മണ്ണുത്തിയില്‍ അഞ്ചുലക്ഷത്തിന്റെ കള്ളനോട്ട് പിടികൂടി
തൃശൂര്‍: മണ്ണുത്തിയില്‍ വന്‍ കള്ളനോട്ട് വേട്ട. പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നൂറിന്റെയും അന്‍പതിന്റെയും അടക്കം അഞ്ചുലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. തൃശൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ടി.നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. സംഭവത്തില്‍ ദമ്പതികളും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയും അടക്കം നാലുപേരെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സേലം ഹസംപ്പെട്ടി സ്വദേശികളായ ദമ്പതികളായ മുരുകേശന്‍, നിര്‍മല, വാഹനത്തിന്റെ ഡ്രൈവര്‍ വെങ്കിടേശ്, കള്ളനോട്ടിന്റെ ഏജന്റായ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച ഇവര്‍ പാലക്കാട് വടക്കാഞ്ചേരിയിലെ കടയില്‍നിന്ന് വലിയതോതില്‍ സാധനങ്ങള്‍ വാങ്ങിയിരുന്നു. ഇവര്‍ കൊടുത്ത പണം കള്ളനോട്ടാണെന്ന് സംശയംതോന്നിയതിനെ തുടര്‍ന്ന് കടയിലുള്ളവര്‍ ഹൈവേ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മണ്ണുത്തി പൊലിസും ഹൈവേ പൊലിസും ചേര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കോര്‍പ്പിയോ വാഹനം തടഞ്ഞുനിര്‍ത്തുകയും ഒളിപ്പിച്ചുവച്ച നിലയില്‍ നാലരലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെടുക്കുകയുമായിരുന്നു. കള്ളനോട്ട് നിര്‍മാണത്തിന് ഉപയോഗിച്ച കംപ്യൂട്ടര്‍, പ്രിന്റര്‍, സ്‌കാനര്‍, മഷികള്‍, സുരക്ഷാനൂലുകള്‍, പേപ്പറുകള്‍ എന്നിവയും കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."