ഇന്ത്യ-പാക് യുദ്ധ ഹീറോ ബ്രിഗേഡിയര്‍ ഉസ്മാന്റെ മഖ്ബറയ്ക്കു നേരെ ആക്രമണം
ന്യൂഡല്‍ഹി: രാജ്യം വിഭജിക്കപ്പെട്ടതിനു പിന്നാലെ 1947- 48 കാലത്ത് പാകിസ്താനുമായുണ്ടായ യുദ്ധത്തിലെ ഹീറോ ബ്രിഗേഡിയര്‍ ഉസ്മാന്റെ മഖ്ബറയ്ക്കു നേരെ ആക്രമണം.
ഡല്‍ഹി ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ സര്‍വകലാശാലയ്ക്കു സമീപം ബട്‌ലാ ഹൗസില്‍ ഉസ്മാനെ അടക്കംചെയ്ത കല്ലറയാണ് ആക്രമിക്കപ്പെട്ടത്. ജാമിഅ മില്ലിയ്യയ്ക്കു തന്നെയാണ് മഖ്ബറ ഉള്‍പ്പെടുന്ന ശ്മശാനം സംരക്ഷിക്കാനുള്ള ചുമതല. ഇന്നലെ രാവിലെ സ്ഥലം സന്ദര്‍ശിച്ച ജാമിഅ അധ്യാപകരാണ് ഉസ്മാന്റെ ഖബറിനു മുകളില്‍ കെട്ടിയുയര്‍ത്തിയ ഭാഗം ആക്രമിക്കപ്പെട്ടതായി കണ്ടത്. ആക്രമണത്തില്‍ അതിലെ മാര്‍ബിളുകള്‍ അടര്‍ന്നുവീണിട്ടുണ്ട്. സംഭവത്തിനു പിന്നിലുള്ളവരെ കണ്ടെത്തിയിട്ടില്ല.
സ്വാതന്ത്ര്യാനന്തരം പാക് കരസേനാ മേധാവി പദവിയുള്‍പ്പെടെ ഒട്ടേറെ വാഗ്ദാനമുണ്ടായെങ്കിലും അതെല്ലാം നിരസിച്ച് ഇന്ത്യയില്‍ തന്നെ കഴിഞ്ഞ ഉസ്മാന്‍, വിഭജനകാലത്ത് പാകിസ്താനിലെ ബലോച് റെജിമെന്റില്‍ നിന്ന് രാജിവച്ചാണ് ഡോഗ്ര റെജിമെന്റിനു കീഴില്‍ സേവനംചെയ്തത്. അസാമാന്യ ധീരത പ്രകടിപ്പിച്ചതിനാല്‍ നൗഷിര ക ഷേര്‍ (നൗഷിരയിലെ സിംഹം) എന്ന വിശേഷണം അദ്ദേഹത്തിനു ലഭിച്ചു.
നൗഷിര മേഖലയിലെ യുദ്ധമുന്നണിയിലേക്കു നിയമിക്കപ്പെട്ട ഉസ്മാന്‍, കശ്മീരില്‍ നിന്ന് പാക് സൈന്യത്തെ തുരത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇതോടെ ഉസ്മാന്റെ തലയ്ക്ക് പാകിസ്താന്‍ 50,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. 1948 ജൂലൈ മൂന്നിന് ടാങ്കര്‍ പ്രതിരോധിക്കുന്നതിനിടെയാണ് ഉസ്മാന്‍ വീരമൃത്യു വരിച്ചത്.
അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ്, പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, ഗവര്‍ണര്‍ ജനറല്‍ സി. രാജഗോപാലാചാരി ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന്റെ ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തിരുന്നു. രാജ്യം മഹാവീരചക്രം നല്‍കി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."