പ്രജാപതി രാജ്യത്തെ ആടുജന്മം
രാജ്യം ഭരിക്കുന്നവര്‍ക്ക് മനുഷ്യപ്രജകളേക്കാള്‍ കാലിപ്രജകളോട് ഏറെ ഇഷ്ടം തോന്നുന്നത് കുറ്റമാണെന്ന് പറയാന്‍ പറ്റില്ല. കാരണം കന്നുകാലികള്‍ ഈ ഭൂമുഖത്തിന്റെ നിലനില്‍പ്പിനു തന്നെ ആധാരമായവയാണ്. കാടും മേടും മലയും പുഴയും കന്നുകാലികളുമൊക്കെയാണ് ഈ മഹാ ഭാരത രാജ്യത്തിന്റെ മേല്‍വിലാസം തന്നെ. അത് കണ്ണില്‍ ചോരയില്ലാതെ കൈയേറി കൊന്നും തിന്നും ഭാരതവാസികളായ മാനവന്‍മാര്‍ മുന്നോട്ടു പോയാല്‍ ഉത്തരവാദിത്തമുള്ള പ്രജാപതിമാര്‍ അടങ്ങിയിരിക്കരുത് .
ഒ.വി വിജയന്റെ വിഖ്യാത നോവല്‍ ധര്‍മപുരാണം തുടങ്ങുന്നത് പ്രജാപതിക്ക് ഒന്നിനു മുട്ടിയ വിവരവുമായിട്ടാണ്. അസഭ്യം, അശ്ലീലം എന്നൊക്കെ വിളിച്ച് അക്കാലത്ത് ചില ധാര്‍മികവാദികളെന്ന് അവകാശപ്പെടുന്നവര്‍ വിജയനെയും നോവലിനെയും അടച്ചാക്ഷേപിച്ചു. ക്രാന്തദര്‍ശിയും സാഹിത്യ കുലപതിയുമായ വിജയന്‍ സാറ് ഇതൊന്നും കണ്ട് കുലുങ്ങിയില്ല. ഇന്ത്യാ മഹാരാജ്യത്തിന്റെ ജനാധിപത്യത്തെയും ഫെഡറലിസത്തെയുമെല്ലാം കാറ്റില്‍ പറത്തി ഒരു പ്രജാപതി വാണപ്പോള്‍ സധൈര്യം അതിനെതിരേ തൂലിക ചലിപ്പിക്കാന്‍ വിജയന് തരിമ്പും പേടിയുണ്ടായിരുന്നില്ല. ഇന്നെങ്ങാനു മായിരുന്നേല്‍ ഇന്ദ്രപുരിയിലെ ആധുനിക പ്രജാപതിയെക്കുറിച്ച് വല്ലതും എഴുതുമോ ആവോ എന്ന് വലിയ നിശ്ചയമില്ല. കാരണം അന്ന് അടിയന്തരാവസ്ഥാ കാലത്ത് കാരാഗൃഹമായിരുന്നെങ്കില്‍ ഇന്ന് കാലപുരിക്കയച്ച് പതിനാറടിയന്തിരം നടത്തലാണ് പതിവെന്ന് അറിഞ്ഞാല്‍ ആരാ ചകിതനാവാത്തത്.
രാജ്യം ഭരിക്കുന്നവര്‍ക്ക് മനുഷ്യപ്രജകളേക്കാള്‍ കാലിപ്രജകളോട് ഏറെ ഇഷ്ടം തോന്നുന്നത് കുറ്റമാണെന്ന് പറയാന്‍ പറ്റില്ല. കാരണം കന്നുകാലികള്‍ ഈ ഭൂമുഖത്തിന്റെ നിലിനില്‍പ്പിനു തന്നെ ആധാരമായവയാണ്. കാടും മേടും മലയും പുഴയും കന്നുകാലികളുമൊക്കെയാണ് ഈ മഹാ ഭാരത രാജ്യത്തിന്റെ മേല്‍വിലാസം തന്നെ. അത് കണ്ണില്‍ ചോരയില്ലാതെ കൈയേറി കൊന്നും തിന്നും ഭാരതവാസികളായ മാനവന്‍മാര്‍ മുന്നോട്ടു പോയാല്‍ ഉത്തരവാദിത്തമുള്ള പ്രജാപതിമാര്‍ അടങ്ങിയിരിക്കരുത്. അത് തടഞ്ഞേ പറ്റൂ.രാജ്യത്തെ ജന്തുക്കളെ കഴിച്ചേ മനുഷ്യരുള്ളൂവെന്ന് ഓരോ ഭാരതീയനും അറിഞ്ഞേപറ്റൂ. അത് ഈയിടെയായി പ്രവൃത്തിപഥത്തിലൂടെ തന്നെ മൃഗവത്സരായ ഭരണാധികാരികള്‍ കാണിച്ചും അറിയിച്ചും തരുന്നുണ്ടെന്നത് പച്ചയായ യാഥാര്‍ഥ്യമല്ലെ.
