നിലാവത്ത് വിട്ട രാഷ്ട്രീയക്കോഴികള്‍
തന്റെ കൈയിലെ അസ്ഥികള്‍ അടിച്ചുടയ്ക്കുകയും സഹപ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്ത കേരളത്തിലെ പൊലിസിനെക്കുറിച്ച് എല്ലുപൊട്ടിയിട്ടും എല്‍ദോ എം.എല്‍.എ പറഞ്ഞത് അവര്‍ നിലവാത്ത് വിട്ട കോഴികളെപോലെയാണെന്നാണ്. ഇത്രയും ചേര്‍ച്ചയില്ലാത്ത ഒരു പ്രതികരണം ഇതുവരെ മറ്റാരും നടത്തിക്കണ്ടിട്ടില്ല. പ്രകോപിതമാവാത്ത ശാന്തമായ മനസില്‍ നിന്നും വന്ന മിതമായ വാക്കുകള്‍ ആയിരിക്കാമത്. നിലാവത്ത് വിട്ട കോഴികള്‍ ഇന്നുവരെ ആരെയും ഉപദ്രവിച്ചതായി അറിയില്ല. അവ കണ്ണു കാണാതെ ഭ്രമിക്കുകയും കരയുകയും ചെയ്‌തേക്കാം. അതിലേറെ ഒന്നും സംഭവിക്കാനില്ല. മനുഷ്യര്‍ കൂട്ടമായി വന്നാലും ഒറ്റക്ക് വന്നുപെട്ടാലും ആര്‍ത്തിയോടെ തല്ലിചതയ്ക്കുകയും കൊല്ലുകയും ചെയ്യുന്ന ക്രിമിനല്‍ സംഘങ്ങളാണ് ഒരു വിഭാഗം പൊലിസുകാര്‍. ആട്ടിന്‍തോലിട്ട ചെന്നായകള്‍ എന്നൊക്കെ അദ്ദേഹത്തിന് പറയാമായിരുന്നു. പക്വതയുള്ള നല്ലവനാകയാല്‍ പറഞ്ഞില്ല. നിലാവത്ത് വിട്ട കോഴികളെ പോലെ അന്തംവിട്ട് നില്‍ക്കുന്നതും പെരുമാറുന്നതും ഇപ്പോള്‍ സി.പി.ഐ നേതാക്കളാണ്, പൊലിസല്ല. നട്ടുച്ച നേരത്ത് നല്ല സൂര്യപ്രകാശത്തില്‍ ആളിനെയും പാര്‍ട്ടിയേയും തിരിച്ചറിഞ്ഞു തന്നെയാണ് കേരളത്തിലെ പൊലിസ് തല്ലി ചതയ്ക്കുന്നത്.
സംസ്ഥാനത്തെ മുഴുവന്‍ പൊലിസ് ഉദ്യോഗസ്ഥരും ഒരുപോലെ മോശമാണെന്ന് കരുതുന്നില്ല. തികച്ചും രാഷ്ട്രീയവല്‍കരിക്കപ്പെട്ട് പാര്‍ട്ടിയോട് മാത്രം കൂറുപുലര്‍ത്തുന്ന ക്രിമിനില്‍ സംഘങ്ങള്‍ പൊലിസില്‍ എമ്പാടുമുണ്ട്. അവരുടെ കിരാതവാഴ്ചക്ക് കൂട്ടുനില്‍ക്കുന്ന ഏമാന്മാരും നാടിനെ തകര്‍ക്കുകയാണ്. ഇടതുപക്ഷമുന്നണിക്ക് അധികാരത്തില്‍ നിന്നും പുറത്തേക്കുള്ള വഴി കാണിക്കലാവും ഈ പ്രവൃത്തിയുടെ ഫലം. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അദ്ദേഹം വരച്ചിട്ട ലക്ഷ്മണ രേഖ ലംഘിക്കുന്നതായി ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറയുകയുണ്ടായി.
