ദസറ ആഘോഷത്തിനൊരുങ്ങി മൈസൂരു നഗരം
മൈസൂരു: കര്‍ണാടകയിലെ പ്രധാന ഉത്സവമായ മൈസൂരു ദസറ ആഘോഷത്തിന് ഈ മാസം 10ന് തുടക്കമാകും. ദസറയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി മൈസൂരു ഡെപ്യൂട്ടി കമ്മിഷണര്‍ അഭിരാം ജി. ശങ്കര്‍ അറിയിച്ചു. തിരക്കു കുറയ്ക്കാനായി ഇക്കുറി രണ്ട് ജംബോ സവാരി ഒരുക്കും.
14ന് റിഹേഴ്‌സല്‍ സവാരി നടത്തും. മൈസൂരു അംബാവിലാസ് കൊട്ടാരം മുതല്‍ ബന്നി മണ്ഡപ് വരെയുള്ള റിഹേഴ്‌സല്‍ ജംബോ സവാരിയില്‍ വിവിധ കലാരൂപങ്ങളുടെ അവതരണവും ഉണ്ടാകും. അംബാരി ആനയായ അര്‍ജുനയുടെ പുറത്ത് സുവര്‍ണസിംഹാസനത്തിന്റെ മാതൃക പ്രതിഷ്ഠിച്ചാണ് ജംബോ സവാരി. സമാപനദിനമായ 19ന് 750 കിലോഗ്രാം ഭാരമുള്ള സുവര്‍ണ സിംഹാസനത്തില്‍ മൈസൂരു രാജകുടുംബത്തിന്റെ അവകാശി യദുവീര്‍ കൃഷ്ണദത്ത ചാമരാജ വൊഡയാര്‍ ജംബോ സവാരിക്ക് നേതൃത്വം നല്‍കും.
10നു രാവിലെ ഒന്‍പതിന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി മൈസൂരു രാജകൊട്ടാരത്തില്‍ ദസറയ്ക്കു തുടക്കംകുറിച്ചു തിരിതെളിക്കും. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ 15 വേദികളിലാണ് 10 ദിവസം നീളുന്ന ആഘോഷം. അഞ്ചുലക്ഷം വൈദ്യുതി ദീപങ്ങളാല്‍ അലങ്കരിക്കുന്ന മൈസൂരു രാജകൊട്ടാരമാണ് ദസറ ആഘോഷത്തിന്റെ പ്രധാന വേദി. പത്തുദിവസത്തെ ആഘോഷത്തിന് കര്‍ണാടക സര്‍ക്കാര്‍ ചെലവഴിക്കുന്നത് 150 കോടി രൂപയാണ്. ഈ വര്‍ഷം ഒരു കോടിയിലധികം സഞ്ചാരികള്‍ ആഘോഷത്തിന് എത്തുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകര്‍ പറഞ്ഞു. പ്രധാന ആഘോഷദിനമായ 19ന് കേന്ദ്ര മന്ത്രിമാര്‍, ഗവര്‍ണര്‍, സുപ്രിംകോടതി ജഡ്ജിമാര്‍, വിവിധ രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ തുടങ്ങിയവര്‍ നഗരത്തില്‍ എത്തും.
മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര, വിദ്യാഭ്യാസമന്ത്രി ജി.ടി ദേവഗൗഡ, ടൂറിസം മന്ത്രി സാറ മഹേഷ് തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലെ പരിപാടിക്കു നേതൃത്വം നല്‍കും. ഭക്ഷ്യമേള, പൊലിസ് ബാന്‍ഡ് പ്രദര്‍ശനം, ട്രേഡ് ഫെയര്‍, ലേസര്‍ ഷോ, ഫ്‌ളവര്‍ഷോ, കലാപരിപടികള്‍ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമാണ്. സഞ്ചാരികള്‍ക്ക് വിവിധ വേദികളില്‍ എത്തുന്നതിന് കര്‍ണാടക എസ്.ആര്‍.ടി.സി പ്രത്യേക ബസ് സൗകര്യവും ഏര്‍പ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."