ഊര്‍ങ്ങാട്ടിരിയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍
അരീക്കോട്: ആദിവാസി കുടുംബങ്ങളെ ഭീതിയിലാഴ്ത്തി ഊര്‍ങ്ങാട്ടിരിയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. വ്യാഴാഴ്ച വൈകീട്ട് ഏഴോടെ ഈന്തുംപാലി ആദിവാസി കോളനിക്ക് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. ഓഗസ്റ്റ് 16ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴ് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതോടെ ഇവിടെയുള്ളവര്‍ ഭീതിയിലാണ് കഴിയുന്നത്. ഇതിനിടയിലാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്. മണ്ണും കല്ലും ഒഴുകിയെത്തി കോളനിയിലേക്കുള്ള റോഡ് പൂര്‍ണമായും ഉപയോഗശൂന്യമായി. വൈദ്യുതി ബന്ധവും തടസപ്പെട്ടു. രാത്രിയില്‍ മഴ ശക്തമായതിനാല്‍ കോളനിവാസികള്‍ക്ക് പുറത്തേക്ക് കടക്കാനുമായില്ല. വിവരമറിഞ്ഞ് ഇന്നലെ രാവിലെ തന്നെ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി. ജെ.സി.ബി ഉപയോഗിച്ച് മണ്ണും ചെളിയും നീക്കിയാണ് റോഡ് യാത്രായോഗ്യമാക്കിയത്. 13 ആദിവാസി കുടുംബങ്ങളാണ് ഈന്തുംപാലി കോളനിയില്‍ താമസിക്കുന്നത്. ഓഗസ്റ്റ് 16ന് ഓടക്കയത്ത് വിവിധ ഭാഗങ്ങളിലായി 33 ഇടങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. നെല്ലിയായി കോളനിയിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ ഏഴുപേരുടെ ജീവനെടുത്തു. നിരവധിപേരുടെ വീടുകള്‍ തകര്‍ന്നു. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഭയം വിതച്ച് പ്രകൃതി വികൃതി കാട്ടിയത്.
ഓടക്കയത്ത് വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് ജില്ലാ ജിയോളജിസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ആദിവാസികളെ മാറ്റിത്താമസിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നെങ്കിലും കാട് വിട്ടുപോകാന്‍ തയാറായിട്ടില്ല. ശക്തമായ മഴ ഉണ്ടായാല്‍ വിവിധ കോളനികളില്‍ ഇപ്പോഴും ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."