കേരളത്തില്‍ സദാചാര പൊലിസ് വളര്‍ന്നുവരുന്നത് ആശങ്കാജനകം: വനിതാ കമ്മിഷന്‍
പൊലിസിനെതിരേയും രൂക്ഷവിമര്‍ശനം
കോഴിക്കോട്: സംസ്ഥാനത്ത് സദാചാര പൊലിസ് വളര്‍ന്നു വരുന്നത് ആശങ്കാജനകമാണന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം. സി ജോസഫൈന്‍. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
സ്ത്രീകളുടെയും പുരുഷന്‍മാരുടെയും സ്വാഭാവിക ഇടപെടലുകളെ തെറ്റായി വ്യാഖ്യാനിക്കുകയും വ്യക്തികള്‍ നിയമം കൈയിലെടുക്കുകയും ചെയ്യുന്നത് അനുവദിക്കാനാകില്ല. വയനാട് അമ്പലവയലില്‍ നടന്നത് കിരാതമായ സംഭവമാണ്. പൊലിസിന്റെ അനാസ്ഥയാണ് ഇതിനു പിന്നിലുള്ളത്. സ്റ്റേഷനില്‍ താന്‍ നേരിട്ട് ചെന്ന് കാര്യങ്ങള്‍ മനസ്സിലാക്കി. തുടര്‍ന്നാണ് കുറ്റക്കാരനെതിരേ കേസെടുക്കാന്‍ തയാറായതെന്നും ജോസഫൈന്‍ പറഞ്ഞു. സംഭവത്തില്‍ സ്വമേധയാ കേസെടുക്കാന്‍ പൊലിസിന് കഴിയുമായിരുന്നു. എന്നിട്ടും പരാതിയില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞത് ശരിയായില്ലെന്നും അവര്‍ ചൂണ്ടികാട്ടി.
പരാതിയുമായി എത്തുന്ന സ്ത്രീകളെ നിരുത്സാഹപ്പെടുത്തുന്ന പൊലിസ് സമീപനം അംഗീകരിക്കാനാകില്ല. ഇത്തരത്തിലുള്ള പരാതികള്‍ കമ്മിഷനില്‍ ലഭിക്കുന്നുണ്ട്. പൊലിസിനെ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു. സ്ത്രീകളെ മോശമായി ചിത്രീകരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം തന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും അത്തരം പരാമര്‍ശങ്ങള്‍ കേട്ടാല്‍ ഏത് കൊലകൊമ്പനായാലും കമ്മിഷന്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."