പൊലിസിനെ കയറൂരിവിട്ട് തന്റെ ഇംഗിതം നടപ്പിലാക്കിയ ശേഷമുള്ള ഒരു ജല്‍പ്പനം മാത്രമാണിത്. ജനങ്ങള്‍ ഉയര്‍ത്തുന്ന കടുത്ത എതിര്‍പ്പിനും തെരഞ്ഞെടുപ്പില്‍ നേരിട്ട ദയനീയ പരാജയത്തിനും കാരണം കണ്ടെത്താനുള്ള വ്യഗ്രതയില്‍ പൊലിസിനുമേല്‍ പഴിചാരുകയാണ് അദ്ദേഹം ചെയ്തത്. നാറാണത്തു ഭ്രാന്തനെപോലെയെന്നും, ആര്‍.എസ്.എസിന്റെ ഒറ്റുകാരെന്നും വരെ അദ്ദേഹം പൊലിസിനെ കുറ്റപ്പെടുത്തി. ഈ രണ്ട് വിശേഷണങ്ങളും കൂടുതല്‍ ഇണങ്ങുന്നത് ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനാണെന്ന് പറയാന്‍ പൊലിസിനാവില്ലല്ലോ.
പറയിപെറ്റ പന്ത്രണ്ടു മക്കളില്‍ ചാത്തനും പാണനും പാക്കനാരും ഉപ്പുകൊറ്റനും, രചകനും, കാരക്കലമ്മയും ഒക്കെ ഉണ്ടായിരുന്നു. അവരെയെല്ലാം പ്രതിനിധാനം ചെയ്യുന്നവര്‍ മന്ത്രിസഭയിലും പുറത്തുമായി ഭരണകക്ഷിയില്‍ കാണുമായിരിക്കും. വെറും കാഴ്ചക്ക് വേണ്ടി ഈ ഞാനും എന്ന് പ്രശസ്ത കവി മദുസൂദനന്‍ നായര്‍ ഉദാഹരിച്ച നാറാണത്ത് ഭ്രാന്തനെ നമുക്കിനിയും തിരയാം. അവനെന്തായാലും അനാഥനും മൂഢനും, ഭ്രാന്തനും, മൂകമുരുകുന്നവനുമായിരുന്നല്ലോ. മാര്‍ക്‌സിസ്റ്റുകാരെ നേരിടേണ്ടി വരുന്ന എല്ലാ സ്ഥലത്തും പൊലിസ് അച്ചടക്കത്തോടെ വാലാട്ടി നില്‍ക്കുകയും അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയുമാണ് ചെയ്യുന്നത്. നിയമാനുസൃതം ജോലി ചെയ്യുന്ന വല്ല പൊലിസ് ഉദ്യോഗസ്ഥരും അവര്‍ പ്രതികളായ കേസുകളില്‍ ഇടപെട്ടാല്‍ സ്ഥലംമാറ്റവും സസ്‌പെന്‍ഷനുമാണ് ഫലം. പരാതിക്കാരുടെ പേരിലാണ് കേസെടുക്കുന്നത്. തികച്ചും പക്ഷാപാതപരമായി പെരുമാറുന്ന സി.പി.എം അല്ലാത്ത ആര്‍ക്കും അവരുടെ ഭരണത്തില്‍ പതിവുപോലെ രക്ഷയില്ല. സി.പി.ഐക്കാരും ആ പട്ടികയില്‍ ഉള്‍പ്പെടുന്നു. എതിര്‍പ്പു പ്രകടിപ്പിക്കുന്ന ആരെയും സ്വന്തം പാര്‍ട്ടിക്കാരായാല്‍പോലും അവര്‍ നേരിടുന്ന രീതി ഇന്ന് നമുക്ക് പരിചിതമാണ്.
ഇടതുപക്ഷക്കാരായ ജിഷ്ണുവിന്റെയും അമ്മയുടെയും കൂടെ നിന്നില്ല, കുത്തുകൊണ്ട അഖിലിന്റെ കൂടെ നിന്നില്ല. സാജന്‍ പാറയിലിന്റെ കുടുംബത്തോടൊപ്പം നിന്നില്ല. ഇതുപോലെ എത്രയോ ഉദാഹരണങ്ങള്‍ പറയാവുന്നതാണ്. പിന്നെ എന്തു സി.പി.ഐ. 1978ല്‍ മുഖ്യമന്ത്രിയായിരുന്ന പി.കെ.വിയെ രാജിവെപ്പിച്ച് സി.പി.എമ്മിന് അടിമപ്പണി ചെയ്യാന്‍ തീരുമാനിച്ചതോടെ സി.പി.ഐ എന്ന പാര്‍ട്ടിയുടെ ഗതി താഴോട്ടാണ്. അതിലേക്ക് നയിച്ചത് 1978ല്‍ ഭട്ടിന്‍ഡയില്‍ ചേര്‍ന്ന 11ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനങ്ങളാണ്.
