യു.പി: മിശ്രവിവാഹിതരായ ദമ്പതികളെ ഒന്നിപ്പിച്ച് ഹൈക്കോടതി
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മതംമാറ്റ നിരോധനനിയമത്തിന്റെ പേരിലുള്ള പൊലിസ് നടപടികള്‍ വിവാദമായിരിക്കെ ഇത്തരത്തിലുള്ള ദമ്പതികളെ ഒന്നിപ്പിച്ച് ഹൈക്കോടതി.
നിയമപ്രകാരം വിവാഹിതരായ ശേഷം വീട്ടുകാര്‍ വേര്‍പിരിച്ച ഭാര്യയെ ഭര്‍ത്താവിനൊപ്പം വിട്ട് അലഹാബാദ് ഹൈക്കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പ്രായപൂര്‍ത്തിയായ വ്യക്തി ആര്‍ക്കൊപ്പം ജീവിക്കണമെന്നുള്ളത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും അതില്‍ മൂന്നാംകക്ഷിക്ക് സ്ഥാനമില്ലെന്നും വ്യക്തമാക്കിയാണ് കോടതിയുടെ നടപടി. ഇറ്റ സ്വദേശികളായ സല്‍മാന്‍-ശിഖ ദമ്പതികളുടെ കേസിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
സല്‍മാനെ വിവാഹം കഴിച്ച ശിഖയെ അവരുടെ വീട്ടുകാര്‍ ബലംപ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോയി വീട്ടില്‍ അടച്ചിരുന്നു. പിന്നാലെ, മകളെ തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടി സല്‍മാനെതിരേ ശിഖയുടെ കുടുംബം പരാതിയും നല്‍കി. ഇതുപ്രകാരം യുവാവിനെതിരേ കേസെടുക്കുകയുമുണ്ടായി. ഇതിനെതിരേ സല്‍മാന്‍ ആണ് ഹരജി നല്‍കിയത്. ഹരജി പരിഗണിച്ച കോടതി, സല്‍മാനെതിരായ കേസ് റദ്ദാക്കുകയും ശിഖയെ അദ്ദേഹത്തിനൊപ്പം വിടുകയുംചെയ്തു.
രേഖകള്‍ പ്രകാരം ശിഖക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ട്. ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതും. അതിനാല്‍ അതിന് തടസം നില്‍ക്കാന്‍ കോടതിക്ക് കഴിയില്ല. സ്വയം തെരഞ്ഞെടുപ്പിന് അവര്‍ക്ക് അവകാശമുണ്ടെന്നും മറ്റൊരാള്‍ക്കും നിയന്ത്രിക്കാന്‍ അവകാശമില്ലെന്നും ജഡ്ജിമാരായ പങ്കജ് നഖ്‌വിയും വിവേക് അഗര്‍വാളും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കൂടാതെ ദമ്പതികള്‍ വീട്ടില്‍ എത്തുന്നതുവരെ സുരക്ഷ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."