രണ്ടാണ്ടു മുന്നാടിയുള്ള ഒരു സെപ്തംബറില്‍ രാജ്യത്തിന്റെ അതിര്‍ത്തികാക്കുന്ന ഒരു ജവാന്റെ പിതാവിനെ മൃഗസ്‌നേഹികള്‍ ഇടിച്ചും ചതച്ചും കശാപ്പു ചെയ്തു കാണിച്ചു തന്നു. മുഹമ്മദ് അഹ്‌ലാഖും രാജസ്ഥാനിലെ പെഹ് ലുഖാനുമെല്ലാം ഈ രാജ്യത്തെ മൃഗങ്ങളോട് അശേഷം സ്‌നേഹമില്ലാത്ത മനുഷ്യ ജന്മങ്ങളാണെന്ന് ഇപ്പോഴും ബോധ്യം വരാത്തവരുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്ത് രാജ്യസ്‌നേഹമാ ഉള്ളത്. കന്നുകാലിസമ്പത്ത് മനുഷ്യസമ്പത്ത് ഇത് രണ്ടില്‍ ഏതാണ് മുഖ്യം എന്നു ചോദിച്ചാല്‍ കൃത്യമായി ഉത്തരം പറയാന്‍ നമ്മുടെ രാജ്യത്തെ ബുദ്ധിജീവികള്‍ എന്തിന് ശങ്കിക്കണം. അപ്പോ പിന്നെ കാലികള്‍ക്ക് സഞ്ചരിക്കാന്‍ ആംബുലന്‍സുവേണം. ഭാര്യയുടെ മൃതദേഹവും തോളില്‍ പേറി കാലിവളര്‍ത്തുകാരനായ ദലിതന്‍ കിലോമീറ്ററുകള്‍ നടക്കണം.
ജന്തുസ്‌നേഹം ഇതേപോലെ തലക്കു പിടിച്ച ഒരു മഹാന്‍ പണ്ട് വാണു പോയിരുന്നു. അങ്ങേര്‍ സിംഹാസനാവരോധിതനായ ഉടനെ ഉത്തരവു വന്നു.രാജ്യത്തെ ജന്തുക്കളെ സംരക്ഷിക്കണം. ജര്‍മന്‍ രാജ്യത്ത് മൃഗസംരക്ഷണ നിയമംവന്നു. പിന്നീട് ജൂതന്‍മാരാരും മൃഗങ്ങളെ പോറ്റരുതെന്നായി നിയമം. ലക്ഷക്കണക്കിന് മാനവരെ വൈവിധ്യമാര്‍ന്ന രീതിയില്‍ കാലപുരിക്കയച്ച് നിര്‍വൃതി കൊണ്ട ശേഷമാണ് ഹിറ്റ്‌ലറെന്ന പ്രജാപതിക്ക് മൃഗസ്‌നേഹം വന്നത്.
ഇത് ഒരു വെളുപ്പാന്‍ കാലത്ത് അങ്ങേരുടെ തലയിലുദിച്ച സ്‌നേഹമേയല്ല. തന്റെ രാജ്യസംസ്ഥാപനത്തിനായി കാലേക്കൂട്ടി ഗവേഷണം ചെയ്ത് തീരുമാനിച്ചുറച്ച കാര്യം നടപ്പാക്കിയെന്നു മാത്രം. ഒറ്റയടിക്ക് കേട്ടാല്‍ എന്തു നല്ല മുദ്രാവാക്യം. രാജ്യത്തെ ലക്ഷോപലക്ഷം വരുന്ന പാവപ്പെട്ട മിണ്ടാപ്രാണികളെ രക്ഷിക്കേണ്ടേ. ലോകം കണ്ട കൊടിയ ഫാസിസ്റ്റ് ഭീകരന്‍ അഡോള്‍ഫ് ഹിറ്റ്‌ലറെ മാതൃകയാക്കി ഭാരത രാജ്യം എന്നൊന്നും ആരും പറയരുത്. മൂന്നാണ്ടു മുന്‍പ് ഇന്ദ്രപുരിയില്‍ വിപ്ലവം സൃഷ്ടിച്ച് അധികാരസ്ഥനായി പുതിയ പ്രജാപതി വന്നപ്പൊഴേ മൃഗസ്‌നേഹികള്‍ ഏറെ സന്തോഷത്തിലായിരുന്നു. ചായക്കാരന്‍ രാജ്യം വാഴുമ്പോ അധകൃതനും ദലിതനും പിന്നാക്കക്കാരനുമെല്ലാം വലിയ പ്രതീക്ഷ. കാരണം പാവപ്പെട്ടവന്റെ ജീവിതമറിഞ്ഞവനാണ് പുതിയ പ്രജാപതി. ഇനി സകല ദുഃഖവും മാറും. മാറ്റം അടിസ്ഥാന തലത്തില്‍ വേണമെന്ന് ഇടക്കിടെ അദ്ദേഹവും ഓര്‍മിപ്പിച്ചു കൊണ്ടേയിരുന്നു. അങ്ങിനെ അടുക്കളമുതല്‍ തന്നെ തുടക്കമായി. ആദ്യം ചിമ്മിനിയിലൂടെ വരുന്ന പുകയില്‍ തന്നെ പിടിച്ചു. അതിന്റെ മണം മാറ്റണം. വൈവിധ്യങ്ങളുടെ ഐക്യം എന്ന നമ്മുടെ സിദ്ധാന്തം തന്നെ പൊളിച്ചെഴുതണം. എന്തിന് നമുക്ക് വിവിധ അഭിരുചികള്‍. ഒരേ രുചി മതി.
