അറിയിപ്പുകള് കൗണ്‍സിലര്‍മാരെ അറിയിക്കുന്നില്ലെന്ന് പരാതി
ഷൊര്‍ണൂര്‍: സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍നിന്ന് ലഭിക്കുന്ന അറിയിപ്പുകള് കൗണ്‍സിലര്‍മാരെ യഥാസമയം അറിയിക്കുന്നില്ലെന്ന് കൗണ്‍സില്‍ യോഗത്തില്‍ ആരോപണം. ബി.ജെ.പിയിലെ വി.എം. ഉണ്ണികൃഷ്ണനാണ് ആരോപണം ഉന്നയിച്ചത്.
തദ്ദേശ സ്വയംഭരണ പരിധിയിലുള്ളവര്‍ക്ക് വൈദ്യുതീകരിക്കാത്ത വീടുകള്‍ വൈദ്യുതീകരിക്കുന്നതിന്റെ ഭാഗമായി സമ്പൂര്‍ണ്ണ വൈദ്യുതീകരണം പദ്ധതി കെ.എസ്.ഇ.ബി നടപ്പാക്കി വരികയാണ്. ഈ പദ്ധതിയിലേക്കുള്ള അപേക്ഷ ഇന്നലെയായിരുന്നു അവസാന തിയ്യതി.
ഇതിനെക്കുറിച്ച് ഉണ്ണികൃഷ്ണന് വിഷയം ഉന്നയിച്ചപ്പോള്‍ രണ്ടു ദിവസം മുന്‍പ് മാത്രമാണ് കെ.എസ്.ഇ.ബി അറിയിച്ചതെന്ന ചെയര്‍പേഴ്സന്റെ മറുപടിയില്‍ തൃപ്തി വരാതെ ബി.ജെ.പി അംഗങ്ങള്‍ ബഹളം വെച്ചു.
ഒരാഴ്ച മുന്‍പുതന്നെ കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ടെന്ന് ബി.ജെ.പിയിലെ സിനി മനോജ് പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും ബി.ജെ.പി അംഗങ്ങള്‍ ആവശ്യപ്പെട്ടു.
നഗരസഭയുടെ ഓഫിസ് കെട്ടിടത്തിന് തീപിടുത്തം ഉണ്ടായതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ഐയിലെ ശ്രീകണ്ഠന് ആവശ്യപ്പെട്ടു. അന്വേഷിക്കാന്‍ ഭരണപക്ഷ പ്രതിപക്ഷ കൗണ്‍സില്‍ അംഗങ്ങളുള്കൊള്ളുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ഭരണപക്ഷത്തുനിന്ന് എം. നാരായണന്, വൈസ് ചെയര്മാന് ആര്. സുനു, ജയപാലന്, മണികണ്ഠന്, ബി.ജെ.പിയിലെ ഉണ്ണികൃഷ്ണനു പുറമെ വിപിന്‍നാഥ്, ബിന്ദു, ഗോപകുമാര്‍ എന്നിവരും സംസാരിച്ചു. ചെയര്‍പേഴ്സണ്‍ വി വിമല അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."