കായികാധ്യാപകരുടെ സമരം കണ്ടില്ലെന്ന് നടിച്ച് സര്‍ക്കാര്‍
എന്‍.എം കോയ പള്ളിക്കല്‍
പള്ളിക്കല്‍: (മലപ്പുറം) ജോലിയിലും കൂലിയിലും തുല്യ വേതനവും ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്‌കൂള്‍ കായിക അധ്യാപകര്‍ സമരം തുടങ്ങിയിട്ട് നാളുകള്‍ ഏറെയായെങ്കിലും തിരിഞ്ഞ് നോക്കാതെ സര്‍ക്കാരും പൊതുവിദ്യാഭ്യാസ ഡയറക്ടറും കണ്ണടയ്ക്കുന്നതായി പരാതി.
സമരത്തെ പൊളിക്കാന്‍ സര്‍ക്കാര്‍പക്ഷ അധ്യാപക സംഘടന രംഗത്തിറങ്ങിയെന്നാണ് സമരത്തിലേര്‍പ്പെട്ട അധ്യാപക സംഘടനകള്‍ പറയുന്നത്. രണ്ട് വര്‍ഷം മുന്‍പ് നടത്തിയ സമരത്തെത്തുടര്‍ന്ന് കായികാധ്യാപകര്‍ക്ക് നല്‍കിയ ഉറപ്പുകളൊന്നും സര്‍ക്കാര്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ് വീണ്ടും സമരം തുടങ്ങിയത്. സമരം കാരണം വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സുബ്രതോ കപ്പിന്റെ ഉപജില്ലാതല മത്സരങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ചട്ടപ്പടി സമരം നീണ്ടു പോയാല്‍ വരാനിരിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയേയും പ്രതികൂലമായി ബാധിക്കും.
സമരക്കാരെ നേരിടാന്‍ ഡി.പി.ഐ നിയമ നടപടികളുമായി വന്നിരിക്കുകയാണ്. എന്നാല്‍ ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കായികാധ്യാപകരുടെ സംഘടന.
ഇവരുടെ പ്രധാന ആവശ്യങ്ങള്‍ ഇവയാണ്. ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന കായികാധ്യാപകര്‍ക്ക് ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് തുല്യമായ ശമ്പളം അനുവദിക്കുക, സ്‌പെഷ്യലിസ്റ്റ് ഗ്രൂപ്പില്‍ നിന്ന് മാറ്റി ജനറല്‍ അധ്യാപകരായി പരിഗണിക്കുക, കേന്ദ്ര വിദ്യാഭ്യാസ നയപ്രകാരം യു.പി സ്‌കൂളുകളില്‍ 200 കുട്ടികള്‍ക്ക് ഒരു ഫുള്‍ടൈം കായികാധ്യാപക തസ്തിക അനുവദിക്കുക, ഹൈസ്‌കൂള്‍ ക്ലാസുകളില്‍ നിലവില്‍ അനുവര്‍ത്തിക്കുന്ന എസ്.ഇ.ആര്‍.ടി ടൈംടേബിള്‍ പ്രകാരമുള്ള പി.ടി. പിരീയഡുകള്‍ കായികാധ്യാപക തസ്തിക നിര്‍ണയത്തിന് പരിഗണിക്കുക, ഹയര്‍ സെക്കന്‍ഡറിയില്‍ കായികാധ്യാപക തസ്തിക അനുവദിച്ച് പ്രമോഷന്‍ നല്‍കുക, കഴിഞ്ഞ 10 മുതലാണ് കായികാധ്യാപകരുടെ സംഘടന ഡി.പി.ഐക്ക് നോട്ടീസ് നല്‍കി സബ്ജില്ലാ സ്‌കൂള്‍ ഗെയിംസ് അസോസിയേഷനുകളുടെ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാതെ ചട്ടപ്പടി സമരം ആരംഭിച്ചത്. കായിക വിദ്യാഭ്യാസ നയം ആദ്യം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം.
എന്നാല്‍ ഇത് കേവലം പ്രഖ്യാപനത്തിലൊതുങ്ങുകയായിരുന്നു. എല്‍.പി സ്‌കൂളില്‍ കായികാധ്യാപക തസ്തികയില്ല. യു.പി.സ്‌കൂളില്‍ അഞ്ഞൂറ് കുട്ടികള്‍ ഉണ്ടെങ്കിലേ ഒരു ഫുള്‍ടൈം കായികാധ്യാപക തസ്തിക നിവിലുള്ളൂ.
ഹൈസ്‌കൂള്‍ വിഭാഗത്തിലെ കായികാധ്യാപകര്‍ തന്റെ സ്‌കൂളിലെ യു.പി വിഭാഗത്തെയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തെയും പരിശീലിപ്പിക്കേണ്ട സ്ഥിതിയാണ് നിലവില്‍. എന്നാല്‍ ലഭിക്കുന്നത് യു.പി. സ്‌കൂള്‍ അധ്യാപകന്റെ വേതനവും.
ഹയര്‍ സെക്കന്‍ഡറിയില്‍ പ്രവര്‍ത്തിക്കുന്നതിന് മാസം 300 രൂപ വീതം 10 മാസം നല്‍കും. ഈ അവസ്ഥയ്‌ക്കൊരു മാറ്റത്തിനായാണ് കായികാധ്യാപകര്‍ സമരവുമായി രംഗത്തെത്തിയത്.
2017ല്‍ ഡി.പി.ഐ നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കായികാധ്യാപകരെ രണ്ടാംകിടക്കാരായി അവഗണിക്കുന്ന സര്‍ക്കാര്‍ നയം അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം സമരം ശക്തമാക്കുമെന്നും സംഘടനാ നേതൃത്വം മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."