ഇതൊക്കെ പോരേ കാടിന്റെ മക്കളേ...'വികസനം'
കാട്ടാക്കട: കാടിന്റെ മക്കള്‍ക്ക് കാത്തിരിപ്പിനൊടുവില്‍ കിട്ടിയ നൂല്‍പ്പാലം നാശത്തിന്റെ വക്കില്‍. പാര്‍ശ്വഭിത്തികള്‍ വിണ്ടുകീറി ഉപരിഭാഗം പൊട്ടിപ്പൊളിഞ്ഞ് നെയ്യാറില്‍ പതിക്കുവാന്‍ ഊഴം കാത്തിരിക്കുകയാണ് ഓട്ടോറിക്ഷ പാലം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചാക്കപ്പാറ ആദിവാസി സെറ്റില്‍മെന്റിലേക്കുള്ള ഈ നൂല്‍പ്പാലം. ഒന്നര പതിറ്റാണ്ടു മുന്‍പ് ശശി തരൂര്‍ എം.പിയുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ചാണ് പന്തപ്ലാമൂട്ടില്‍ പാലം നിര്‍മിച്ചത്. അമ്പൂരി, തൊടുമല പ്രദേശങ്ങളെ ചാക്കപ്പാറയുമായി ബന്ധിപ്പിക്കാനായിരുന്നു ഇത്.
300 മീറ്റര്‍ ദൂരവും അഞ്ചടി വീതിയിലുമാണ് പാലം പണിതത്. മുപ്പത് ലക്ഷം മുടക്കി 2001ല്‍ നിര്‍മിച്ച പാലത്തിന്റെ വശങ്ങള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍തന്നെ വിണ്ടുകീറിയത് നിര്‍മാണത്തിലെ അപാകതയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. നിര്‍മാണ വേളയില്‍ ഒരു ടാക്‌സിയെങ്കിലും കടന്നുപോകുന്ന വീതിയില്‍ പാലം നിര്‍മിക്കണമെന്ന ആവശ്യം വനവാസികള്‍ ഉന്നയിച്ചെങ്കിലും അധികൃതര്‍ അത് ചെവിക്കൊണ്ടില്ല. നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ ചാക്കപ്പാറ പാലത്തിലൂടെ ഒരു ഓട്ടോറിക്ഷ കടന്നുപോകണമെങ്കില്‍ െ്രെഡവര്‍ക്ക് അഭ്യാസിയുടെ മെയ് വഴക്കം വേണമെന്ന അവസ്ഥയായി.
പാലം കടന്നാലും സെറ്റില്‍മെന്റിലേക്കുള്ള റോഡ് മഴച്ചാലുകള്‍ വീണ് തകര്‍ന്ന നിലയിലാണ്. കാല്‍നട പോലും ഇതുവഴി ദുര്‍ഘടമായിട്ട് വര്‍ഷങ്ങളായി. സെറ്റില്‍മെന്റില്‍ ആര്‍ക്കെങ്കിലും അസുഖം ബാധിച്ചാല്‍ 25 കിലോമീറ്റര്‍ ചുറ്റിത്തിരിഞ്ഞു വേണം ടാക്‌സിയില്‍ ഇവര്‍ക്ക് ആശുപത്രിയിലെത്താന്‍. പണച്ചിലവും ദൂരവും ഏറെയായതിനാല്‍ പലരും തലച്ചുമടായാണ് രോഗികളെ ആശുപത്രികളില്‍ എത്തിക്കുന്നത്. നെയ്യാറ്റിന്‍കര, കാരക്കോണം, കാട്ടാക്കട എന്നിവിടങ്ങളിലെ ആശുപത്രികളെയാണ് ഇവര്‍ ആശ്രയിക്കുന്നത്. അടുത്തിടെ അസുഖം മൂര്‍ശ്ചിച്ച ഒരു വൃദ്ധയെ കസേരയിലിരുത്തി ചുമന്ന് ചാക്കപ്പാറ പാലം കടത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സെറ്റില്‍മെന്റിനടുത്ത് പ്രാഥമിക ആരോഗ്യകേന്ദ്രമുണ്ടെങ്കിലും അത്യാവശ്യ ഘട്ടങ്ങളില്‍ പനിക്കുള്ള ഗുളിക പോലും കിട്ടാറില്ലെന്ന് വനവാസികള്‍ പറയുന്നു. തെരഞ്ഞെടുപ്പ് വേളകളില്‍ വോട്ട് തേടിയെത്തുന്നവര്‍ സ്ഥിരമായി ചാക്കപ്പാറ ആദിവാസി സെറ്റില്‍മെന്റിലുള്ളവര്‍ക്ക് നല്‍കുന്ന വാഗ്ദാനമാണ് നെയ്യാറിന് കുറുകെ വീതിയുള്ള പാലം എന്നത്. ഇവരുടെ വാഗ്ദാനം വിശ്വസിച്ച് ഇടതിനെയും വലതിനെയും പരീക്ഷിച്ചു മടുത്തതല്ലാതെ പാലത്തിന് ഇതേവരെ വീതി കൂടിയില്ലെന്ന് ഇവര്‍ പരിതപിക്കുന്നു. തങ്ങളുടെ വോട്ടുനേടി ജയിച്ചുകഴിഞ്ഞാല്‍ പിന്നെ വാഗ്ദാനങ്ങളെല്ലാം അവര്‍ മറക്കുകയാണ് പതിവെന്നും കാടിന്റെ മക്കള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."