അതല്ലേ ഐക്യം. ആ രുചി നോം തീരുമാനിക്കും. എന്തിനു വെവ്വേറെ വിചാരധാരകള്‍ ഒരേ ധാരമാത്രം അതു നോം പറഞ്ഞു തരും. ഇതൊക്കെ പടിപടിയായി ചെയ്തു തീര്‍ക്കാവുന്നതേയുള്ളൂവെന്നു മാത്രം. ഇപ്പൊത്തന്നെ കാലികളുടെ അറവ് നിരോധിച്ചിട്ടേയില്ല. ബീഫ് തിന്നുന്നതും നിരോധിച്ചിട്ടില്ല പിന്നെന്തിനാണീയാളുകള്‍ ബഹളം വയ്ക്കുന്നതെന്നാണ് കുമ്മനം ജിയുടെ ചോദ്യം. രാജ്യത്തെ പീഡിപ്പിക്കപ്പെടുന്ന മിണ്ടാപ്രാണികള്‍ക്ക് വേണ്ടിയുള്ള വിപ്ലവകരമായ ഉത്തരവെന്ന് മേനകാജിയും പറയുന്നു. പണ്ട് രാജാക്കന്‍മാര്‍ യുദ്ധത്തില്‍ പയറ്റിയ ഒരടവുണ്ടായിരുന്നു.
അന്നം മുട്ടിച്ച് മുട്ടു മടക്കിക്കുകയെന്നത്. ശത്രുവിന്റെ സങ്കേതം വളഞ്ഞ് അന്നവും വെള്ളവും ഉപരോധിക്കുക.രാജ്യത്തെ എഴുപത് ശതമാനം പേരും കഴിച്ചുകൊണ്ടിരുന്ന ആഹാരം ലഭ്യമാകുന്ന മാര്‍ഗങ്ങള്‍ മുടക്കുക. എങ്ങിനെയുണ്ട് പ്ലാന്‍. കാലി വാങ്ങല്‍ വില്‍പന നിയമത്തിന്റെ ലേബലില്‍ ഉദ്ദിഷ്ടകാര്യം സാധ്യമാക്കുക. ഇങ്ങിനെയിങ്ങിനെ ഓരോന്നിലും മാറ്റം വരുത്തി വരുത്തി നോം അഛാ ഭാരത് ബനായേഗ.എന്നിട്ടും നമ്മുടെ മൃഗസ്‌നേഹികള്‍ അതിലും വിവേചനം കാണിച്ച പ്രയാസത്തിലാണ് ചിലര്‍. പശുവും കാളയും എരുമയും നായയും പൂച്ചയുമൊക്കെ എണ്ണിപ്പറയുമ്പോള്‍ തീരെ അവഗണിക്കപ്പെട്ട പ്രതിഷേധത്തിലാണ് അജഗണങ്ങള്‍. ആടുകള്‍ ദലിത് ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടുപോയതാണോ ആവോ. ഒ. വി വിജയനെ അനുസ്മരിച്ച് കടമെടുത്ത ഒരു വാല്‍ക്കഷണത്തോടെ അവസാനിപ്പിക്കാം.
കുഞ്ഞായിന്‍ മുസ്‌ലിയാരെ ഒന്നു പഠിപ്പിക്കാന്‍ മങ്ങാട്ടച്ഛന്‍ തീരുമാനിച്ചു. ചിലരെ ശട്ടം കെട്ടി. കുഞ്ഞായന്‍ മുസ്‌ലിയാരുടെ മദ്‌റസയിലെത്തി മലവിസര്‍ജ്ജനത്തിനായിരുന്നു പ്ലാന്‍. മുസ്‌ല്യാരുടെ കണ്ണില്‍പ്പെട്ട ഇവര്‍ പിടിച്ചു നില്‍ക്കാനാകാതെ കാര്യം പറഞ്ഞു. അപ്പോള്‍ മുസ്‌ലിയാര്‍ അവരോട് പറഞ്ഞത്രെ വിസര്‍ജ്ജിച്ചോളു, പക്ഷെ മൂത്രമൊഴിക്കരുത്. ഇവിടെയിപ്പോള്‍ കശാപ്പ് നിരോധിച്ചിട്ടേയില്ല. പക്ഷെ, അറവിനായി വില്‍ക്കരുത്.
9846344741
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."