HOME
DETAILS
MAL
സഊദിയിൽ ഇഖാമ പുതുക്കണമെങ്കിൽ താമസ സ്ഥലം ഈജാറിൽ രജിസ്‌റ്റർ ചെയ്യണമെന്ന വ്യവസ്ഥ ഉടൻ പ്രാബല്യത്തിൽ വരും
backup
December 28 2020 | 09:12 AM
റിയാദ്: സഊദിയിൽ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കണമെങ്കിൽ താമസ സ്ഥലം രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം ജനുവരിയോടെ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ടുകൾ. ഇതേ തുടർന്ന് ഈജാർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാനായി വിദേശികൾ ശ്രമം ശക്തമാക്കി. ജനുവരി ഒന്നു മുതലാണ് പുതിയ വ്യവസ്ഥ നിലവില്‍ വരികയെന്ന് ആദ്യം വ്യക്തമാക്കിയിരുന്നുവെങ്കിലും പിന്നീട് സമയം സംബന്ധിച്ച് മന്ത്രാലയത്തില്‍നിന്ന് വിശദീകരണമുണ്ടായിട്ടില്ല. അതേസമയം, തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് അറിയിപ്പുകള്‍ സ്ഥാപനങ്ങളുടെ തൊഴില്‍ സേവന വെബ്‌സൈറ്റുകളില്‍ മന്ത്രാലയം നല്‍കിവരുന്നുണ്ട്. ഇതിന്റെ ചുവട് പിടിച്ച് സ്ഥാപനങ്ങള്‍ വിദേശ ജീവനക്കാര്‍ക്ക് ഈജാര്‍ രേഖകള്‍ ഹാജരാക്കാന്‍ കമ്പനികൾ നിർദേശം നൽകിക്കഴിഞ്ഞു.
സുപ്രഭാതം ഓൺലൈൻ നേരത്തെ തന്നെ ഇത് റിപ്പോർട്ട് ചെയ്തിരുന്നു.
തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ പാർപ്പിടകാര്യ മന്ത്രാലയത്തിനു കീഴിലെ ഈജാർ നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്യണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നേരത്തെ തന്നെ കമ്പനികളോട് ആവശ്യപ്പട്ടിരുന്നു. ഈജാർ സംവിധാനത്തിൽ നിങ്ങളുടെ കീഴിലെ തൊഴിലാളികളുടെ പാർപ്പിട സ്ഥലം രജിസ്റ്റർ ചെയ്യണമെന്നും രജിസ്‌ട്രേഷൻ പൂർത്തീകരിക്കാതെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കുകയില്ലെന്നുമാണ് മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കുന്നത്. ഇതിനു പിന്നാലെ കമ്പനികൾ തങ്ങളുടെ കീഴിൽ പുറത്ത് താമസിക്ക്ന്ന തൊഴിലാളികളോട് താമസ സ്ഥലങ്ങൾ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ അടക്കം സ്വകാര്യ മേഖലയിലെ മുഴുവൻ സ്ഥാപനങ്ങളും തങ്ങൾക്കു കീഴിലെ തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ പാർപ്പിടകാര്യ മന്ത്രാലയത്തിനു കീഴിലെ ഈജാർ നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്യണമെന്നാണ് മന്ത്രാലയം നിർദേശം നൽകിയത്. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള, വ്യക്തിഗതവും കൂട്ടായുള്ളതുമായ താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്ഥാപനങ്ങൾക്കുള്ള ഈജാർ നെറ്റ്‌വർക്കിലെ ഗ്രൂപ്പ് ഹൗസിംഗ് പ്ലാറ്റ്‌ഫോം വെളിപ്പെടുത്തും. സ്ഥാപനങ്ങൾ പാലിക്കേണ്ട വ്യക്തവും നിർണിതവുമായ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തൊഴിലാളികളുടെ ജോലി സാഹചര്യങ്ങൾക്ക് നിരക്കുന്ന അനുയോജ്യമായ താമസ സൗകര്യങ്ങൾ ലഭ്യമാണെന്ന് ഉറപ്പു വരുത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളെ വിലയിരുത്തുകയും ചെയ്യും. 2018 ലാണ് ഈജാറില്‍ താമസ കേന്ദ്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ നിലവില്‍ വന്നത്. എന്നാല്‍ താമസ കേന്ദ്രങ്ങളുടെ രജിസ്‌ട്രേഷന്‍ ഇഖാമ പുതുക്കലടക്കമുള്ള മാനവശേഷി മന്ത്രാലയ സേവനങ്ങളുമായി ബന്ധപ്പെടുത്തുന്നത് ഇതാദ്യമാണ്.
കൂട്ടായ പാർപ്പിടത്തിനുള്ള താമസ സ്ഥലങ്ങൾ വ്യവസ്ഥാപിതമാക്കൽ, ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോധനാ ആവശ്യങ്ങൾക്കും മറ്റും പാർപ്പിട സ്ഥലങ്ങൾ നിർണയിക്കൽ, തൊഴിലാളികൾക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്താൻ സ്ഥാപനങ്ങളെ പ്രാപ്തമാക്കൽ എന്നിവ അടക്കമുള്ള പൊതുവായ ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കാനും പ്ലാറ്റ്‌ഫോം ഉപകരിക്കുമെന്നാണ് അധികൃതർ കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."