കിരീടം കൈവിടാതെ ഗണ്ണേഴ്‌സ്
ലണ്ടന്‍: ആഴ്‌സണലിന്റെ എഫ്.എ കപ്പിലെ അപ്രമാദിത്വത്തിന് ഇത്തവണയും മാറ്റമുണ്ടായില്ല. നാല് സീസണുകള്‍ക്കിടയില്‍ മൂന്നാം തവണയും അവര്‍ എഫ്. എ കപ്പില്‍ മുത്തമിട്ടു. പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ചെല്‍സിയുടെ സീസണിലെ ഇരട്ട കിരീടമെന്ന സ്വപ്നം തല്ലിക്കെടുത്തിയാണ് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ആഴ്‌സണല്‍ ചാംപ്യന്‍ പട്ടം സ്വന്തമാക്കിയത്. ഇതോടെ ഏറ്റവും കൂടുതല്‍ തവണ എഫ്.എ കപ്പ് കിരീടം സ്വന്തമാക്കുന്ന ടീമായി ഗണ്ണേഴ്‌സ് മാറി. അവരുടെ 13ാം കിരീടമാണിത്. 12 കിരീട നേട്ടങ്ങളുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം റെക്കോര്‍ഡ് പങ്കുവച്ച പീരങ്കിപ്പട ഇത്തവണത്തെ നേട്ടത്തോടെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി.
സീസണില്‍ കാര്യമായ നേട്ടങ്ങളൊന്നും ഇല്ലാതെ 21 വര്‍ഷങ്ങള്‍ക്ക് ശേഷം ആഴ്‌സണലിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ആഴ്‌സന്‍ വെങര്‍ക്ക് വലിയ ആശ്വാസമായി മാറുകയാണ് ഈ കിരീടം. ടീമിനൊപ്പം വെങറും ഒരു റെക്കോര്‍ഡ് സ്വന്തമാക്കി. എഫ്.എ കപ്പ് ഏറ്റവും കൂടുതല്‍ നേടുന്ന ആദ്യ പരിശീലകനായി അദ്ദേഹം മാറി. 21 വര്‍ഷത്തിനിടെ വെങര്‍ ഏഴാം കിരീട നേട്ടത്തിലേക്കാണ് ടീമിനെ നയിച്ചത്. അടുത്ത ദിവസം ചേരുന്ന ആഴ്‌സണല്‍ ക്ലബിന്റെ യോഗത്തിന് ശേഷം വെങറുടെ ഭാവി സംബന്ധിച്ച് തീരുമാനമുണ്ടാകും. കിരീട നേട്ടം 67കാരനായ പരിശീലകന് ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടി നല്‍കുമെന്ന സൂചനയാണ് ഇപ്പോഴുള്ളത്.
വെംബ്ലി സ്റ്റേഡിയത്തില്‍ അരങ്ങേറിയ ഫൈനലില്‍ അലക്‌സിസ് സാഞ്ചസ്, ആരോണ്‍ റാംസി എന്നിവരാണ് ആഴ്‌സണലിനായി വല ചലിപ്പിച്ചത്. ചെല്‍സിയുടെ ആശ്വാസ ഗോള്‍ ഡീഗോ കോസ്റ്റ നേടി. ആഴ്‌സണല്‍ അലക്‌സിസ് സാഞ്ചസിലൂടെ നേടിയ ഗോള്‍ വിവാദപരമായതും രണ്ടാം പകുതിയില്‍ വിക്ടര്‍ മോസസ് രണ്ടാം മഞ്ഞ കാര്‍ഡും അതുവഴി ചുവപ്പ് കാര്‍ഡും വാങ്ങി പുറത്ത് പോയതും നാടകീയത സൃഷ്ടിച്ചു.
അന്റോണിയോ കോണ്ടെ 3-4-3 ശൈലിയില്‍ ചെല്‍സിയെ വിന്യസിപ്പിച്ചപ്പോള്‍ മറു തന്ത്രമായി വെങര്‍ ചമച്ചത് 3-6-1 എന്ന ശൈലിയായിരുന്നു. വെല്‍ബെക്കിനെ മുന്നേറ്റക്കാരനാക്കി ഡയമണ്ടാകൃതിയിലുള്ള മുന്നേറ്റമാണ് ആഴ്‌സണല്‍ സ്വീകരിച്ചത്. തുടക്കം മുതല്‍ ആക്രമിക്കുക എന്ന തന്ത്രം ആഴ്‌സണല്‍ കൃത്യമായി നടപ്പാക്കിയതോടെ ആദ്യ പകുതി അവര്‍ക്ക് സ്വന്തം. കളിയുടെ നാലാം മിനുട്ടില്‍ തന്നെ ചെല്‍സിയുടെ പ്രതിരോധം പിളര്‍ന്ന് ആഴ്‌സണല്‍ ലക്ഷ്യവും കണ്ടു. വിവാദപരമായൊരു ഗോളായിരുന്നു അലക്‌സിസ് സാഞ്ചസിന്റെ ബൂട്ടില്‍ നിന്ന് പിറന്നത്. ആളൊഴിഞ്ഞ ബോക്‌സില്‍ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ആഴ്‌സണല്‍ താരം ആരോണ്‍ റാംസി പന്ത് ഗോളിലേക്ക് വിടാതെ ഒപ്പമെത്തിയ സാഞ്ചസിന് മറിക്കുന്നു. സാഞ്ചസ് പന്ത് ലക്ഷ്യത്തിലെത്തിക്കുന്നു. ഈ സമയത്ത് ലൈന്‍ റഫറി ഓഫ് സൈഡാണെന്ന് കാണിച്ച് ഫ്‌ളാഗുയര്‍ത്തി. എന്നാല്‍ പിന്നീട് ഒന്നാം റഫറിയുമായി ചര്‍ച്ച നടത്തി ഗോളനുവദിക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ സമനില പിടിക്കാനുള്ള ലക്ഷ്യമിട്ട് ചെല്‍സി മികച്ച മുന്നേറ്റങ്ങള്‍ നടത്തി. എന്നാല്‍ 68ാം മിനുട്ടില്‍ വിക്ടര്‍ മോസസിന് ചുവപ്പ് കാര്‍ഡ് കണ്ടത് അവരുടെ മുന്നേറ്റങ്ങളെ ബാധിച്ചു. പക്ഷേ 76ാം മിനുട്ടില്‍ വില്ല്യന്റെ പാസില്‍ നിന്ന് ഡീഗോ കോസ്റ്റ ചെല്‍സിക്ക് സമനില സമ്മാനിച്ചു. ചെല്‍സിയുടെ ആഹ്ലാദത്തിന് അധികം ആയുസ്സുണ്ടായില്ല. മൂന്ന് മിനുട്ടിനുള്ളില്‍ ആഴ്‌സണല്‍ രണ്ടാം ഗോളിലൂടെ മത്സരവും കിരീടവും ഉറപ്പാക്കി. ഒലിവര്‍ ജിറൂദിന്റെ പാസില്‍ നിന്ന് ആരോണ്‍ റാംസിയാണ് ആഴ്‌സണലിന്റെ വിജയ ഗോള്‍ വലയിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."