സര്‍ക്കാരിനെതിരേ സംസാരിക്കുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്നു: മഹുവാ മോയിത്ര
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ബി.ജെ.പിക്കും നരേന്ദ്രമോദി സര്‍ക്കാരിനുമെതിരേ ഒരിക്കല്‍ക്കൂടെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവ മോയിത്ര. കേന്ദ്രസര്‍ക്കാരിനെതിരേ ആരെങ്കിലും സംസാരിച്ചാല്‍ അവരെ ദേശവിരുദ്ധരായി മുദ്രകുത്തുകയാണ് ഇപ്പോഴത്തെ രീതിയെന്ന് അവര്‍ ആരോപിച്ചു. ലോക്‌സഭയില്‍ യു.എ.പി.എ ഭേദഗതി സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഹുവ മോയിത്ര.
കേന്ദ്രസര്‍ക്കാര്‍ ആരെയെങ്കിലും ലക്ഷ്യംവച്ചാല്‍ അവരെ ദേശവിരുദ്ധരായി മുദ്രകുത്താന്‍ സംവിധാനങ്ങള്‍ തന്നെ ഇവിടെയുണ്ട്. പ്രതിപക്ഷ നേതാക്കള്‍, ന്യൂനപക്ഷങ്ങള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി ആരെല്ലാം ഈ സര്‍ക്കാരിന്റെ നയങ്ങളോട് വിയോജിക്കുന്നോ അവര്‍ക്കെല്ലാം ദേശവിരുദ്ധ മുദ്ര നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ദേശവിരുദ്ധരായി മുദ്രകുത്തപ്പെടുമോ എന്ന ഭയം പ്രതിപക്ഷത്തിന് പോലുമുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.
യു.എ.പി.എ ബില്ലിലെ അഞ്ചാമത്തെ വ്യവസ്ഥയില്‍, എന്‍.ഐ.എക്ക് ഏതു സംസ്ഥാനത്തും പോയി ബന്ധപ്പെട്ട സംസ്ഥാന പൊലിസിന്റെ അനുമതിയില്ലാതെ ഏതു വ്യക്തിയുടെയും സ്വത്തുക്കളും മറ്റും പരിശോധിക്കാമെന്ന് പറയുന്നുണ്ട്. ഇതു ഫെഡറല്‍ ഘടനയെ ചോദ്യംചെയ്യുന്നതാണ്. മതിയായ നടപടിക്രമങ്ങള്‍ ഇല്ലാതെ വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ ഈ നിയമത്തില്‍ വ്യവസ്ഥയുണ്ട്. അതിനാല്‍ ഈ ബില്ല് ജനവിരുദ്ധവും ഭരണഘടനാവിരുദ്ധവും ഫെഡറലിസത്തിന്റെ തത്വങ്ങള്‍ക്ക് എതിരുമാണ്. അതുകൊണ്ട് ഈ ബില്ല് പിന്‍വലിക്കണം- അവര്‍ ആവശ്യപ്പെട്ടു.
മഹുവ മോയിത്ര കത്തിക്കയറുന്നതിനിടെ പ്രസംഗം തടസപ്പെടുത്താന്‍ ബി.ജെ.പി അംഗങ്ങള്‍ ശ്രമിച്ചു. മൗലികാവകാശങ്ങള്‍ സംബന്ധിച്ച ഭരണഘടനയുടെ 21ാം വകുപ്പിന് എതിരാണ് യു.എ.പി.എ ബില്ലിലെ വ്യവസ്ഥകളെന്ന് മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. ഇത്തരം നിയമങ്ങള്‍ കൊണ്ടുവന്നതിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."