നഗര ഭരണങ്ങള്‍ ഇനി ഇവരുടെ കൈകളില്‍: കോര്‍പറേഷന്‍ -നഗരസഭാ അധ്യക്ഷന്‍മാര്‍ അധികാരമേറ്റു
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളിലും ഇടതുഭരണം. വര്‍ക്കല, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, നെടുമങ്ങാട് എന്നിവയാണ് ജില്ലയിലെ മുനിസിപ്പാലിറ്റികള്‍. വിമതഭീഷണി നിലനിന്നിരുന്ന വര്‍ക്കലയിലും അനിശ്ചിതത്വം നിലനിന്നിരുന്ന നെയ്യാറ്റിന്‍കരയിലുമടക്കം ഭൂരിപക്ഷം നേടിയാണ് ഇടതുപക്ഷ അധ്യക്ഷന്മാര്‍ അധികാരമുറപ്പിച്ചത്.
വര്‍ക്കല, നെടുമങ്ങാട് മുന്‍സിപ്പാലിറ്റികളില്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. ആറ്റിങ്ങലില്‍ വൈകിയെത്തിയ ബി.ജെ.പി അംഗത്തെ പുറത്ത് നിര്‍ത്തി.
കൊല്ലം കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ഓരോ വോട്ടുകള്‍ അസാധുവായി. മേയര്‍ തെരഞ്ഞെടുപ്പില്‍ ഒന്‍പത് അംഗങ്ങളുള്ള യു.ഡി.എഫും (കോണ്‍ഗ്രസ്-6, ആര്‍.എസ്.പി-3) അറ് അംഗങ്ങളുള്ള ബി.ജെ.പി.യും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ഥിയായിരുന്ന ഷൈലജക്ക് അഞ്ച് വോട്ടാണ് ലഭിച്ചത്. ബി.ജെ.പി അംഗം സജിതാനന്ദിന്റെ വോട്ട് അസാധുവായി.
കോട്ടയത്ത് ആറില്‍ അഞ്ച് നഗരസഭകളിലും ഭരണം നേടി യു.ഡി.എഫിന്റെ ശക്തിതെളിയിക്കല്‍. കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട നഗരസഭകളില്‍ യു.ഡി.എഫ് ഭരണ തുടര്‍ച്ച നിലനിര്‍ത്തി. വൈക്കം നഗരസഭ ഭരണം എല്‍.ഡി.എഫില്‍ പിടിച്ചെടുക്കുകയും ചെയ്തു. കേരള കോണ്‍ഗ്രസ് (എം) ജോസ് പക്ഷത്തിന്റെ മുന്നണി മാറ്റത്തോടെ പാലാ നഗരസഭ ഭരണം മാത്രമാണ് യു.ഡി.എഫിന് നഷ്ടമായത്.
പാലായില്‍ എല്‍.ഡി.എഫില്‍ എത്തിയ കേരള കോണ്‍ഗ്രസ് (എം) ജോസ് പക്ഷം ചെയര്‍മാന്‍ സ്ഥാനം നിലനിര്‍ത്തി. അത്യന്തം നാടകീയത നിലനിന്ന കോട്ടയം നഗരസഭയില്‍ ഭരണം തുലാസിലായതോടെ നറുക്കെടുപ്പിലൂടെയാണ് ഭാഗ്യം യു.ഡി.എഫിനെ തുണച്ചത്. കോണ്‍ഗ്രസ് വിമതയായി ജയിച്ച ബിന്‍സി സെബാസ്റ്റ്യന്‍ നറുക്കെടുപ്പിലൂടെ യു.ഡി.എഫ് ചെയര്‍പേഴ്സണായി. വൈസ് ചെയര്‍മാന്‍ സ്ഥാനവും യു.ഡി.എഫിനാണ്. ചങ്ങനാശ്ശേരിയില്‍ സ്വതന്ത്രയെ ചെയര്‍പേഴ്‌സണാക്കി യു.ഡി.എഫ് ഭരണം പിടിച്ചു. ഭരണം നിലനിര്‍ത്തിയ ഈരാറ്റുപേട്ടയില്‍ മുസ്്‌ലിം ലീഗിലെ സുറഹ അബ്ദുല്‍ഖാദര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റുമാനൂരും യു.ഡി.എഫ് ഭരണം നിലനിര്‍ത്തി.
ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ച പാലക്കാട് നഗരസഭയില്‍ ആദ്യാവസാനം വരെ നടന്ന നാടകീയതക്കൊടുവില്‍ പുതുമുഖമായ കെ.പ്രിയ അനില്‍ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു.
52 വാര്‍ഡുകളുള്ള നഗരസഭയില്‍ 28 വാര്‍ഡുകളില്‍ വിജയിച്ച ബി.ജെ.പി ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയിരുന്നു.
കോഴിക്കോട് നഗരത്തിന്റെ ഭരണത്തിന് ചുക്കാന്‍ പിടിക്കുന്നത് ഇനി ബീന ടീച്ചര്‍. പൂരത്തിന്റെ നാടായ തൃശൂരുകാരിയാണ് ഡോ.ബീന ഫിലിപ്പ് എങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം കോഴിക്കോട്ടാണ്. തൃശൂര്‍ മനന്താനത്ത് പരേതനായ എം.ജെ ഫിലിപ്പിന്റെയും സാറയുടെയും മകളാണ് 62 കാരിയായ ബീന. അച്ഛന്‍ സി.പി.എം പ്രവര്‍ത്തകനും പ്രാദേശിക നേതാവുമായിരുന്നു.
ഫറോക്ക് നഗരസഭയില്‍ ലീഗ് പ്രതിനിധി എന്‍.സി അബ്ദുല്‍ റസാക്കിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു.
രാമനാട്ടുകര നഗരസഭയില്‍ ലീഗ് പ്രതിനിധി ബുഷ്‌റ റഫീഖിനെ തെരഞ്ഞെടുത്തു. കൊടുവള്ളിയില്‍ മുസ്ലീം ലീഗിന്റെ വെള്ളറ അബ്ദുവാണ് ചെയര്‍മാന്‍. പയ്യോളി നഗരസഭയില്‍ യു.ഡി.എഫിലെ വടക്കയില്‍ ഷെഫീഖാണ് ചെയര്‍മാന്‍.
എന്നാല്‍ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മുക്കം നഗരസഭയെ സി.പി.എമ്മിലെ പി.ടി ബാബു നയിക്കും. വെല്‍ഫെയര്‍ പാര്‍ട്ടി- യു.ഡി.എഫ് സഖ്യം മൂലം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ചര്‍ച്ചയായ നഗരസഭയാണ് മുക്കം. മത്സരിച്ച മൂന്ന് സീറ്റിലും വെല്‍ഫെയര്‍ പാര്‍ട്ടി വിജയിച്ചെങ്കിലും യു.ഡി.എഫിന് കാര്യമായ നേട്ടമുണ്ടായില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇന്നലെ രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ 16 വോട്ടുകള്‍ നേടിയാണ് ബാബു വിജയിച്ചത്.
യു.ഡി.എഫിലെ എം.കെ യാസറിന്റെ വോട്ട് അസാധുവായി.
യു.ഡി.എഫിനു ഭരണം ലഭിച്ച കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി കോണ്‍ഗ്രസിലെ ടി.ഒ മോഹനനെ (55) തെരഞ്ഞെടുത്തു. 2013 മുതല്‍ കെ.പി.സി.സി അംഗമായ മോഹനന്‍ കഴിഞ്ഞ കൗണ്‍സിലില്‍ കോര്‍പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."