നഷ്ടപ്പെട്ട 23 വര്‍ഷം ആര് തിരിച്ചുതരുമെന്ന് സാംലേതി സ്‌ഫോടനക്കേസ് ഇരകള്‍
ന്യൂഡല്‍ഹി: ഞങ്ങളെ വെറുതെ വിട്ടുവെന്നത് ശരിതന്നെ, പക്ഷേ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട 23 വര്‍ഷം ആര്‍ക്കാണ് തിരിച്ചുതരാന്‍ കഴിയുക. ചോദിക്കുന്നത് രാജസ്ഥാനിലെ സാംലേതി ബോംബ് സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തരായവരാണ്. 1996ലുണ്ടായ സ്‌ഫോടനക്കേസില്‍ ലത്തീഫ് അഹമ്മദ് ബാജ(42), അലിഭട്ട് (48), മീര്‍സാ നിസാര്‍(39), അബ്ദുല്‍ ഗനി(57), റഈസ് ബേഗ്(56) എന്നിവരെയാണ് 23 വര്‍ഷത്തിനു ശേഷം രാജസ്ഥാന്‍ ഹൈക്കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. അഹമ്മദാബാദിലെയും ഡല്‍ഹിയിലെയും ജയിലില്‍ പാര്‍പ്പിച്ച ഇവര്‍ക്ക് ഒരു തവണ പോലും ജാമ്യമോ പരോളോ ലഭിച്ചിരുന്നില്ല.
1997 ജൂണ്‍ എട്ടിനാണ് ബേഗിനെ അറസ്റ്റ് ചെയ്യുന്നത്. ബാക്കിയുള്ളവരെല്ലാം 1996 ജൂണ്‍ 17നും ജൂലൈ 27നും ഇടയില്‍ അറസ്റ്റിലായവരാണ്. കേസിലെ മുഖ്യപ്രതി ഡോ. അബ്ദുല്‍ ഹമീദുമായി ഈ അഞ്ചുപേര്‍ക്കുളള ബന്ധം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികള്‍ക്കെതിരായ ഗൂഡാലോചനക്കുറ്റവും തെളിയിക്കാനായില്ല. തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഇവര്‍ ജയില്‍മോചിതരായത്. പരസ്പരം അറിയുന്നവര്‍ പോലുമായിരുന്നില്ല അഞ്ചുപേര്‍. ക്രൈംബ്രാഞ്ച് അവരെ അറസ്റ്റ് ചെയ്ത ശേഷമാണ് ഇവര്‍ ആദ്യമായി കാണുന്നത്. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിയാണ് റഈസ് ബേഗ്, അബ്ദുല്‍ ഗനി കശ്മീരിലെ ദോഡ ജില്ലക്കാരനാണ്. ബാക്കിയുള്ളവര്‍ ശ്രീനഗര്‍ സ്വദേശികളും.
പരവതാനി വില്‍ക്കലാണ് അലി ഭട്ടിന് ജോലി. ലത്തീഫ് അഹമ്മദ് ബാജ ഡല്‍ഹിയിലും കാഠ്മണ്ഡുവിലും കരകൗശല വസ്തുക്കള്‍ വില്‍ക്കുകയായിരുന്നു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു നിസാര്‍, ഗനിയാകട്ടെ സ്‌കൂള്‍ നടത്തുകയായിരുന്നു. ജയിലിലായ 23 കൊല്ലത്തിനിടയില്‍ തങ്ങള്‍ക്ക് പലതും നഷ്ടപ്പെട്ടുവെന്ന് ബേഗ് പറയുന്നു. എന്റെ ഉമ്മയും ഉപ്പയും രണ്ടു അമ്മാവന്‍മാരും മരിച്ചു. സഹോദരിയുടെ വിവാഹമുള്‍പ്പടെയുള്ള പലതും കുടുംബത്തില്‍ നടന്നു. ഒന്നിനും തങ്ങളുണ്ടായിരുന്നില്ല. ജയില്‍മോചിതരാകാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ തങ്ങള്‍ക്ക് പിന്നീട് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് നിസാര്‍ പറയുന്നു. അറസ്റ്റിലാവുമ്പോള്‍ 16 മാത്രമായിരുന്നു പ്രായം. എന്നാല്‍ പൊലിസുകാര്‍ 19 വയസാണെന്ന് കള്ളരേഖയുണ്ടാക്കിയെന്നും നിസാര്‍ പറഞ്ഞു.
1996 മെയ് 22നാണ് ജയ്പൂര്‍-ആഗ്ര ഹൈവേയില്‍ ദൗസയിലെ സാംലേതി ഗ്രാമത്തിനടുത്ത് ബസ്സില്‍ സ്‌ഫോടനമുണ്ടാകുന്നത്. സംഭവത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 37 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഡല്‍ഹി ലത്പത് നഗറില്‍ 13 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനമുണ്ടായി ഒരു ദിവസം കഴിഞ്ഞായിരുന്നു സാംലെട്ടി സ്‌ഫോടനം.
ജെ.കെ.എല്‍.എഫാണ് സ്‌ഫോടനം നടത്തിയതെന്നായിരുന്നു പൊലിസ് വാദം. 12 പേരായിരുന്നു പ്രതികള്‍. ഒരാളെ 2014ല്‍ കോടതി വെറുതെ വിട്ടു. ആറു പേരെ ചൊവ്വാഴ്ചയും വെറുതെ വിടുകയായിരുന്നു. ആറാമന്‍ ജാവേദ് ഖാന്‍ ലജ്പത് നഗര്‍ സ്‌ഫോടനക്കേസില്‍ക്കൂടി പ്രതിയായതിനാല്‍ തിഹാര്‍ ജയിലിലാണുള്ളത്. പ്രതികളിലൊരാള്‍ ജയിലില്‍ മരിച്ചു. മുഖ്യപ്രതി അബ്ദുല്‍ ഹമീദ് വധശിക്ഷ കാത്ത് കഴിയുകയാണ്. മറ്റൊരു പ്രതി പപ്പു സലിം ജീവപര്യന്തം തടവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."