മെഡിക്കല്‍ ടൂറിസം: ഇന്ത്യയിലെത്തുന്നവരുടെ എണ്ണം ഇരട്ടിയാക്കാന്‍ പദ്ധതി
റിയാദ്: മെഡിക്കല്‍ ടൂറിസം രംഗത്തേക്ക് അറബ് രാജ്യങ്ങളില്‍ നിന്നടക്കം ഇന്ത്യയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ പദ്ധതി തയാറാക്കുന്നു. ഇന്ത്യയിലെ വിവിധ ആശുപത്രികളും ഭാരത സര്‍ക്കാരും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും സംയുക്തമായാണ് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്.
2020ഓടെ ഇന്ത്യയിലെ മെഡിക്കല്‍ ടൂറിസം രംഗത്തേക്ക് വിദേശ രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ പേരെ ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് തയാറാകുന്നത്. ഇന്ത്യയില്‍ മെഡിക്കല്‍ ടൂറിസം രംഗത്തേക്കുള്ള വിദേശികളുടെ ഒഴുക്ക് വരുംവര്‍ഷങ്ങളില്‍ ഇരട്ടിയാക്കാനാണ് ശ്രമം.
2020ഓടെ മെഡിക്കല്‍ ടൂറിസം വഴി എണ്ണൂറ് കോടി ഡോളര്‍ വരുമാനം നേടുന്നതിന് ഇന്ത്യക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഇത് 400 കോടി ഡോളറാണ്. ആഗോള മെഡിക്കല്‍ ടൂറിസം രംഗത്ത് പതിനഞ്ചു ശതമാനമാണ് ഇന്ത്യയുടെ പങ്കെന്നാണ് കണക്കുകള്‍. കൂടാതെ, ഈ രംഗത്ത് പ്രതിവര്‍ഷം 15 ശതമാനം വളര്‍ച്ചയും നേടുന്നുണ്ട്. 2015 ല്‍ 2,33,918 മെഡിക്കല്‍ ടൂറിസ്റ്റുകള്‍ ഇന്ത്യയിലെത്തിയ സ്ഥാനത്ത് 2017 ല്‍ 4,95,056 പേരാണ് എത്തിച്ചേര്‍ന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഒമാനില്‍ നിന്നാണ് ഇന്ത്യയിലേക്ക് കൂടുതല്‍ മെഡിക്കല്‍ ടൂറിസ്റ്റുകള്‍ എത്തുന്നത്. രണ്ടാം സ്ഥാനം യു.എ.ഇക്കും മൂന്നാം സ്ഥാനം സഊദിക്കുമാണ്.
ഈയിടെ 13 ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാരും മാര്‍ക്കറ്റിങ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘത്തെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ കേരളാ ചാപ്റ്റര്‍ ഒമാനിലേക്ക് അയച്ചിരുന്നു. ഒപ്പം മസ്കത്തില് റോഡ് ഷോയും എക്സിബിഷനും നടത്തിയിരുന്നു. കൂടാതെ അടുത്തിടെ ദുബൈയില്‍ നടന്ന അറബ് ട്രാവല്‍ മാര്‍ട്ടിലെ ഇന്ത്യന്‍ പവലിയനിലും മെഡിക്കല്‍ ടൂറിസം മേഖലയിലെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."