ശബരിമല: തന്ത്രി കുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തന്ത്രി കുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനാണ് ഇന്ന് ചര്ച്ചയ്ക്കെത്താന് തന്ത്രി കുടുംബത്തോട് അറിയിച്ചത്. സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കേണ്ട സര്‍ക്കാര്‍ സാഹചര്യം ബോധ്യപ്പെടുത്താനാണ് ചര്‍ച്ച.
കണ്ഠരര് രാജീവര്, കണ്ഠരര് മോഹനരര്, മഹേഷ് മോഹനരര് എന്നിവരുമായിട്ടാണ് കൂടിക്കാഴ്ച നടത്തുന്നത്. ശബരിമല വിധിക്കെതിരെയും സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച സര്‍ക്കാരിന്റെ നടപടിക്കെതിരെയും പ്രതിഷേധങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ചര്‍ച്ച.
ശബരിമല വിഷയത്തില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തണമെന്ന് സിപിഐഎം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നീക്കം. ചര്‍ച്ചയില്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികളും പങ്കെടുക്കും.
ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കുമെന്ന് തന്ത്രി കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."