ജപ്തിക്കിടെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥന്‍ മരിച്ചു
തിരുവനന്തപുരം: സ്ഥലം ഒഴിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ക്കിടെ ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥന്‍ മരിച്ചു. നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി രാജന്‍ ആണ് മരിച്ചത്. 75 ശതമാനം പൊള്ളലേറ്റ ഇദ്ദേഹത്തിന്റെ ഇരു വൃക്കകളും തകരാറിലായതാണ് മരണകാരണം. ഈ മാസം 22നാണ് സംഭവം. സ്ഥലം ഒഴിപ്പിക്കല്‍ നടപടിക്കിടെ ദമ്പതികള്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊളളലേറ്റ രാജനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കോടതി ഉത്തരവ് പ്രകാരം ഒഴിപ്പിക്കല്‍ നടപടി നടക്കുന്നതിനിടെയാണ് ദമ്പതിമാരായ രാജനും ഭാര്യ അമ്പിളിയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.
നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബം. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി വന്നു. ഉത്തരവ് നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം. കഴിഞ്ഞ ജൂണില്‍ കോടതി കമ്മീഷനെ നിയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് രാജന്‍ തടസപ്പെടുത്തിയിരുന്നു.
ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടിവന്നതെന്നും രാജന്‍ മൊഴി നല്‍കിയിരുന്നു. 75 ശതമാനത്തോളം പൊളളലേറ്റ രാജനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഭാര്യ അമ്പിളിയുടെ പൊളളല്‍ ഗുരുതരമല്ല. അതേസമയം ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച എ.എസ്.ഐ അനില്‍ കുമാറിനും പൊള്ളലേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."