പരിസ്ഥിതിദിനത്തില്‍ ഏഴു ലക്ഷം വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കും
തിരുവനന്തപുരം: മാവും പ്ലാവും പുളിയും ഞാവലും നെല്ലിയും നീര്‍മരുതും കണിക്കൊന്നയും ബദാമും തിങ്ങി വളരുന്ന നല്ല നാളെക്കുള്ള തയാറെടുപ്പിലാണ് ജില്ല. ഇതിന്റെ ഭാഗമായി ഏഴ് ലക്ഷത്തോളം ഫല വൃക്ഷത്തൈകളാണ് ഈ പരിസ്ഥിതി ദിനത്തില്‍ ജില്ലയിലുടനീളം നട്ടു വളര്‍ത്തുക. വളരെ ആവേശത്തോടെയാണ് ജനങ്ങളും ഉദ്യോഗസ്ഥരും പദ്ധതിയെ സമീപി ക്കുന്നതെന്ന് ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി പറഞ്ഞു.
പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ആളുകള്‍ വൃക്ഷത്തൈകള്‍ അവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഭാവിതലമുറയെ കൃഷിയോടും പ്രകൃതിയോടും ഇണക്കമുള്ളവരാക്കി മാറ്റുന്നതിന് സ്‌കൂളുകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുകയെന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ അദ്ദേഹം പറഞ്ഞു.
രണ്ടരലക്ഷത്തോളം ഫലവൃക്ഷത്തൈകള്‍ സ്‌കൂളുകള്‍ വഴി മാത്രം വിതരണം ചെയ്യും. കോളജ് വിദ്യാര്‍ഥികളെയും പദ്ധതിയുടെ ഭാഗമാക്കും. പദ്ധതിയോട് ജനങ്ങള്‍ കാണിക്കുന്ന ആവേശം അതിന്റെ തുടര്‍ പരിപാലനത്തിലും പ്രതീക്ഷിക്കുന്നതായി കലക്ടര്‍ പറഞ്ഞു. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് സ്‌കൂള്‍ - കോളജ് അധികൃതര്‍ക്ക് തൈകള്‍ കൈമാറുക. തൈകളുടെ വിതരണം ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, തിരുവനന്തപുരം റേഞ്ച് ഓഫിസുകളില്‍ തുടങ്ങിയതായി സോഷ്യല്‍ ഫോറസ്ട്രി അധികൃതര്‍ അറിയിച്ചു.
വിതരണം ജൂണ്‍ മൂന്നിനകം പൂര്‍ത്തിയാക്കി നാലിന് തന്നെ നടീലിനുള്ള ഒരുക്കങ്ങള്‍ തുടങ്ങണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. തൈകള്‍ കൈമാറുന്നതുവരെയുള്ള സംരക്ഷണ ചുമതല ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും ആയിരിക്കും. യോഗത്തില്‍ പഞ്ചായത്ത്, കൃഷി, സോഷ്യല്‍ ഫോറസ്ട്രി വകുപ്പുകള്‍, തൊഴിലുറപ്പ്, കുടംബശ്രീ തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."