പോത്തിനെ പരസ്യമായി അറുത്ത് ഇറച്ചി വിതരണം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
കണ്ണൂര്‍: പോത്തിനെ പരസ്യമായി അറുത്ത് ഇറച്ചി വിതരണം ചെയ്തതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്.
യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കേസ്. ജുഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) ആന്റണിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കേരളാ പൊലിസ് ആക്ട് 120 എ പ്രകാരം കണ്ണൂര്‍ സിറ്റി പൊലിസാണ് കേസെടുത്തത്. ഒരുവര്‍ഷം തടവോ 5,000 രൂപ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന കുറ്റമാണിത്. എന്നാല്‍, ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് പൊലിസ് ചുമത്തിയത്.
പരസ്യമായി മൃഗത്തെ കശാപ്പുചെയ്തതിനു സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കന്നുകാലികളെ അറവിനായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരേ ശനിയാഴ്ച വൈകിട്ടാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കണ്ണൂര്‍ സിറ്റി സെന്‍ട്രലില്‍ മാംസം വിതരണംചെയ്തത്.
പൊതുസ്ഥലത്ത് മൃഗത്തെ കശാപ്പുചെയ്ത് ഭീകരത സൃഷ്ടിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സി.സി രതീഷ് കണ്ണൂര്‍ സിറ്റി പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലിസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി കേസെടുക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."