കൊച്ചി കോര്പറേഷന് ഡെ. മേയര്‍ തെരഞ്ഞെടുപ്പില്‍ കയ്യാങ്കളി
കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ ഇന്നലെ നടന്ന ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. യു.ഡി.എഫ് അംഗങ്ങള്‍ രണ്ടു മണിക്ക് തന്നെ ഹാളില്‍ എത്തിയെങ്കിലും എല്‍.ഡി.എഫ് അംഗങ്ങള്‍ എത്തിയിരുന്നില്ല.
വൈകിയെത്തിയ എല്‍.ഡി.എഫ് അംഗങ്ങളെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം തുടങ്ങുകയായിരുന്നു. ആര് പങ്കെടുക്കണം, വേണ്ട എന്നത് തന്റെ വിവേചനാധികാരമാണെന്ന് വരാണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ എസ് സുഹാസ് നിലപാടെടുത്തു. കലക്ടര്‍ പക്ഷപാതപരമായി പെരുമാറുന്നവെന്ന് ആരോപിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധം തുടങ്ങി. ഇതിനിടെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളിലേക്ക് എത്തിച്ചേര്‍ന്നു.
ഇതോടെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ ഇറങ്ങി. ഇത് കണ്ട എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരും യു.ഡി.എഫിനെതിരേ മുദ്രാവാക്യം വിളിക്കാന്‍ ആരംഭിച്ചു. ഈ സമയം പുറത്തുള്ള ബാക്കി കൗണ്‍സിലര്‍മാര്‍ അകത്തേക്ക് കടക്കാതിരിക്കാന്‍ യു.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സില്‍ ഹാള്‍ പൂട്ടി. ഇത് ചോദ്യം ചെയ്തു എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ രംഗത്ത് എത്തിയതോടെ വാഗ്വാദം ഉന്തും തള്ളിലേക്കും മാറി. ഇതിനിടെ രജിസ്റ്ററില്‍ ചില എല്‍.ഡി.എഫ് അംഗങ്ങള്‍ ഒപ്പിടാന്‍ തുടങ്ങിയതോടെ ചില കൗണ്‍സിലര്‍മാര്‍ രജിസ്റ്റര്‍ വലിച്ചുകീറി. ഇതോടെ കൗണ്സില്ര്മാര് തമ്മില്‍ കയ്യാങ്കളിയായി. ഒടുവില്‍ ജില്ലാ കലക്ടര്‍ തീരുമാനിക്കണമെന്നാവശ്യമുയര്‍ന്നു.
എന്നാല്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ അടക്കം വന്നു വോട്ട് ചെയ്തു പോകട്ടെയെന്നാണ് കലക്ടര്‍ തീരുമാനിച്ചത്. അതില്‍ എതിര്‍പ്പുണ്ടെങ്കില്‍ യു.ഡി.എഫ് അംഗങ്ങള്‍ക്ക് നിയമപരമായി പരാതിയുമായി മുന്നോട്ടുപോകാമെന്നും കലക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി. ബഹളത്തിനു ശേഷം ആദ്യറൗണ്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കലക്ടറുടെ നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് പ്രകടനമായി കൗണ്‍സില്‍ ഹാളില്‍ നിന്ന് പുറത്തേക്ക് പോയി.
തുടര്‍ന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ അസാന്നിധ്യത്തില്‍ നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ കെ.എ അന്‍സിയ ഡെപ്യുൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."