ഡാങ്കേയും, യോഗേന്ദ്ര ശര്‍മ്മയും സത്പാല്‍ഡാംഗും, റോസാദേശ് പാണ്ഡേയുമൊക്കെ അവതരിപ്പിച്ച ബദല്‍ രേഖകളെ നിരാകരിച്ചുകൊണ്ട് പാര്‍ട്ടിയെ സി.പി.എമ്മിന്റെ തെഴുത്തില്‍ കെട്ടാന്‍ അന്നാണ് തീരുമാനിച്ചത്. ജനാധിപത്യം കമ്യുണിസ്റ്റുകാര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. എങ്കിലും സ്റ്റാലിനിസമെന്ന ഏകാധിപത്യവും, അസഹിഷ്ണുതയും അവര്‍ ഉപേക്ഷിക്കേണ്ടതായിരുന്നു. ഇപ്പോഴും സി.പി.എം നേതാക്കള്‍ കലര്‍പ്പില്ലാത്ത സ്റ്റാലിനിസമാണ് തുടരുന്നത്. ഇത് ഫാസിസത്തേക്കാള്‍ ഒട്ടും മെച്ചപ്പെട്ട ഒന്നല്ല. ലോകത്ത് ഏറ്റവും ക്രൂരത കാണിച്ച മൂന്ന് ഭരണാധികാരികള്‍ ഹിറ്റ്‌ലര്‍, സ്റ്റാലിന്‍, മാവോ തുടങ്ങിയവരാണ്. അതില്‍ രണ്ടു പേരും കമ്മ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഉല്‍പ്പന്നങ്ങളാണ്.
കേരളത്തില്‍ മാത്രം മാര്‍ക്‌സിസ്റ്റുകള്‍ നടത്തിയ കൊടുംക്രൂരതകള്‍ എണ്ണമറ്റതാണ്. സി.പി.ഐ ഉള്‍പ്പെടെ മറ്റുള്ളവരെല്ലാം അതിന്റെ ഇരകളാണ്. അപൂര്‍വമായി തിരിച്ചടികള്‍ അവര്‍ നേരിട്ടുകാണും. അതുവെറും സ്വാഭാവികം മാത്രം. കമ്യൂണിസ്റ്റുകാര്‍ ഭരിക്കാനിടയായ അനേക രാഷ്ട്രങ്ങളില്‍ നടന്ന കൊടുംക്രൂരതകള്‍ തുല്യതയില്ലാത്തതാണ്. 1964 ല്‍ ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നത്. തികച്ചും ജനാധിപത്യവിരുദ്ധമായ ഒരു നടപടിക്രമത്തിലൂടെയാണ് ഈ രാഷ്ട്രീയശിശു അമ്മയുടെ ഉദരത്തില്‍ നിന്നും പുറത്തുവന്നത്. സി.പി.ഐ കേന്ദ്രകമ്മിറ്റിയില്‍ അന്ന് 101 പേരാണ്. അതില്‍ ഭൂരിപക്ഷ അഭിപ്രായം മാനിക്കാതെ 32 പേര്‍ ഇറങ്ങിപ്പോന്നു. അവര്‍ യോഗം ചേര്‍ന്നൊരു പുതിയ പാര്‍ട്ടി രൂപീകരിച്ചു. അതാണ് മാര്‍കിസ്റ്റുപാര്‍ട്ടി. പിന്നീട് പ്രസ്തുത പാര്‍ട്ടിയില്‍ നിന്നും പലരും പുറത്തുവരികയും അനേകം കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ വിവിധ കാലഘട്ടങ്ങളില്‍ രൂപീകരിക്കുകയും ചെയ്തു.
