മുക്കം നഗരസഭ ഇടതിന്:എല്‍.ഡി.എഫിലെ പി.ടി ബാബു ചെയര്മാന്
മുക്കം: ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മുക്കം നഗരസഭയെ സി.പി.എമ്മിലെ പി.ടി ബാബു നയിക്കും. ഇന്ന് രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ 16 വോട്ടുകള്‍ നേടിയാണ് ബാബു വിജയിച്ചത്. മുസ്ലിം ലീഗിലെ കൃഷ്ണണന്‍ വടക്കയിലായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി. 33 അംഗ നഗരസഭ കൗണ്‍സിലില്‍ വിജയിക്കാന്‍ 17 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്.
എന്നാല്‍ ബി.ജെ.പിയുടെ രണ്ടംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എല്‍.ഡി.എഫിലെ 15 അംഗങ്ങളും യു.ഡി.എഫ് വിമതന് മുഹമ്മദ് അബ്ദുല്‍ മജീദും പി.ടി ബാബുവിനെ പിന്തുണക്കുകയായിരുന്നു. യു.ഡി.എഫിലെ 11 അംഗങ്ങളുടേയും മൂന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അംഗങ്ങളുടേയും പിന്തുണ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കും ലഭിച്ചു. യു.ഡി.എഫിലെ എം.കെ യാസറിന്റെ വോട്ട് അസാധുവായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ചര്‍ച്ചയായ നഗരസഭയാണ് മുക്കം. വെല്‍ഫെയര്‍ പാര്‍ട്ടി- യു.ഡി.എഫ് സഖ്യമാണ് മുക്കം നഗരസഭയെ സംസ്ഥാന തലത്തില്‍ തന്നെ ഏറെ ചര്‍ച്ചയാക്കിയിരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മത്സരിച്ച മൂന്ന് സീറ്റിലും വെല്‍ഫെയര്‍ പാര്‍ട്ടി വിജയിച്ചെങ്കിലും യു.ഡി.എഫിന് കാര്യമായ നേട്ടമുണ്ടായില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."