ് മറ്റൊരു വസ്തുത. പുതുശ്ശേരിയിലെ മദ്യക്കമ്പനികള്‍ ജലസേചനവകുപ്പിന്റെ അനുമതിയോടെയാണ് വന്‍തോതില്‍ ജലചൂഷണം നടത്തുന്നതെന്നിരിക്കെ ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടും ജലചൂഷണം നിര്‍ബാധം തുടരുകയാണ്. ആറു കെയ്‌സ് മദ്യനിര്‍മ്മാണത്തിന് 150 ലിറ്റര്‍ വെള്ളം വേണമെങ്കിലും ഇതിനുപുറമെ കുപ്പികള്‍ കഴുകുന്നതിനും യന്ത്രങ്ങളുടെ ശുചീകരണത്തിനുമായി വന്‍തോതില്‍ വെള്ളമാവശ്യമാണ്. ഇത്തരത്തില്‍ വന്‍തോതില്‍ കമ്പനികള്‍ ജലമൂറ്റുന്നതിനാല്‍ മേഖലയില്‍ ഒരു മണിക്കൂര്‍ മാത്രമാണ് ജനവാസമേഖലയില്‍ വെള്ളം ലഭിക്കുന്നത്.
മാത്രമല്ല കുഴല്‍ക്കിണറുകള്‍ 900 അടിവരെ താഴ്ത്തിയാലും വെള്ളം ലഭിക്കാത്ത സ്ഥിതിവിശേഷമാണ്. ഇത്തരം സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ മദ്യക്കമ്പനിക്കുള്ള ഉത്തരവ് ജനങ്ങള്‍ക്ക് വെള്ളിടിയായിത്തീര്‍ന്നിരിക്കുകയെന്നതിനാല്‍ ഇതിനെതിരെ ജനരോഷം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."