മരണത്തെ തോല്‍പ്പിച്ച നസീര്‍
മരണം സുനിശ്ചിതമാണ്. അത് എപ്പോള്‍ വേണമെങ്കിലും കടന്നുവരാം. നിശ്ചയദാര്‍ഢ്യത്തോടെ അതിനെ വരിക്കാന്‍ കഴിയുകയെന്നതാണ് മനുഷ്യന്റെ ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് പറയാറുണ്ട്.സേവനത്തിന്റെയും ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും നെറ്റി വിയര്‍പ്പുമായി യുവത്വത്തിന്റെ തിളപ്പില്‍ ഞങ്ങളോട് വിടപറഞ്ഞ നസീറുദ്ദീന്‍, താങ്കള്‍ ഏറെ സൗഭാഗ്യവാനാണ്. രക്തസാക്ഷിത്വത്തിന്റെ പരിവേഷവുമായി മരണത്തെ തോല്‍പ്പിച്ച് നാട്ടുകാരിലും സമൂഹത്തിലും സുഹൃദ് വലയത്തിലും നീ ജീവിക്കുകയാണ്. കുറഞ്ഞതെങ്കിലും ജീവിച്ച കാലത്ത് നിന്റെ കര്‍മ മണ്ഡലങ്ങള്‍ തീര്‍ത്ത അടയാളങ്ങള്‍ ഞങ്ങളെ പ്രാര്‍ഥനാ നിരതരാക്കുന്നു. നസീറുദ്ദീന്‍ നിന്റെ പേര് അന്വര്‍ഥമാക്കിയാണ് നീ കടന്നുപോയത്.
പുതുതലമുറയിലെ ചെറുപ്പക്കാരുടെ ചില ശൈലികളും രൂപഭാഗങ്ങളുമെല്ലാം ഞങ്ങള്‍ പഴമക്കാര്‍ക്ക് അത്ര കണ്ട് ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്. കുരുത്തവും പൊരുത്തവും ഇല്ലാത്തവരെന്നാണ് പലരുടെയും മനസിലിരിപ്പ്. മനസിലെ ആ അങ്കലാപ്പെല്ലാം തേച്ചുമായ്ച്ചുകളഞ്ഞായിരുന്നു നിന്റെ യാത്ര. വിശ്വാസികളുടെ മാനസിക ശാരീരിക വിമലീകരണത്തിന്റെ വിശുദ്ധ നാളുകളില്‍ നിന്റെ ആരോഗ്യവും സമയവും ചെലവഴിച്ചതെന്തിനു വേണ്ടിയാണെന്ന് ആര്‍ക്കുമറിയാം. ലോകത്തിലെ ഏറ്റവും വിശിഷ്ടമായ വിജ്ഞാനം ഖുര്‍ആനാണല്ലോ. വി.ഖുര്‍ആന്‍ ഇറങ്ങിയ മാസത്തില്‍ അത് ഹൃദിസ്ഥമാക്കുന്നവര്‍ക്കായി ശംസുല്‍ ഉലമയുടെ നാമധേയത്തില്‍ ആരംഭിച്ച സ്ഥാപനത്തിനുവേണ്ടി സാമ്പത്തിക സഹായമൊരുക്കാന്‍ രാപ്പകലുകള്‍ നീ ഓടിനടന്നു. റമദാനിനു മുന്‍പു കൊടിയ വേനലില്‍ നാട്ടുമ്പുറത്തെ കിണറുകള്‍ വറ്റി വരണ്ടു. കൂട്ടുകാരോടൊത്ത് നീ വൃത്തിയാക്കിയ കിണറുകളെല്ലാം ഇപ്പോള്‍ തെളിനീരു നിറഞ്ഞു നില്‍ക്കുകയാണ്. മരണത്തിന്റെ തണുത്ത കരങ്ങള്‍ നാടിന്റെ മുക്കുമൂലകളില്‍ ചിലരെ തലോടുമ്പോള്‍ ചേരാപുരം വലിയപള്ളിക്കാട്ടില്‍ ആറടിമണ്ണൊരുക്കി അവര്‍ക്ക് അന്ത്യവിശ്രമമൊരുക്കാനുള്ള പുറപ്പാടുകളില്‍ നീ മുന്നിലുണ്ടാകും. വിവാഹ വീടുകളില്‍ കൈമെയ് മറന്നുള്ള നിന്റെ ഉത്സാഹങ്ങളില്‍ പങ്കുചേരാതിരിക്കാന്‍ ഞങ്ങള്‍ക്കാവുമായിരുന്നില്ല. വിജ്ഞാനത്തിനായി നീ ചെന്നു ചേര്‍ന്ന കലാലയങ്ങളിലെ ഗുരുനാഥര്‍ക്കും സതീര്‍ഥ്യര്‍ക്കും നിന്നെ ഒരിക്കല്‍ പോലും വിസ്മരിക്കാനാവില്ല. യുവത്വം അര്‍ഥരഹിതമായ തിമിര്‍പ്പുകളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് ചെറുപ്പക്കാരെ ഓരോ നിമിഷവും നീ ബോധ്യപ്പെടുത്തി. പെരുമാറ്റത്തിലെ വിനയവും പുഞ്ചിരിക്കുന്ന മുഖവും നിനക്ക് ഏറെ സുഹൃദ്‌വലയം തന്നു. വിശ്വാസത്തിന്റെ മധുരം നുകരാന്‍ ഏറ്റവും യോഗ്യമായ സമയവും സന്ദര്‍ഭവുമേതെന്ന് നീ ഉറപ്പിച്ചു പറഞ്ഞു. അതേ, ചെറിയപെരുന്നാളിന്റെ സന്തോഷം പങ്കിട്ട് ഏറെ കഴിയും മുന്‍പു നിശയുടെ ഏതോ അഭിശപ്തമായ നിമിഷത്തില്‍ പകയുടെയും വിദ്വേഷത്തിന്റെയും പ്രതീകമായ ചില ദുഷിച്ച ശക്തികള്‍ നിന്റെ നെഞ്ചിന്‍കൂടു തകര്‍ത്തപ്പൊള്‍ നീ പറഞ്ഞത് വിശ്വാസികള്‍ എപ്പോഴുമെപ്പോഴും പ്രാര്‍ഥിക്കുന്ന, പറയാനാഗ്രഹിക്കുന്ന ലോകത്തിലെ ഏറ്റവും അമൂല്യമായ വചനം. അല്ലാഹുവാണുന്നതന്‍...അവനല്ലാതെ ആരാധ്യനില്ലെന്ന്്. അവസാന ശ്വാസം വരേ അത് പറഞ്ഞു കൊണ്ടേയിരുന്നു നീ. ഇല്ല നസീറുദ്ദീന്‍ നിന്റെ ചടുല യൗവനം വൃഥാവിലായില്ല. അത് ഞങ്ങള്‍ക്കൊക്കെയും ആവേശമായി എന്നും നിലകൊള്ളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."