നക്‌സലൈറ്റുകള്‍, മാവോയിസ്റ്റുകള്‍ തുടങ്ങി പിന്നീട് 70 ലധികം പാര്‍ട്ടികള്‍ ചെങ്കൊടിയേന്തി നടന്നു. എല്ലാവരും അവകാശപ്പെടുന്നത് തങ്ങളാണ് ശരിയായ കമ്യൂണിസ്റ്റുകാര്‍ എന്നാണ്. സി.പി.എം ജനിക്കുന്നതിനു മുമ്പാണ് ലോകത്ത് ആദ്യമായി തെരഞ്ഞെടുപ്പിലൂടെ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയത്. ഒറ്റക്ക് കേരളം ഭരിച്ച പാര്‍ട്ടിയായിരുന്നു സി.പി.ഐ. 1960ല്‍ മോസ്‌കോവില്‍ ചേര്‍ന്ന 81 പാര്‍ട്ടികളുടെ ലോക കമ്യൂണിസ്റ്റ് സമ്മേളനം പാര്‍ലിമെന്ററി ജനാധിപത്യവും തെരഞ്ഞെടുപ്പും അധികാരത്തിലേക്കുള്ള വഴികളില്‍ ചിലതായി അംഗീകരിച്ചത് ഇക്കാരണം കൊണ്ടാണ്. അതിനും ഒരു വര്‍ഷം മുന്‍പ് 1959ല്‍ ആ സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ടിരുന്നു.
മോസ്‌കോ സമ്മേളനത്തില്‍ 79 പാര്‍ട്ടികള്‍ അംഗീകരിച്ച സമ്മേളന രേഖയോട് ചൈനയിലേയും അല്‍ബേനിയയിലേയും കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ മാത്രമാണ് വിയോജിച്ചത്. ഇന്ത്യന്‍ പാര്‍ട്ടി ഭൂരിപക്ഷമായ 79 പാര്‍ട്ടികളില്‍ ഒന്നായിരുന്നു. പുതിയ കാലഘട്ടത്തിലെ വിപ്ലവ തന്ത്രങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും മാര്‍ഗ്ഗങ്ങളെക്കുറിച്ചും ആ പാര്‍ട്ടികള്‍ അഭിപ്രായ സമന്വയമുണ്ടാക്കി. 60ലെ സമ്മേളനത്തിലെ രേഖകളില്‍ ഒപ്പുവെച്ച ഇന്ത്യന്‍ പാര്‍ട്ടി പ്രതിനിധികളില്‍ ഒരാളായിരുന്നു ഇ.എം.എസ് നമ്പൂതിരിപ്പാട്. ആ മഷി ഉണങ്ങും മുന്‍പ് ഇന്ത്യയില്‍ തിരിച്ചുവന്ന അദ്ദേഹം മറ്റു ചില കേന്ദ്ര നേതാക്കളോട് ചേര്‍ന്ന് ഇന്ത്യന്‍ പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമം തുടങ്ങി. ചൈനയുടെ പിന്തുണ അവര്‍ക്കുണ്ടായിരുന്നു. 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചു. കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ മറ്റു രാജ്യങ്ങളെ അക്രമിക്കുകയില്ലെന്ന ധാരണ അവര്‍ കാറ്റില്‍ പറത്തി.
ഇന്ത്യയെ ആക്രമിച്ച ചൈനയെ സി.പി.ഐ തള്ളിപ്പറഞ്ഞു. നമ്പൂതിരിപ്പാടാകട്ടെ ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടേതെന്നും പറയുന്ന അതിര്‍ത്തി ലംഘിക്കപ്പെട്ടിരിക്കുന്നു എന്ന് പ്രസ്താവിച്ചു.
1963 ജൂണില്‍ ചൈനീസ് പാര്‍ട്ടി ലെനിനിസം നീണാള്‍ വാഴട്ടെ എന്ന തലവാചകത്തില്‍ ഇതര പാര്‍ട്ടികള്‍ക്കൊരു കത്തയച്ചു. വാസ്തവത്തില്‍ കത്തിന്റെ ഉള്ളടക്കം ലെനിനിസ്റ്റ് സിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. നമ്പൂതിരിപ്പാടും കൂട്ടരും ആ കത്തിലെ കാര്യങ്ങളോട് യോജിച്ചു. ചൈനീസ് പാര്‍ട്ടി മാവോയുടെ സിദ്ധാന്തങ്ങള്‍ സ്വീകരിക്കുകയും മാര്‍ക്‌സിസത്തിന്റെ മുഖ്യധാരയില്‍ നിന്നും വ്യതിചലിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ പാര്‍ട്ടിയിലെ ഒരു ചെറു വിഭാഗം അവരോട് പ്രതിബദ്ധത പുലര്‍ത്തി. വേറെയും ചിലവിഷയങ്ങളും തര്‍ക്കങ്ങളും കുത്തിപ്പൊക്കി അവര്‍ പാര്‍ട്ടി രണ്ടാക്കി. 1967 വരെ അവര്‍ ചൈനീസ് പക്ഷത്ത് നിന്നു. 1967ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയെ തള്ളിപ്പറഞ്ഞു. സാമ്രാജ്യത്തിന്റെ ചെരിപ്പുനക്കികളാണെന്ന് അവരെ ആക്ഷേപിച്ചു. ഗതികെട്ട നമ്പൂതിരിപ്പാട് ലോക കമ്യൂണിസം മരിച്ചുവെന്ന് പ്രഖ്യാപിച്ചു. അതോടെ തങ്ങളൊരു ദേശീയ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് അവകാശപ്പെട്ടു. കോണ്‍ഗ്രസിനെ അവര്‍ മുഖ്യശത്രുവായി കണ്ടു. ഇപ്പോഴും ആ നിലപാട് തുടരുന്നു.
