പുതിയ കെട്ടിട നിര്‍മാണം അനിശ്ചിതത്വത്തില്‍ അപകടാവസ്ഥയില്‍ വില്ലേജ് ഓഫിസ് കെട്ടിടം
പെരിയ: തകര്‍ന്നു വീഴാറായ പെരിയ വില്ലേജ് ഓഫിസിന്റെ പുതിയ കെട്ടിട നിര്‍മാണം അനിശ്ചിതത്വത്തില്‍. മേല്‍ക്കൂര ഉള്‍പ്പെടെ ദ്രവിച്ചു കോണ്‍ക്രീറ്റ് പാളികളും മറ്റും അടര്‍ന്നു അപകടാവസ്ഥയിലാണ് നിലവിലുള്ള കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇതു പൊളിച്ചു മാറ്റി പുതിയ കെട്ടിടം പണിയാന്‍ തത്വത്തില്‍ തീരുമാനമായെങ്കിലും മാസങ്ങളായി ഇത് അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്. ഓഫിസ് കെട്ടിടത്തിന്റെ സ്ലാബ് ഉള്‍പ്പെടെ തകര്‍ന്നു വീഴാന്‍ പാകത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഇതിനകത്തിരുന്നു ജോലി ചെയ്യുന്ന ജീവനക്കാരുടെയും വിവിധ ആവശ്യങ്ങള്‍ക്കു വേണ്ടിയെത്തുന്ന പൊതു ജനങ്ങളുടെയും ജീവനു തന്നെ ഭീഷണിയാണ് ഈ കെട്ടിടം.
ഓഫിസ് പുതുക്കി പണിയാനുള്ള എല്ലാ വിധ നടപടികളും പൂര്‍ത്തിയാക്കിയെന്നു അധികൃതര്‍ പറയുന്നുണ്ടെങ്കിലും വില്ലേജ് ഓഫിസ് താല്‍ക്കാലികമായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ കെട്ടിടം പ്രദേശത്ത് അന്വേഷിച്ചു വരുന്നതായി ജീവനക്കാര്‍ മാസങ്ങള്‍ക്കു മുമ്പേ പറഞ്ഞിരുന്നു. നിലവിലുള്ള ഓഫിസ് കെട്ടിടത്തിനു പരിസരത്തായി താല്‍ക്കാലിക കെട്ടിടം വാടകക്ക് എടുക്കാന്‍ തയാറാക്കിയെങ്കിലും ഓഫിസ് ഇതിലേക്കു മാറ്റുവാന്‍ അധികൃതര്‍ക്കു സാധിച്ചിട്ടില്ല. വില്ലേജ് ഓഫിസര്‍ ഇവിടെ ഇല്ലാത്തതിനാല്‍ മറ്റൊരു ഓഫിസിലെ ഓഫിസര്‍ക്കാണ് ഇവിടെ ചുമതല. താല്‍ക്കാലിക കെട്ടിടത്തിലേക്കു വില്ലേജ് ഓഫിസ് പ്രവര്‍ത്തനം മാറിയാല്‍ മാത്രമേ നിലവിലുള്ള കെട്ടിടം പൊളിച്ചു മാറ്റി പ്രസ്തുത സ്ഥലത്തു പുതിയ കെട്ടിടം നിര്‍മിക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനുള്ള നടപടികളാണ് അധികൃതരുടെ ഭാഗത്തു നിന്നു വൈകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."