ഔഫ് വധം: ക്രൈംബ്രാഞ്ച് സംഘം ഇന്ന് കല്ലൂരാവിയില്‍
കാഞ്ഞങ്ങാട് : എസ്.എസ്.എഫ് സജീവ പ്രവര്‍ത്തകനും ഡി.വൈ.എഫ്.ഐ അനുഭാവിയുമായിരുന്ന കല്ലൂരാവി അബ്ദുല്‍ റഹ്മാന് ഔഫ് വധം അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച് സംഘം തിങ്കളാഴ്ച കല്ലൂരാവിയിലെത്തും. ഔഫിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. കണ്ണൂര്‍ എസ്.പി മൊയ്തീന് കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷ നല്‍കിയതിന് ശേഷം പ്രതികളെ തെളിവെടുപ്പിന് കല്ലൂരാവിയിലെത്തിക്കും.
മുഖ്യപ്രതി ഇര്‍ഷാദിനെ ഹോസ്ദുര്‍ഗ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കസ്റ്റഡിയില്‍ ഉണ്ടായിരുന്ന രണ്ടുപേരുടെ അറസ്റ്റ് കൂടി കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. യൂത്ത് ലീഗ് പ്രവര്ത്തകന് ഹസന്, എം.എസ്.എഫ് പ്രവര്ത്തകന് ഹാഷിര്‍ എന്നിവരാണ് അറസ്റ്റിലായത്. ഔഫിനെ കൊലപ്പെടുത്താന്‍ ഇര്‍ഷാദിനെ ഇരുവരും സഹായിച്ചെന്ന് പൊലിസ് പറഞ്ഞു. വെള്ളിയാഴ്ച റിമാന്‍ഡിലായ ഇര്‍ഷാദിനെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇര്‍ഷാദിനെ വ്യാഴാഴ്ച രാത്രിയാണ് മംഗളൂരുവിലെ ആശുപത്രിയില്‍ വച്ച് പൊലിസ് കസ്റ്റഡിയിലെടുത്തത്. അബ്ദുല്‍ റഹ്മാന്റെ നെഞ്ചില്‍ കുത്തിയത് ഇര്‍ഷാദ് ആണെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. ശ്വാസകോശം തുളച്ച കുത്തില്‍ ഹൃദയ ധമനികള്‍ മുറിഞ്ഞ് അമിത രക്തസ്രാവമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുത്തേറ്റ റഹ്മാന് സംഭവസ്ഥലത്ത് തന്നെ ചോര വാര്‍ന്ന് മരിക്കുകയായിരുന്നു.
ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് കൊലപാതകമെന്നായിരുന്നു പൊലിസ് തുടക്കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് പിന്നീട് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലിസ് തിരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."