മോദിയോടും ബി.ജെ.പിയോടും അവര്‍ക്കത്ര എതിര്‍പ്പില്ല. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏത് ചെകുത്താനോടും കൂട്ടുചേരുമെന്ന് 1967ല്‍ നമ്പൂതിരിപ്പാട് പ്രഖ്യാപിച്ചു. ആ ചെകുത്താന്മാരില്‍ ജനസംഘവും ബി.ജെ.പിയുമെല്ലാം ഉള്‍പ്പെട്ടു. നിരവധി സംസ്ഥാനങ്ങളില്‍ അവര്‍ അത്തരം കൂട്ടുകെട്ടുകളില്‍ ഏര്‍പ്പെട്ടു പ്രാദേശിക കക്ഷികളെ നയവും പരിപാടികളും നോക്കാതെ ഒപ്പം നിര്‍ത്തി. അവരുടെ രണ്ടാമത്തെ സുപ്രധാന ശത്രു സി.പി.ഐ ആയിരുന്നു. അവരെ പരിഹസിക്കാനും തകര്‍ക്കാനും ഇകഴ്ത്താനും പഠിച്ചപണി പതിനെട്ടും അന്നു മുതല്‍ അവര്‍ നടത്തിവരികയാണ്. അതിന്നും തുടരുന്നു.
എറണാകുളം സംഭവത്തിന്റെ അന്തര്‍ധാരയും അതാണ്. എത്രയോ പ്രബല നേതാക്കളും പ്രവര്‍ത്തകരും സി.പി.ഐക്ക് നഷ്ടപ്പെട്ടു. അവയെല്ലാം അവര്‍ തന്ത്രപരമായി മറന്നു. ഇപ്പോള്‍ പൊട്ടിയ എല്ലുകള്‍ കൂടിച്ചേരും. മുറിവുകള്‍ ഉണങ്ങും. കത്തിക്കിരയായി മരിച്ചവരുടെ കുടുംബങ്ങള്‍ അനാഥമാവും. അവയെല്ലാം കാനവും കൂട്ടരും ഇനിയും വിസ്മരിക്കും. ദേശീയ പാര്‍ട്ടി എന്ന പദവി പോവും, തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കും. പാര്‍ട്ടിയെ നയിക്കാനുള്ള യോഗ്യതയോടൊപ്പം തിരുത്താനും ഒരു യോഗ്യത വേണം. അതില്ലെങ്കില്‍ എന്തു ചെയ്യും ?
കോണ്‍ഗ്രസ് മുന്നണിക്കൊപ്പം അണി നിരന്നപ്പോള്‍ മാത്രമാണ് എം.എല്‍.എമാര്‍, എം.പിമാര്‍, ഭരണ പങ്കാളിത്തം, മുഖ്യമന്ത്രി, മന്ത്രിമാര്‍, തദ്ദേശ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എല്ലാം സി.പി.ഐക്ക് വേണ്ടത്ര പ്രാപ്യമായത്. എങ്കിലും സി.പി.ഐ, സി.പി.എമ്മിന് ദാസ്യവൃത്തി ചെയ്യുകയാണ്. രാഷ്ട്രത്തോടും ജനങ്ങളോടും, ജനാധിപത്യത്തോടും കൂറുപുലര്‍ത്തുന്നവര്‍ ഒരുമിച്ചു നില്‍ക്കേണ്ടുന്ന ഘട്ടത്തില്‍ കൂടപ്പിറപ്പുകളൊടെങ്കിലും ദാക്ഷിണ്യം കാണിക്കാന്‍ സി.പി.എം തയാറാവണം. തുല്ല്യ ദുഖിതരെയെങ്കിലും തല്ലാതിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."