ഇ.ഡി കുറ്റപത്രം അപൂര്‍ണം; ജാമ്യം നല്‍കണമെന്ന് ശിവശങ്കര്‍
കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രം അപൂര്‍ണമായതിനാല്‍ തനിക്കു ജാമ്യം നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ കോടതിയില്‍.
താന്‍ ഇപ്പോഴും സംസ്ഥാന സര്‍ക്കാരിനു കീഴില്‍ ജോലി ചെയ്യുന്നതിനാല്‍ കുറ്റപത്രം നല്‍കുന്നതിനു മുന്‍പ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടിയിരുന്നു. ഇതു ചെയ്യാത്ത സാഹചര്യത്തില്‍ കുറ്റപത്രം പൂര്‍ണമല്ലെന്നു കണക്കാക്കി ജാമ്യം നല്‍കണമെന്നാണ് ശിവശങ്കറിന്റെ ആവശ്യം. ഈ മാസം 24നാണ് ശിവശങ്കറിനെതിരേ ഇ.ഡി കുറ്റപത്രം നല്‍കിയത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും.
അതേസമയം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന പദവി സ്വര്‍ണ്ണക്കള്ളടത്തിനായി ശിവശങ്കര്‍ ദുരുപയോഗം ചെയ്തതായി കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകരിലൊരാളാണ് ശിവശങ്കറെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള സത്യവാങ്മൂലത്തില്‍ കസ്റ്റംസ് വ്യക്തമാക്കി. ദുബൈയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിലൂടെ നടത്തിയ സ്വര്‍ണക്കടത്തില്‍ സ്വപ്ന, സരിത്, സന്ദീപ് എന്നിവര്‍ക്കൊപ്പം ശിവശങ്കര്‍ സജീവമായി പങ്കെടുത്തിരുന്നെന്നും കസ്റ്റംസിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
കള്ളക്കടത്തിനായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന പദവി ശിവശങ്കര്‍ ദുരുപയോഗം ചെയ്തു. കള്ളക്കടത്തില്‍ കോണ്‍സുലേറ്റ് ഉദ്യോസ്ഥരുടെ പങ്കാളിത്തവും ശിവശങ്കറിനറിയാമായിരുന്നു. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ നടപടിയെക്കുറിച്ച് സര്‍ക്കാരിനെ ശിവശങ്കര്‍ അറിയിക്കേണ്ടതായിരുന്നു.
എന്നാല്‍ അതു ചെയ്യാതെ അവര്‍ക്ക് എല്ലാ ഒത്താശയും ചെയ്യുകയായിരുന്നു. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. തെളിവുകള്‍ സഹിതം ചോദ്യം ചെയ്തിട്ടും പല ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറുകയാണ്.
ജാമ്യമനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. സരിത്തും സ്വപ്നയും ശിവശങ്കറിനെതിരേ ഗുരുതരമായ മൊഴികള്‍ നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും കാന്‍സര്‍ രോഗബാധ സംശയിക്കുന്നെന്നും ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജയിലില്‍ തുടരുന്നത് ആരോഗ്യപ്രശ്‌നം ഗുരുതരമാക്കും. പ്രതിയുടെ മൊഴിയല്ലാതെ കള്ളക്കടത്തില്‍ തന്റെ പങ്കു സംബന്ധിച്ച ഒരു തെളിവും ഹാജരാക്കാന്‍ കസ്റ്റംസിനു കഴിഞ്ഞിട്ടില്ലെന്നും ശിവശങ്കര്‍ വാദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."