പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി; സെന്‍കുമാര്‍ വീണ്ടും കോടതിയിലേക്ക്
തിരുവനന്തപുരം: സംസ്ഥാന പൊലിസ് മേധാവി സെന്‍കുമാറും സര്‍ക്കാരും വീണ്ടും നിയമ യുദ്ധത്തിന്. പൊലിസ് ട്രെയിനിങ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഗോപാലകൃഷ്ണനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്കി. ഇതേത്തുടര്‍ന്ന് സര്‍ക്കാരിനെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് സെന്‍കുമാര്‍.
2006ല്‍ മനുഷ്യാവകാശ കമ്മിഷനില്‍ ഡിവൈ.എസ്.പിയായിരുന്ന പ്പോള്‍ അവിടെ ഐ.ജി യായിരുന്ന സെന്‍കുമാര്‍ മാനസികമായി പീഡിപ്പിക്കുകയും വ്യാജ റിപ്പോര്‍ട്ടുകള്‍ നല്‍കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി 2012ലാണ് ഗോപാലകൃഷ്ണന് പരാതി നല്‍കിയത്. നിലവില്‍ പൊലിസ് ആസ്ഥാനത്തെ എസ്.പിയാണ് ഗോപാലകൃഷ്ണന്.
അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടപടിയെടുക്കുന്നത് തടഞ്ഞിരുന്നു. സെന്‍കുമാര്‍ ഡി.ജി.പിയായി രണ്ടാംവട്ടം എത്തിയതിനുപിന്നാലെയാണ് ഈ ഫയല്‍ പൊങ്ങിയത്. സെന്‍കുമാറിനെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം. സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയതോടെ സെന്‍കുമാറിനെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യും. എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതിനുശേഷം പ്രോസിക്യൂഷന് അനുമതി തേടുന്നതാണ് സാധാരണ കീഴ്വഴക്കം. എന്നാല്‍, സെന്‍കുമാറിന്റെ കാര്യത്തില്‍ ഇത് പാലിക്കപ്പെട്ടില്ല. ജൂണ്‍ 30ന് സെന്‍കുമാര്‍ വിരമിക്കാനിരിക്കെയാണ് നാടകീയ നീക്കങ്ങള്‍. സെന്‍കുമാര്‍ ചുമതലയേറ്റതിനുശേഷം ഗോപാലകൃഷ്ണന് അവധിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."