താല്‍ക്കാലിക അധ്യാപക നിയമനത്തിന് മാനദണ്ഡമായി ഇഷ്ടക്കാരെ ഇഷ്ടം പോലെ ഇനി നിയമിക്കാനാവില്ല
കാളികാവ്:(മലപ്പുറം) താല്‍ക്കാലിക അധ്യാപകരായി ഇഷ്ടക്കാരെ നിയമിക്കുന്നതിന് ഇനി നിയന്ത്രണം. ഗുണമേന്മയുള്ള വിദ്യഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് താല്‍ക്കാലിക അധ്യാപക നിയമനത്തിന് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്.
കഴിഞ്ഞ വര്‍ഷം വരെ പേരിന് ഒരു അഭിമുഖം നടത്തി സ്‌കൂള്‍ അധികൃതര്‍ വേണ്ടപ്പെട്ടവരെ നിയമിക്കുന്ന രീതിയാണുണ്ടായിരുന്നത്. വ്യക്തമായ മാനദണ്ഡം നിശ്ചയിച്ച് ഗുണമേന്മയുള്ള അധ്യാപകരെ മാത്രം നിയമിക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് നിയമനം ഉറപ്പാക്കാനും നിര്‍ദേശമുണ്ട്. അഭിമുഖത്തിനുള്‍പ്പടെ 100 മാര്‍ക്കാണ് മാനദണ്ഡത്തിന് നിശ്ചയിച്ചിട്ടുള്ളത്. കൂടുതല്‍ മാര്‍ക്ക് നേടുന്നവര്‍ക്കാണ് നിയമനം നല്‍കേണ്ടത്.
അടിസ്ഥാന യോഗ്യതയുടെ മാര്‍ക്കിന്റെ 35 ശതമാനം പ്രൊഫഷനല്‍ യോഗ്യതയുടെ മാര്‍ക്കിന്റെ 35 ശതമാനം ഇവയ്ക്ക് രണ്ടിനുമാണ് പ്രധാന്യം നല്‍കേണ്ടത്. 70 മാര്‍ക്ക് ഇവയില്‍ നിന്ന് ലഭിക്കും. അധിക യോഗ്യതയ്ക്ക് അഞ്ച് മാര്‍ക്ക്, ടി.ടി.സിയുള്ളവരുടെ ബിരുദവും ബി.എഡുകാര്‍ക്ക് ബിരുദാനന്തര ബിരുദവുമാണ് അധിക യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. ജില്ലയിലെ പി.എസ്.സി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അഞ്ച് മാര്‍ക്കും നല്‍കണം. കെ ടെറ്റിനും സി.ടെറ്റിനും അഞ്ച് മാര്‍ക്കാണുള്ളത്.
ഉദ്യോഗാര്‍ഥികളുടെ പഞ്ചായത്തിലെ വിദ്യാലയമാണെങ്കില്‍ മൂന്ന് മാര്‍ക്ക് നല്‍കണം. പഠിച്ച വിദ്യാലയമെങ്കില്‍ രണ്ട് മാര്‍ക്ക് ലഭിക്കും. മുന്‍ പരിചയക്കാര്‍ക്കും പരിഗണനയുണ്ട്. അഞ്ച് വര്‍ഷത്തിനു മുകളില്‍ പരിചയമുള്ളവര്‍ക്ക് അഞ്ച് മാര്‍ക്ക്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ളവര്‍ക്ക് മൂന്ന് മാര്‍ക്കും മൂന്നുവര്‍ഷത്തില്‍ താഴെയുള്ളവര്‍ക്ക് ഒരു മാര്‍ക്കുമാണ് നല്‍കേണ്ടത്. അഭിമുഖത്തിന് പരമാവധി അഞ്ച് മാര്‍ക്കാണ് നിശ്ചയിച്ചിട്ടുള്ളത്.
അഭിമുഖം നിശ്ചയിച്ച് വ്യക്തമായ പരസ്യം നല്‍കണം. മാനദണ്ഡ പ്രകാരമുള്ള നിയമന നടപടിയുടെ ഭാഗമായി വര്‍ഷങ്ങളായി സേവനം ചെയ്യുന്ന പലര്‍ക്കും അവസരം നഷ്ടപ്പെടും. ദിവസ വേതനം 650ല്‍ നിന്ന് 850 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. പ്രഥമ അധ്യാപകര്‍ക്കും പി.ടി.എക്കും താല്‍പര്യമുള്ളവരെ മാത്രം നിയമിക്കുന്ന രീതിക്ക് ഇതോടെ അന്ത്യമാകും. ഭൂരിഭാഗം വിദ്യാലയങ്ങളും പുതിയ മാനദണ്ഡപ്രകാരം അധ്യാപക നിയമനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ബാക്കിയുള്ളവര്‍ 31 മുന്‍പ് നിയമന നടപടി പൂര്‍ത്തിയാക്കണം. നിയമനത്തിന് മാനദണ്ഡം നിശ്ചയിച്ചത് പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടെ ശുപാര്‍ശയേയും സമ്മര്‍ദത്തെയും മറികടക്കുന്നതിനു പുറമെ വിദ്യാലയങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."