സി.പി.ഐയുടേത് ഇടതുമുന്നണിയെ ശക്തിപ്പെടുത്താനുള്ള ഇടപെടല്‍: സുധാകര്‍ റെഡ്ഢി
തിരുവനന്തപുരം: കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമം സി.പി.ഐ നടത്തിയിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഢി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സി.പി.എമ്മുമായി തര്‍ക്കത്തിലല്ല. ഞങ്ങള്‍ ഇടതുമുന്നണിയുടെ ഭാഗമാണ്. അതിനാല്‍ മുന്നണിയെ ശക്തിപ്പെടുത്താനുള്ള ഇടപെടലാണുണ്ടാവുന്നത്. സ്വതന്ത്ര രാഷ്ട്രീയകക്ഷി എന്ന നിലയില്‍ വിവിധ വിഷയങ്ങളില്‍ പാര്‍ട്ടിക്ക് അഭിപ്രായങ്ങളുണ്ടാകും. മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ ആവശ്യമില്ലായിരുന്നു.
മുന്നണി തെറ്റുകളിലേക്ക് പോകാതിരിക്കാനുള്ള തിരുത്തല്‍ ഇടപെടലുകളാണ് പാര്‍ട്ടി നടത്തുന്നത്. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനുള്ള പാര്‍ട്ടിതല ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടത്തിയിട്ടുണ്ട്. കേരളത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും.രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ 17 രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ ഒത്തുചേര്‍ന്നത് നല്ല തുടക്കമാണ്.
ബി.ജെ.പി, ആര്.എസ്.എസ് ശക്തികള്‍ ഉയര്‍ത്തുന്ന വര്‍ഗീയ പിന്തിരിപ്പന് സമീപനങ്ങള്‍ക്കെതിരേ ഇത്തരമൊരു വിശാല ഐക്യനിര ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."