കൊവിഡ് വാക്‌സിന്‍ നാല് സംസ്ഥാനങ്ങള്‍ ഡ്രൈ റണ്‍ തുടങ്ങി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി നാല് സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ തുടങ്ങി.
ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ രണ്ടു ജില്ലകളില്‍ വീതം അഞ്ച് സെഷനുകളിലായാണ് ഡ്രൈ റണ്‍ തുടങ്ങിയത്. ഡ്രൈ റണ്‍ ഇന്ന് പൂര്‍ത്തിയാകും. കൊവിഡ് വാക്‌സിന്‍ പൊതുജനങ്ങള്‍ക്കു നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ വാക്‌സിനില്ലാതെ നടത്തുന്ന മോക് ഡ്രില്‍ പോലുള്ള സംവിധാനമാണ് ഡ്രൈ റണ്‍. വാക്‌സിന്‍ എത്തുന്നതോടെ ഇതേ രീതിയില്‍ തന്നെയാകും വാക്‌സിന്‍ കൊടുത്തു തുടങ്ങുക.
200 പേരെയെങ്കിലും കുത്തിവയ്പ് കേന്ദ്രത്തില്‍ എത്തിച്ചാകും ഡ്രൈ റണ്‍ നടത്തുക. വാക്‌സിന്‍ വിതരണത്തിനുള്ള മാര്‍ഗരേഖകള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഇതിലൂടെ ഉറപ്പാക്കും. വാക്‌സിന്‍ ശേഖരണം, ശീതീകരണ സംവിധാനം, വിതരണത്തിനുള്ള ക്രമീകരണങ്ങള്‍, ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവയുടെ കൃത്യത തുടങ്ങിയവ ഡ്രൈ റണ്ണില്‍ പരിശോധിക്കും. വാക്‌സിന്‍ കുത്തിവയ്പ് ഒഴികെയുള്ള എല്ലാ നടപടിക്രമങ്ങളും ഡ്രൈ റണ്ണില്‍ ഉണ്ടാകും. ബ്ലോക്ക്, ജില്ലാ തലത്തിലുള്ള ഒരുക്കങ്ങളും വിലയിരുത്തും. വാക്‌സിന്‍ വിതരണത്തിനുള്ള വിശദമായ നടപടിക്രമങ്ങള്‍ തയാറാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം നാല് സംസ്ഥാനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.
രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വാക്‌സിന്‍ കുത്തിവയ്ക്കും എന്നാണ് ആരോഗ്യമന്ത്രാലയം നല്‍കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. ഓരോ കേന്ദ്രത്തിലും ഡോക്ടര്‍ക്കു പുറമേ നഴ്‌സ്, ഫാര്‍മസിസ്റ്റ്, പൊലിസ്, ഗാര്‍ഡ് എന്നിവരുമുണ്ടാകും. പ്രതിദിനം 200 പേര്‍ക്ക് വരെയാകും ഓരോ കേന്ദ്രത്തിലും വാക്‌സിന്‍ നല്‍കുക. കുത്തിവച്ചവരെ അരമണിക്കൂര്‍ നിരീക്ഷിക്കും. കുത്തിവയ്പിനും നിരീക്ഷണത്തിനും പ്രത്യേകം മുറികള്‍ സജ്ജീകരിക്കും. കുത്തിവച്ച് അരമണിക്കൂറിനുള്ളില്‍ പാര്‍ശ്വഫലങ്ങള്‍ പ്രകടമായാല്‍ അവരെ ആശുപത്രിയിലേക്കു മാറ്റാനുള്ള സംവിധാനവും ഡ്രൈ റണ്ണില്‍ പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."