അമ്മയുടെയും മകളുടെയും മരണം; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍
കരുനാഗപ്പള്ളി: പൊള്ളലേറ്റ് അമ്മയും മകളും മരിച്ച സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തരാവാതെ പ്രദേശവാസികള്‍. വ്യാഴാഴ്ച പകല്‍ 10 ഓടെയാണ് നഗരഹൃദയത്തോട് ചേര്‍ന്ന് നാടിന്റെ മനസാക്ഷിയെ പിടിച്ചുലച്ച സംഭവം നടന്നത്. ഏറെ നാളായി രോഗബാധിതരായിരുന്നു അമ്മയും മകളും. ചെറുപ്പകാലം മുതല്‍ ശാരീരിക അവശതയിലായിരുന്ന മകള്‍ ഷെര്‍മി(50), പത്ത് വയസിനു ശേഷം പുറത്തേക്ക് ഒരു കാര്യത്തിനും പോയിരുന്നില്ല. പ്രാഥമിക കാര്യങ്ങള്‍ ഉള്‍പ്പടെ നിര്‍വ്വഹിക്കുന്നതിന് പ്രയാസം നേരിട്ട മകള്‍ക്ക് അമ്മ വത്സലാ ദേവി (70) ആയിരുന്നു പ്രധാന ആശയം. ഇവരെ ഒറ്റയ്ക്കാക്കി മകന്‍ സാധാരണ അധികം പുറത്ത് പോകാറില്ലായിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ കേസ് സംബന്ധമായ കാര്യത്തിന് രാവിലെ എട്ടരയോടെ പുറത്തേക്കു പോയി. പത്തു മണിയോടെ വീടിനുള്ളില്‍ നിന്നും ഉച്ചത്തിലുള്ള കരച്ചിലും തീയും പുകയും ഉയരുന്നത് കണ്ട സമീപവാസിയായ വീട്ടമ്മയാണ് ബഹളം വച്ച് നാട്ടുകാരെ കൂട്ടിയത്.തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പോലിസും സ്ഥലത്തെത്തി തീയണച്ചു. മകളുടെ മൃതദേഹം പൂര്‍ണ്ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തൊട്ടടുത്ത് കന്നാസില്‍ ഉപയോഗിച്ചു കഴിഞ്ഞ മണ്ണെണ്ണയും കണ്ടെത്തിയിരുന്നു. ഇവരുടെ വീടിന്റെ മതിലിനു തൊട്ടടുത്താണ് ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഗ്യാസ് ഗോഡൗണ്‍ സ്ഥിതി ചെയ്യുന്നത്. മണ്ണെണ്ണ കന്നാസിലേക്കും വീടിനുള്ളിലെ ഗ്യാസ് സിലിണ്ടറിലേക്കും തീ പടര്‍ന്നിരുന്നെങ്കില്‍ വന്‍ ദുരന്തമായി അത് മാറുമായിരുന്നു. വത്സലാ ദേവിയുടെ ഭര്‍ത്താവ് ഫിഷറീസ് വകുപ്പ് ജീവനക്കാരനായിരുന്ന ബിലേന്ദ്രന്‍ നേരത്തേ മരണപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."