ദുരിതബാധിതരോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നു: കുഞ്ഞാലിക്കുട്ടി
താമരശ്ശേരി: കരിഞ്ചോല ദുരിതബാധിതരോട് സംസ്ഥാന സര്‍ക്കാര്‍ വിവേചനം കാണിക്കുന്നതായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ആരോപിച്ചു. എല്ലാ ദുരന്തങ്ങളിലെയും ഇരകളെ ഒരേ സമീപനത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. 'മുറിവുണങ്ങാത്ത കരിഞ്ചോലക്കൊപ്പം' പ്രമേയത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ താമരശേരിയില്‍ സംഘടിപ്പിച്ച രാപകല്‍ സമരം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലയിടങ്ങളിലെ ദുരന്തബാധിതര്‍ക്ക് വലിയ തുക നഷ്ടപരിഹാരമായി അനുവദിക്കുമ്പോള്‍ മറ്റിടങ്ങളില്‍ ഒന്നും നല്‍കാത്ത അവസ്ഥയാണുള്ളത്. ഓഖി പോലുള്ള ദുരന്തത്തില്‍പെട്ടവരുടെ ആശ്രിതര്‍ക്ക് വലിയതുക നഷ്ടപരിഹാരം നല്‍കിയപ്പോള്‍ കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല മലയിലടക്കമുള്ള ദുരിതബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാത്തത് മനുഷ്യത്വരഹിതവും ക്രൂരതയുമാണ്.
സംസ്ഥാനത്തു പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ആരംഭിച്ച പണപ്പിരിവ് ഇപ്പോഴും തുടരുകയാണ്. പിരിച്ച തുക ദുരിതബാധിതര്‍ക്ക് സമയബന്ധിതമായി എത്തിച്ചു നല്‍കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. 10,000 രൂപ നഷ്ടപരിഹാരം ലഭിക്കാത്ത നിരവധി പേര്‍ ഇപ്പോഴുമുണ്ട്. ഈ യുഗത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മുഴുവന്‍ പ്രളയംകൊണ്ട് തീര്‍ക്കാനുള്ള സര്‍ക്കാര്‍ നയം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല അധ്യക്ഷനായി. ജന. സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, സി. മോയിന്‍കുട്ടി, വി.എം ഉമ്മര്‍ മാസ്റ്റര്‍, സി.പി ചെറിയമുഹമ്മദ്, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, നാസര്‍ എസ്റ്റേറ്റ്മുക്ക്, നജീബ് കാന്തപുരം, എസ്.പി കുഞ്ഞമ്മദ്, അഹമ്മദ് പുന്നക്കല്‍, യു.സി രാമന്‍, വി.കെ ഹുസൈന്‍കുട്ടി, കെ. മൊയ്തീന്‍കോയ, സൂപ്പി നരിക്കാട്ടേരി, അഡ്വ. പി. കുല്‍സു, ഷറഫുന്നിസ ടീച്ചര്‍, സി.പി.എ അസീസ് മാസ്റ്റര്‍, വി.പി ഇബ്രാഹിം കുട്ടി, വി.എം സുരേഷ് ബാബു, സമദ് പൂക്കാട്, ഇ.പി ബാബു, എം.എ ഗഫൂര്‍, സി.കെ കാസിം, ടി.കെ മുഹമ്മദ് മാസ്റ്റര്‍, കെ.വി അബ്ദുറഹിമാന്‍, കെ. അഷ്‌റഫ് മാസ്റ്റര്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, പി.എസ് മുഹമ്മദലി, ഹാഫിസുറഹ്മാന്‍, ഹാജറ കൊല്ലരുകണ്ടി, റഫീഖ് കൂടത്തായി, പ്രേംജി ജെയിംസ്, ബിജു കണ്ണന്തറ, അനില്‍ ജോര്‍ജ് , നവാസ് ഈര്‍പ്പോണ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."