സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ എന്‍.ഐ.എ വീണ്ടുമെത്തി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദേശീയ അന്വേഷണ സംഘം വീണ്ടും സെക്രട്ടേറിയേറ്റിലെത്തി. രണ്ട് അന്വേഷണോദ്യോഗസ്ഥരും ഒരു സാങ്കേതിക വിദഗ്ധനുമടങ്ങുന്ന സംഘം ഇന്നലെ രാവിലെ 11 മണിയോടെയാണ് എത്തിയത്.
പരിശോധന നടത്താന്‍ ചീഫ് സെക്രട്ടറിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് സിഡാക്കിന്റെ സഹായത്തോടെ 14 കാമറകളിലെ ദൃശ്യങ്ങള്‍ അവര്‍ ഹാര്‍ഡ് ഡിസ്‌കിലേക്കു പകര്‍ത്തി. ഇതിനു മുന്‍പും പലവട്ടം എന്‍.ഐ.എ സംഘം സെക്രട്ടേറിയേറ്റിലെത്തിയിരുന്നു. സ്വപ്ന സുരേഷടക്കം സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ സെക്രട്ടേറിയേറ്റില്‍ എത്രതവണ വന്നിട്ടുണ്ടെന്നും ഏതൊക്കെ ഓഫിസുകളില്‍ പോയിട്ടുണ്ടെന്നുമറിയാനാണ് എന്‍.ഐ.എ കാമറ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ ഈ വര്‍ഷം ജൂലൈ 10 വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് ദേശീയ അന്വേഷണ ഏജന്‍സി പൊതുഭരണ വകുപ്പിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 83 കാമറകളുടെ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കാന്‍ സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്‍.ഐ.എയ്ക്ക് സെക്രട്ടേറിയേറ്റിലെത്തി ദൃശ്യങ്ങള്‍ പരിശോധിക്കാവുന്നതാണെന്നും പൊതുഭരണ വകുപ്പ് അറിയിച്ചിരുന്നു. പിന്നീട് ദൃശ്യങ്ങള്‍ കോപ്പി ചെയ്ത് നല്‍കാന്‍ ഹാര്‍ഡ് ഡിസ്‌ക് വാങ്ങാന്‍ ആഗോള ടെന്‍ഡര്‍ വിളിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ ലഭിക്കുന്നതില്‍ കാലതാമസമുണ്ടായതിനെ തുടര്‍ന്നാണ് ഇന്നലെ ഹാര്‍ഡ് ഡിസ്‌കുമായെത്തി എന്‍.ഐ.എ സംഘം അന്വേഷണത്തിനാവശ്യമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."