കേരള കോണ്‍ഗ്രസ്- എമ്മിലെ തര്‍ക്കം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റി
സ്വന്തം ലേഖകന്‍
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങള്‍ മൂലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റി. ഇന്നലെ നടത്തിയ യോഗത്തില്‍ ക്വാറം തികഞ്ഞിരുന്നില്ല.
കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തതിനാല്‍ യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതായി അറിയിച്ച് കോണ്‍ഗ്രസിലെയും കേരള കോണ്‍ഗ്രസ് എമ്മിലെ ഇരുവിഭാഗത്തിലെയും അംഗങ്ങള്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍ക്ക് കത്തുനല്‍കിയിരുന്നു.
സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ജോസ് കെ. മാണി വിഭാഗവും അജിത്ത് മുതിരമലയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ജോസഫ് വിഭാഗവും രംഗത്തെത്തിയതാണ് പ്രതിസന്ധിക്കിടയാക്കിയത്. ഇതോടെ ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രാവിലെ യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് രാവിലെ 11ന് യോഗം ചേര്‍ന്നെങ്കിലും ഏഴ് അംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. ക്വാറം തികയാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി വരണാധികാരിയായ ജില്ലാ കലക്ടര്‍ പി.കെ സുധീര്‍ ബാബു അറിയിച്ചു.
ജില്ലാ പഞ്ചായത്തില്‍ ആകെ 22 അംഗങ്ങളുള്ളതില്‍ കോണ്‍ഗ്രസിന് എട്ടും കേരള കോണ്‍ഗ്രസ് എമ്മിന് ആറും അംഗങ്ങളാണുള്ളത്. സി.പി.എമ്മിന് ആറും സി.പി.ഐക്കും ജനപക്ഷത്തിനും ഓരോ അംഗവുമുണ്ട്. ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുന്നതിന് ക്വാറം ബാധകമായിരിക്കില്ല.
അതേസമയം, തങ്ങള്‍ സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്ന് ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ് എം.എല്‍.എ വ്യക്തമാക്കി. രണ്ട് പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച കേരള കോണ്‍ഗ്രസ് എമ്മില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സീറ്റ് സംബന്ധിച്ച് ധാരണ ഉണ്ടായിരുന്നു. രണ്ടരവര്‍ഷം കോണ്‍ഗ്രസിനും രണ്ടരവര്‍ഷം കേരള കോണ്‍ഗ്രസിനും എന്നായിരുന്നു ധാരണ. കേരള കോണ്‍ഗ്രസ് എമ്മിനുള്ള രണ്ടരവര്‍ഷത്തിലെ ആദ്യത്തെ ഘട്ടത്തില്‍ മാണി വിഭാഗത്തില്‍ നിന്നുള്ളയാള്‍ക്ക് സ്ഥാനം നല്‍കി. രണ്ടാംഘട്ടത്തില്‍ ജോസഫ് വിഭാഗത്തിനാണ് ലഭിക്കേണ്ടത്. പി.ജെ ജോസഫ് പറയുന്ന വ്യക്തിക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിക്കാന്‍ അധികാരമെന്നും മോന്‍സ് പറഞ്ഞു.
കേരള കോണ്‍ഗ്രസിന്റെ കെട്ടുറപ്പ് തകര്‍ക്കാന്‍ ചിലകേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോകില്ലെന്ന് ജോസ് കെ. മാണി എം.പിയും പ്രതികരിച്ചു.
ഒരുവിഭാഗം ആളുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തുണ്ടെന്ന വ്യാജപ്രചാരണം നടത്തുകയാണ്. കേരള കോണ്‍ഗ്രസിന്റെ ഭരണഘടന അനുസരിച്ചും തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം അനുസരിച്ചും വിപ്പ് കൊടുക്കാന്‍ ജില്ലാ പ്രസിഡന്റിനാണ് അധികാരമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."