യു.ഡി.എഫ് വിമതന് തുണച്ചു; മുക്കത്ത് ഇടത്
മുക്കം: ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മുക്കം നഗരസഭയെ സി.പി.എമ്മിലെ പി.ടി ബാബു നയിക്കും. വെല്‍ഫെയര്‍ പാര്‍ട്ടി- യു.ഡി.എഫ് സഖ്യം മൂലം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ചര്‍ച്ചയായ നഗരസഭയാണ് മുക്കം. മത്സരിച്ച മൂന്ന് സീറ്റിലും വെല്‍ഫെയര്‍ പാര്‍ട്ടി വിജയിച്ചെങ്കിലും യു.ഡി.എഫിന് കാര്യമായ നേട്ടമുണ്ടായില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇന്നലെ രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ 16 വോട്ടുകള്‍ നേടിയാണ് ബാബു വിജയിച്ചത്. അധ്യക്ഷപദവി പട്ടികജാതി സംവരണമായ നഗരസഭയില്‍ മുസ്ലിം ലീഗിലെ കൃഷ്ണന് വടക്കയിലായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി. പി.ടി ബാബുവിനെ വളപ്പില്‍ ശിവശങ്കരന് നിര്‍ദേശിച്ചപ്പോള്‍ നൗഫല്‍ മല്ലശ്ശേരി പിന്താങ്ങി. 33 അംഗ നഗരസഭ കൗണ്‍സിലില്‍ ഭൂരിപക്ഷത്തിന്17 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. എന്നാല്‍ ബി.ജെ.പിയുടെ രണ്ടംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എല്‍.ഡി.എഫിലെ 15 അംഗങ്ങളും യു.ഡി.എഫ് വിമതന് മുഹമ്മദ് അബ്ദുല്‍ മജീദും പി.ടി ബാബുവിനെ പിന്തുണക്കുകയായിരുന്നു. യു.ഡി.എഫിലെ 11 അംഗങ്ങളുടേയും മൂന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അംഗങ്ങളുടേയും പിന്തുണ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കും ലഭിച്ചു. യു.ഡി.എഫിലെ എം.കെ യാസറിന്റെ വോട്ട് അസാധുവായി. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം പി.ടി ബാബു സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. വരണാധികാരി ടി.ആര് മായ സത്യവാചകം ചൊല്ലിക്കൊടുത്തു. ഉച്ചക്ക് ശേഷം നടന്ന ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ അഡ്വ. ചാന്ദ്നി ഡെപ്യൂട്ടി ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. ചാന്ദ്നിക്ക് 16 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യു.ഡി.എഫിലെ വസന്തകുമാരിക്ക് 15 വോട്ടുകളാണ് ലഭിച്ചത്. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിലും ബി.ജെ.പി അംഗങ്ങള്‍ വിട്ടുനിന്നു. തുടര്‍ന്ന് ചെയര്മാന് പി.ടി ബാബു ചാന്ദ്നിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."