ജനുവരിയില്‍ ക്ലാസ് ആരംഭം; അധ്യാപകരില്ലാത്ത ക്ലാസിലേക്ക് പ്ലസ്ടു വിദ്യാര്‍ഥികള്‍
നിലമ്പൂര്‍: ജനുവരി ഒന്നു മുതല്‍ ക്ലാസുകള്‍ തുടങ്ങാനിരിക്കെ പല വിഷയങ്ങളിലും അധ്യാപകരില്ലാത്തത് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കും.
ഇതുവരെ നടന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ സംശയ ദൂരീകരണവും പഠനാനുബന്ധ പ്രവര്‍ത്തനങ്ങളും പ്രാക്ടിക്കല്‍ ക്ലാസുകളും നടത്തുന്നതിനാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇരുപത്തഞ്ചോ അന്‍പതോ ശതമാനം കുട്ടികളെ സ്‌കൂളിലേക്ക് വരുത്താന്‍ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.
എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സ്ഥിരാധ്യാപകരില്ലാത്തതും പകരം ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാന്‍ നടപടിയെടുക്കാത്തതും കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുമെന്നുറപ്പാണ്. ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് കോമ്പിനേഷനുകളിലായി അന്‍പതിലധികം വിഷയങ്ങളുണ്ട്.
മിക്ക സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഒരു വിഷയം പഠിപ്പിക്കാന്‍ ഒരധ്യാപകന്‍ മാത്രമാണുള്ളത്. സ്ഥിരാധ്യാപകരുടെ കുറവ് ഏറെ അനുഭവപ്പെടുന്ന പ്രത്യേക വിഷയങ്ങളായ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജേണലിസം, സൈക്കോളജി, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, ഇംഗ്ലിഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, ഹോം സയന്‍സ്, ഫിലോസഫി, ഗാന്ധിയന്‍ സ്റ്റഡീസ്, ജോഗ്രഫി, ഇലക്ട്രോണിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മ്യൂസിക്, സംസ്‌കൃത സാഹിത്യം, ഭാഷാ വിഷയങ്ങളായ ഉറുദു, സംസ്‌കൃതം, കന്നട, തമിഴ് തുടങ്ങി നിരവധി ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ ഒരധ്യാപകന്‍ പോലുമില്ലാത്ത ക്ലാസുകളിലേക്കാണ് വിദ്യാര്‍ഥികള്‍ കടന്നുവരുന്നത്. ഇതുവരെയും പി.എസ്.സി നിയമനം നടക്കാത്ത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പോലുള്ള വിഷയങ്ങളില്‍ അധ്യാപനവും പഠനവുമെല്ലാം താല്‍ക്കാലികാധ്യാപകരാണ് നടത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."