ഉത്തരമെഴുതാത്ത കടലാസിന് വെള്ളക്കടലാസിന്റെ വിലമാത്രമെന്ന് എ. വിജയരാഘവന്‍
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതിയുടെ വീട്ടില്‍നിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയതിനെ നിസാരവത്കരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. ഉത്തരം എഴുതാത്ത കടലാസിന് വെള്ളക്കടലാസിന്റെ വിലയേയുള്ളു. വിഷയം ഗൗരവമുളളതല്ലെന്നും വിജയരാഘവന്‍ പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.ഒ.എ) നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
മാധ്യമങ്ങള്‍ പടച്ചു വിടുന്ന കള്ളക്കഥകള്‍ക്കു മുന്നില്‍ ഇടതുപക്ഷം മുട്ടുമടക്കില്ല. യൂനിവേഴ്‌സിറ്റി കോളജിലെ സംഭവത്തെക്കുറിച്ച് മാധ്യമങ്ങള്‍ നിരവധി കഥകള്‍ ഇറക്കി. സീലിനെക്കുറിച്ച് മാധ്യമങ്ങള്‍ പറഞ്ഞതും കളവാണ്. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും സംരക്ഷിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഉത്തരം എഴുതിയ കടലാസാണ് ഉത്തരക്കടലാസ്. അതുപോലും തിരിച്ചറിയാത്തവരാണ് ചാനലുകളില്‍ ചര്‍ച്ച നടത്തുന്നത്.
വഴിയേ പോകുന്നവരെപ്പോലും ഖദറിട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ എത്തിച്ചായിരുന്നു കെ.എസ്.യു സമരം. കെ.എസ്.യുവിന്റെ സമരത്തിന് മാധ്യമങ്ങള്‍ ഒരു കൈ സഹായം നല്‍കി. സംസ്ഥാനത്ത് 33 എസ്.എഫ്.ഐ പ്രവര്‍ത്തകരെയാണ് കലാലയങ്ങളില്‍ വെട്ടി നുറുക്കിയതെന്ന് ഇവര്‍ ഓര്‍ക്കണം. അതിനേക്കാള്‍ വലിയ വെട്ടിനുറുക്കലാണ് മാധ്യമങ്ങള്‍ നടത്തിയത്.
മുതലാളിമാരില്‍നിന്ന് ശമ്പളം കിട്ടുന്നതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ കേരളം ശരിയാക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ കളവ് മാത്രം പ്രചരിപ്പിക്കുന്നു. ഫലത്തില്‍ ഇവര്‍ സഹായിക്കുന്നത് ശതകോടിശ്വരന്മാരെയാണ്. ജനങ്ങള്‍ തെരുവില്‍ എല്‍.ഡി.എഫിനെ സംരക്ഷിക്കും.
എല്‍.ഡി.എഫ് ഇല്ലെങ്കില്‍ ആഗോളീകരണത്തെ പ്രതിരോധിക്കാന്‍ രാജ്യത്ത് ആരുമുണ്ടാവില്ല. അദാനിയെയും അംബാനിയെയും ചോദ്യം ചെയ്യാന്‍ ആരുമുണ്ടാവില്ല. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രചരിപ്പിച്ചത് ഇതേ മാധ്യമങ്ങളാണെന്നും വിജയരാഘവന്‍ പറഞ്ഞു. കെ.ജി.ഒ.എ സൗത്ത് ജില്ലാ പ്രസിഡന്റ് കെ. മുരളി അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."