പ്രസവിച്ചയുടനെ കുഞ്ഞിന്റെ അച്ഛനെന്ന അവകാശവാദവുമായി മൂന്നു പേര്‍; കൊല്‍ക്കത്ത ആശുപത്രിയില്‍ അപൂര്‍വ്വ പ്രതിസന്ധി
കൊല്‍ക്കത്ത: യുവതി ജന്മം നല്‍കിയ കുഞ്ഞിന്റെ അച്ഛനാണെന്ന അവകാശവാദവുമായി മൂന്ന് പേര്‍ രംഗത്തെത്തിയത് പുകിലായിരിക്കുകയാണ്. കൊല്‍ക്കത്തയിലെ ആശുപത്രിയിലാണ് സംഭവം. യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ തൊട്ടുപിറകെയാണ് മൂന്നുപേര്‍ അവകാശവാദവുമായി രംഗത്തെത്തിയത്.
പ്രശ്‌നം തീര്‍ക്കാനാവാതെ കുഴഞ്ഞ ആശുപത്രി അധികൃതര്‍ പൊലിസിന് വിളിച്ചു. പൊലിസെത്തി കുട്ടിയുടെ അച്ഛനെ കണ്ടെത്തുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.
ശനിയാഴ്ച രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. 21 കാരിയായ ഗര്‍ഭിണി ഐറിസ് ആശുപത്രിയില്‍ അവരുടെ മാതാവിനും ഒരു പുരുഷനുമൊപ്പം എത്തി. കൂടെയുണ്ടായിരുന്ന ആള്‍ യുവതിയുടെ ഭര്‍ത്താവാണെന്ന രീതിയില്‍ ഫോമുകള്‍ പൂരിപ്പിക്കുകയും ചെയ്തു. അഡ്വാന്‍സ് തുക ആശുപത്രിയില്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് പ്രസവമുറിയിലേക്ക് കൊണ്ടുപോയ യുവതി, ഞായറാഴ്ച രാവിലെ പ്രസവിക്കുകയും ചെയ്തു. പെണ്‍കുഞ്ഞിനാണ് യുവതി ജന്മം നല്‍കിയത്.
ഞായറാഴ്ച രണ്ടാമതൊരാള്‍ കൂടി എത്തുകയും യുവതിയെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. താനാണ് യുവതിയുടെ ഭര്‍ത്താവെന്ന് അവകാശപ്പെട്ടായിരുന്നു ഇത്. ഇതോടെ ആശുപത്രി അധികൃതര്‍ പ്രതിസന്ധിയിലായി. ഉടനെ പൊലിസിനെ വിളിക്കുകയും രണ്ടു പേരെയും യുവതിയില്‍ നിന്ന് അകറ്റുകയും ചെയ്തു. പൊലിസ് വന്നപ്പോള്‍, രണ്ടാമത്തെയാള്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് കാണിക്കുകയും ഒന്നാമത്തെയാള്‍ 'സുഹൃത്താ'ണെന്ന് സമ്മതിക്കുകയും ചെയ്തു.
അപ്പോഴും യുവതിയുടെ മാതാവ്, സര്‍ട്ടിഫിക്കറ്റുമായി വന്നയാളെ അറിയില്ലെന്ന് പറഞ്ഞത് പൊലിസിനെയും കുഴക്കി. തുടര്‍ന്ന് രണ്ടു പേരെയും പിടിച്ചുവയ്ക്കുകയും യുവതിയോട് ചോദിച്ച് കാര്യങ്ങള്‍ ചോദിച്ചറിയാനും പൊലിസ് തീരുമാനിച്ചു. ഇതെല്ലാം സംഭവിക്കുമ്പോള്‍ യുവതി അനസ്‌തേഷ്യയിലായിരുന്നു. അങ്ങനെ തിങ്കളാഴ്ച വരെ കാത്തിരുന്നു.
പക്ഷെ, തിങ്കളാഴ്ച മറ്റൊരു പ്രതിസന്ധി കൂടി കാത്തിരിക്കുന്നുണ്ടായിരുന്നു. കുഞ്ഞിനെ അച്ഛനാണെന്ന അവകാശവാദവുമായി മൂന്നാത്തൊരാള്‍ കൂടി രംഗത്തെത്തി. യുവതിയുടെ ഭര്‍ത്താവല്ലെന്നും കല്യാണം കഴിച്ചിട്ടില്ലെന്നും പറഞ്ഞ ഇയാള്‍, കുട്ടിയുടെ അച്ഛനാണെന്ന വാദമാണ് ഉന്നയിച്ചത്.
പിന്നീട് യുവതിയോട് സംസാരിക്കാനായി പൊലിസ് കാത്തിരിക്കുകയും ഡോക്ടര്‍മാര്‍ അനുവദിച്ചപ്പോള്‍ ചോദ്യം ചെയ്യുകയുമുണ്ടായി. തന്റെ ഭര്‍ത്താവ് രണ്ടാമനാണെന്ന് മറ്റൊന്നും ആലോചിക്കാതെ യുവതി പറഞ്ഞു. ഭര്‍ത്താവും കുട്ടിയുടെ അച്ഛനും അയാള്‍ തന്നെയാണ് യുവതി പറഞ്ഞതോടെ പൊലിസ് മറ്റു രണ്ടുപേരെയും ഒഴിവാക്കി.
കഴിഞ്ഞ ഏപ്രിലിലാണ് രണ്ടു പേരും വിവാഹിതരായത്. എന്നാല്‍ ഭര്‍ത്താവിന്റെ കുടുംബം യുവതിയെ അംഗീകരിച്ചിരുന്നില്ല. തന്നെ ഇയാള്‍ പീഡിപ്പിച്ചെന്നു കാണിച്ച് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് യുവതിയെ ഇയാള്‍ വിവാഹം ചെയ്തത്. ഈ കേസില്‍ ഭര്‍ത്താവ് ജയിലിലും ആയിരുന്നു.
ക്ലബ്ബില്‍ വച്ച് പരിചയപ്പെട്ട ഇരുവരും തമ്മില്‍ ബന്ധപ്പെടുകയും യുവതി ഗര്‍ഭിണിയാവുകയും ചെയ്തിരുന്നു. എന്നാല്‍ ഉടന്‍ തന്നെ വിവാഹം ചെയ്യാനാവില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് പിന്തിരിയാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് യുവതി പരാതിയുമായി എത്തിയത്. തുടര്‍ന്ന് നിയമപ്രകാരം വിവാഹം ചെയ്യാന്‍ ഇയാള്‍ തയ്യാറായി. എന്നാല്‍ ഇരുവരും വേറെ വേറെയാണ് താമസിച്ചിരുന്നത്. പ്രസവശേഷം യുവതി വാട്‌സ്ആപ്പില്‍ ഇട്ട സ്റ്റാറ്റസ് കണ്ടാണ് താന്‍ അച്ഛനായ വിവരം അറിഞ്ഞതെന്ന് ഭര്‍ത്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."