ആശങ്ക; റയല്‍ മാഡ്രിഡ് താരം മാര്‍ക്കോ അസെന്‍സിയോക്ക് സീസണ്‍ നഷ്ടമാകും
മാഡ്രിഡ്: ഇന്നലെ പ്രീ സീസണ്‍ മത്സരങ്ങളുടെ ഭാഗമായി ആഴ്‌സനലുമായുള്ള മത്സരത്തിനിടെ പരുക്കേറ്റ റയല്‍ മാഡ്രിഡിന്റെ സ്പാനിഷ് താരം മാര്‍ക്കോ അസെന്‍സിയോക്ക് സീസണ്‍ നഷ്ടമായേക്കും. താരത്തിന്റെ ഇടത് കാലിനേറ്റ പരുക്ക് പൂര്‍ണമായും മാറണമെങ്കില്‍ ഒമ്പത് മാസമെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് അറിയുന്നത്.
പുതിയ സൈനിങ്ങുകള്‍ നടത്തി സീസണിനായി തയ്യാറെടുക്കുന്ന സിദാന്റെ ടീമിന് കനത്ത തിരിച്ചടിയാണ് അസെന്‍സിയോയുടെ പരുക്ക്. അസെന്‍സിയോ പരുക്കേറ്റ് പുറത്തായതോടെ ബെയിലിന്റെ കാര്യത്തില്‍ പുതിയ ട്വിസ്റ്റുണ്ടാകുമെന്ന കാര്യം ഉറപ്പായി. കബല്ലോസ്, ഹാമേസ് റോഡ്രിഗസ് എന്നിവരുടെ കാര്യത്തിലും ക്ലബ് പുനപരിശോധന നടത്തും. ബയേണിനെതിരേയുള്ള മത്സരത്തില്‍ ഹസാര്‍ഡ്, ബെന്‍സേമ, അസെന്‍സിയോ ത്രയം സിദാന്‍ പരീക്ഷിച്ചിരുന്നു. 4-4-3 ശൈലിയിലായിരുന്നു ബയേണിനെതിരേയുള്ള മത്സരത്തില്‍ സിദാന്‍ ടീമിനെ ഒരുക്കിയത്. ഇന്നലെ നടന്ന മത്സരത്തില്‍ ലൂക്കാ ജോവിച്ചിനെയും കരീം ബെന്‍സേമയേയും മുന്നില്‍ നിര്‍ത്തി 4-4-2 എന്ന ലൈനപ്പായിരുന്നു സിദാന്‍ പരീക്ഷിച്ചത്. ഗരത് ബെയിലിനെ പുറത്തിരുത്തിയായിരുന്നു പലപ്പോഴും സിദാന്‍ ആദ്യ ഇലവനേയും റിസര്‍വ് താരങ്ങളേയും കണ്ടെത്തിയത്. എന്നാല്‍ അസെന്‍സിയോയുടെ പരുക്ക് ബെയിലിനെതിരേ ക്ലബിനും സിദാനുമുള്ള നിലപാടില്‍ മാറ്റം വന്നേക്കും. കഴിഞ്ഞ സീസണില്‍ പൂര്‍ണ പരാജയമായ റയല്‍ മാഡ്രിഡ് സിനദീന്‍ സിദാന്റെ കീഴില്‍ മികച്ച ഒരുക്കം നടത്തുന്നതിനിടെയാണ് അസെന്‍സിയോയുടെ പരുക്ക് ആശങ്ക പരത്തിയത്. രണ്ട് ഗോളിന് പിറകില്‍ നിന്നിരുന്ന റയല്‍ മാഡ്രിഡിനെ സമനിലയിലെത്തിച്ചത് ഗരത് ബെയിലും മാര്‍ക്ക് അസെന്‍സിയോയുമായിരുന്നു. 56, 59 മിനുട്ടുകളിലായിരുന്നു ഇരുവരുടെയും ഗോളുകള്‍. 10, 24 മിനുട്ടുകളില്‍ ഗോള്‍ നേടി ആദ്യ പകുതിയില്‍ തന്നെ ആഴ്‌സനല്‍ റയലിനെതിരേ രണ്ട് ഗോളിന്റെ ലീഡ് നേടി. മത്സരം സമനിലയിലായതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. പെനാല്‍റ്റിയില്‍ 3-2 എന്ന സ്‌കോറിന് റയല്‍ മാഡ്രിഡ് വിജയം സ്വന്തമാക്കി ഇന്റര്‍നാഷന്‍ ചാംപ്യന്‍സ് കപ്പിന്റെ നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു. അസെന്‍സിയോയുടെ പരുക്ക് കാരണം വരും ദിവസങ്ങളില്‍ ബെയിലിന്റെ കാര്യത്തില്‍ സിദാന്‍ കൃത്യമായ നിലപാട് വ്യക്തമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."