യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: ബ്രൂവറി അഴിമതി ആരോപണത്തില്‍ മന്ത്രി ടി.പി രാമകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലിസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. ഇരുപതോളം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ് ഉദ്ഘാടനം ചെയ്തു. അഴിമതി ആരോപണം സംബന്ധിച്ച് ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ യൂത്ത് കോണ്‍ഗ്രസ് ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ പെട്ടിക്കട തുറക്കുന്ന ലാഘവത്തോടെയാണ് പിണറായി സര്‍ക്കാര്‍ തുറക്കുന്നത്. തെരഞ്ഞെടുപ്പുകാലത്ത് എല്‍.ഡി.എഫും മദ്യലോബികളും തമ്മിലുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിന് പിന്നില്‍. സംസ്ഥാനത്ത് അതിരഹസ്യമായി മദ്യോല്‍പാദന കേന്ദ്രങ്ങള്‍ അനുവദിച്ചതില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും മഹേഷ് ആവശ്യപ്പെട്ടു.
ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും കോലങ്ങള്‍ കത്തിച്ചു. തുടര്‍ന്ന് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലിസ് പ്രവര്‍ത്തകര്‍ക്കു നേരെ രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്നും പ്രതിഷേധിച്ച പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്. തിരുവനന്തപുരം ജില്ലാ നേതാവ് വിനോദ് യേശുദാസ് അധ്യക്ഷനായി. നേതാക്കളായ എസ്.എം ബാലു, ജി. ലീന, എന്‍.എസ് നുസൂര്‍, തിരുവല്ലം പ്രസാദ് സംബന്ധിച്ചു. ബ്രൂവറി, ഡിസ്റ്റിലറി അഴിമതി ആരോപണത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, മന്ത്രി ടി.പി രാമകൃഷ്ണന്‍ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."