ബേക്കറി അക്രമിക്കാന്‍ കൂട്ടാളികളെയും കൂട്ടി അവന്‍ വീണ്ടുമെത്തി
കോത്തഗിരി: കഴിഞ്ഞ ദിവസം കൈകാട്ടിയിലെ ബേക്കറി തകര്‍ത്ത് അതിക്രമം നടത്തിയ വിരുതന്‍ കൂട്ടാളികളുമായെത്തി വീണ്ടും ബേക്കറി തകര്‍ത്തു.
ഇക്കഴിഞ്ഞ ഒന്നാം തിയതിയായിരുന്നു കോത്തഗിരി-കോടനാട് റോഡിലെ കൈകാട്ടിയിലെ ബേക്കറിയില്‍ ആക്രമണമുണ്ടായത്. ബേക്കറിയുടെ മുന്‍വാതില്‍ അടിച്ച് തകര്‍ത്ത് ഉള്ളില്‍ കയറി അലമാരയുടെ ചില്ലുകള്‍ തകര്‍ത്ത് ഭക്ഷണസാധനങ്ങള്‍ അകത്താക്കുകയും ബാക്കിയുള്ളവ നശിപ്പിക്കുകയും ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് കടയുടമ ജഗദീഷിന്റെ പരാതിയില്‍ സ്ഥലത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചപ്പോഴാണ് കള്ളനെ കണ്ട് പൊലിസും കടയുടമയും നാട്ടുകാരും ഞെട്ടിയത്.
ബേക്കറിയില്‍ കയറി നാശനഷ്ടങ്ങള്‍ വരുത്തിവച്ചത് കാടിറങ്ങി വന്ന ഒരു കരടിയായിരുന്നു. ഏതാണ്ട് പുലര്‍ച്ചെ രണ്ട് മണിയോടെ ബേക്കറിയുടെ മുന്‍വാതില്‍ അടിച്ചുതകര്‍ത്ത് ഉള്ളില്‍ കയറിയ കരടി 40 മിനുട്ടോളം കഴിഞ്ഞാണ് പുറത്തിറങ്ങിയത്. ഇതേതുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വനം വകുപ്പ് നിരീക്ഷണമേര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെവരെ കരടിയുടെ സാമീപ്യം പ്രദേശത്തുണ്ടായില്ല. ഇതോടെ വനംവകുപ്പ് ഇവിടെ നിന്നും പിന്‍വാങ്ങി.
എന്നാല്‍ ഇന്നലെ രാത്രി വീണ്ടും ബേക്കറി ആക്രമണമുണ്ടാകുകയായിരുന്നു. ഇത്തവണ രണ്ട് കൂട്ടാളികളുമായാണ് വിരുതന്‍ വീണ്ടും കൈകാട്ടിയിലെത്തിയത്. രാത്രിയെത്തിയ മൂന്നംഗ സംഘം പഴയ ബേക്കറി തന്നെയാണ് ലക്ഷ്യമിട്ടത്. ബേക്കറിക്കുള്ളില്‍ കയറി പഴയ രീതിയില്‍ തന്നെ ഭക്ഷണസാധനങ്ങളടക്കം അകത്താക്കുകയും ബാക്കിയുള്ളവ നശിപ്പിക്കുകയും ചെയ്താണ് സംഘം മടങ്ങിയത്.
തുടര്‍ന്ന് വിവരമറിഞ്ഞ് വനംവകുപ്പ് സംഘമെത്തിയപ്പോള്‍ പ്രദേശത്തുനിന്ന് അല്‍പം മാറി കരടികള്‍ നിലയുറപ്പിച്ചിരിക്കുന്നതാണ് കണ്ടത്. ഇതോടെ പടക്കം പൊട്ടിച്ചും മറ്റും കരടികളെ വനത്തിനുള്ളിലേക്ക് തുരത്തുകയായിരുന്നു. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന കരടികളെ പിടികൂടി ഉള്‍വനത്തിലേക്ക് വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ഥലത്ത് വീണ്ടും വനംവകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."