സാമൂഹ്യ നീതി വകുപ്പ് ഇടപെട്ടു
ചേവായൂര്‍: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അനാഥരെ കാണാന്‍ ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയും സാമൂഹ്യ നീതി വകുപ്പും ആശുപത്രിയിലെത്തി.
ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം.പി ജയരാജ്, സാമൂഹ്യ നീതിവകുപ്പ് ഓഫിസര്‍ അനീറ്റ, പി.എല്‍.വി മാരായ ഗണേഷ്, എം. സുധാകരന്‍, പ്രേമന്‍ പരന്നാട്ടില്‍, പി. ജിതേഷ് എന്നിവരടങ്ങിയ സംഘമാണ് മെഡിക്കല്‍ കോളജിലെത്തിയത്. രോഗികളെ തിരിഞ്ഞു നോക്കാത്ത ബന്ധുക്കള്‍ക്കെതിരേ നടപടിയെടുക്കുമെന്നും തീര്‍ത്തും അനാഥരായവരെ സംരക്ഷിക്കുമെന്നും സംഘത്തെ നയിച്ച ജയരാജും അനീറ്റയും പറഞ്ഞു. അനാഥരായ 25ഓളം പേര്‍ ചികിത്സ തേടുന്നതായാണ് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ 25ഓളം രോഗികളില്‍ ഒരാശ്രയവുമില്ലാത്തവര്‍ 13പേരാണെന്നാണ് സംഘത്തിന്റെ കണ്ടെത്തല്‍. ഇതില്‍ത്തന്നെ ആറുപേര്‍ ബന്ധുക്കളുള്ളവരാണ്. രോഗികളെ കൈയൊഴിഞ്ഞ ബന്ധുക്കള്‍ക്കെതിരേ നടപടിയെടുക്കുമെന്നും അനാഥരായ ഏഴുപേര്‍ക്ക് സംരക്ഷണമൊരുക്കുമെന്നും ഇവര്‍ പറഞ്ഞു. നടപടിയെന്തെന്ന് പിന്നീട് തീരുമാനിക്കും. ബന്ധുക്കളില്ലാത്ത ആദിവാസി രോഗികളുടെ സംരക്ഷണത്തിന് നിലവില്‍ സംവിധാനമുണ്ട്. വല്ലപ്പോഴും ബന്ധുക്കള്‍ സന്ദര്‍ശിക്കുന്ന രോഗികളെ അവരെയേല്‍പ്പിക്കും. ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേരുടെ ബന്ധുക്കളുമായി ബന്ധപ്പെടാന്‍ ശ്രമിക്കും.സംരക്ഷിക്കാന്‍ ബന്ധുക്കളില്ലാത്ത ഏഴുപേരെ സര്‍ക്കാരുമായി ബന്ധപ്പെട്ട് സംരക്ഷണമേര്‍പ്പെടുത്തും. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അനാഥരായ 25ഓളം രോഗികള്‍ ചികിത്സ തേടുന്നതായി സുപ്രഭാതം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രാവിലെ 11 മണിയോടെ ആശുപത്രിയിലെത്തിയ സംഘം നാലുമണിക്കൂര്‍ സമയമാണ് രോഗികളുമായി സംസാരിച്ചത്. ജനറല്‍ മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോ എന്നീ വിഭാഗങ്ങളില്‍ എട്ടോളം വാര്‍ഡുകളില്‍ കയറി സംഘം തെളിവെടുപ്പ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."