മിസ്ഡ് കോളിലൂടെ വളര്‍ന്ന ബന്ധം, വിവാഹം മുടക്കിയപ്പോള്‍ കൊലപ്പെടുത്തി, മൃതദേഹം നഗ്നമാക്കി ഉപ്പുവിതറി കുഴിച്ചിട്ടു, മുകളില്‍ ചെടികളും നട്ടു; സൈനികന്റെ ക്രൂരതയില്‍ പകച്ച് അമ്പൂരി ഗ്രാമം
വെള്ളറട: നാട്ടില്‍നടന്ന കേട്ടുകേള്‍വിയില്ലാത്ത കൊലപാതകത്തിന്റെ നടുക്കം മാറാതെ പകച്ചുനില്‍ക്കുകയാണ് അമ്പൂരി തട്ടാമുക്ക് പ്രദേശം. രാഖി (30) കൊലപാതകക്കേസില്‍ പ്രതികളായ അഖിലും രാഹുലും നാട്ടുകാര്‍ക്ക് സുപരിചിതരാണ്. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ അഖില്‍ നാലുവര്‍ഷം മുന്‍പാണ് പട്ടാളത്തില്‍ ചേര്‍ന്നത്. നാട്ടില്‍ വരുമ്പോള്‍ മോശം പ്രവര്‍ത്തിയുമില്ല. എന്നാല്‍, ഇന്നലെ പൊലിസ് ജീപ്പില്‍ അഖില്‍ അടക്കമുള്ള പ്രതികളെ കൊണ്ടുവന്ന് തെളിവെടുത്തപ്പോഴാണ് അമ്പൂരി പ്രദേശത്തുകാര്‍ മൂക്കത്ത് വിരല്‍വച്ചത്.
അഖിലും രാഖിയും തമ്മില്‍ പരിചയപ്പെട്ടത് മൊബൈല്‍ ഫോണിലെ മിസ്ഡ് കോളിലൂടെയാണ്. ഈ ബന്ധം വളരുകയും ഇരുവരും അടുക്കുകയും ചെയ്തു. എന്നാല്‍, അഖില്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിക്കാന്‍ ശ്രമിച്ചത് രാഖി മുടക്കിയതോടെയാണ് കാമുകിയെ കൊലപ്പെടുത്താന്‍ അഖില്‍ പദ്ധതിയിട്ടത്. രാഖിയുമായി അഖിലിന് ആറുവര്‍ഷത്തെ പ്രണയമാണുള്ളത്. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി അഖില്‍ മറ്റൊരു യുവതിയുമായി പ്രണയത്തിലായി വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. പുതിയ ബന്ധത്തെ രാഖി എതിര്‍ത്തിരുന്നുവെന്നും എന്തുവന്നാലും അഖിലുമായി മാത്രമേ താന്‍ കഴിയൂവെന്നും ഇവര്‍ നിലപാടെടുത്തു. ഇതോടെയാണ് രാഖിയെ ഇല്ലാതാക്കാന്‍ അഖില്‍ തീരുമാനിച്ചത്.
ജൂണ്‍ 18നാണ് എറണാകുളത്തുനിന്ന് രാഖി അവധിക്ക് നാട്ടിലെത്തിയത്. 21ന് അഖില്‍ താന്‍ പണികഴിപ്പിക്കുന്ന വീടുകാണാന്‍ രാഖിയെ വിളിച്ചു. നെയ്യാറ്റിന്‍കരയില്‍നിന്ന് കാറിലാണ് കൂട്ടിക്കൊണ്ടുപോയത്. രാഖിയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് പോലിസ് അന്വേഷണം ആരംഭിച്ചപ്പോള്‍ അത് വഴിതെറ്റിക്കാന്‍ രാഖിയുടെ സിംകാര്‍ഡില്‍നിന്ന് ചെന്നൈയിലേക്ക് പോവുകയാണെന്ന സന്ദേശം മറ്റൊരു ഫോണിലേക്ക് അയച്ചു.
അന്വേഷണം വഴിമുട്ടിക്കാനാണ് ഇങ്ങനെ ചെയ്തത്.
21ന് നെയ്യാറ്റിന്‍കരയില്‍ കാറുമായെത്തിയ അഖിലിനൊപ്പം രാഖി അമ്പൂരിയിലേക്കാണ് പോയത്. അമ്പൂരി തട്ടാന്‍മുക്കിലെ അഖിലിന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ എത്തുമ്പോള്‍ അവിടെ അഖിലിന്റെ ജ്യേഷ്ഠന്‍ രാഹുലും ഉണ്ടായിരുന്നു. ഇവിടെവച്ചു രാഖിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം വിവസ്ത്രയാക്കി മേലാകെ ഉപ്പുവിതറി കുഴിച്ചിട്ടു. കുഴിക്കു മുകളിലും സമീപത്തുമായി കമുകും മറ്റുചെടികളും നടുകയും ചെയ്തു. പുതിയ വീടിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ പുരയിടത്തില്‍ കുഴിയെടുത്തത് അയല്‍വാസികളും ശ്രദ്ധിച്ചില്ല. എന്നാല്‍, ഇന്നലെ ഉച്ചയോടെ കൂടുതല്‍ പോലിസുകാര്‍ എത്തിയപ്പോഴാണ് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പരിസരവാസികള്‍ അറിയുന്നത്. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പിന്‍ഭാഗത്തുനിന്നാണ് ജീര്‍ണ്ണിച്ച മൃതദേഹം കിട്ടിയത്.
സുഹൃത്തുക്കള്‍ക്കെന്നു പറഞ്ഞ് വീട്ടില്‍നിന്നു പലഹാരങ്ങളുമായിട്ടാണ് രാഖി വീട്ടില്‍നിന്നു പുറപ്പെട്ടത്. ജോലി എറണാകുളത്തായതിനാല്‍ ആദ്യദിവസങ്ങളില്‍ വീട്ടുകാര്‍ അന്വേഷിച്ചില്ല. ഫോണില്‍ കിട്ടാതായതോടെ പൂവാര്‍ പൊലിസില്‍ പരാതി നല്‍കി. ഒരു മാസത്തിലേറെയായി പൂവാര്‍ സ്വദേശിനി രാഖിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ പൊലിസ് അന്വേഷണം നടത്തിവരികയായിരുന്നു. രാഖിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അമ്പൂരി സ്വദേശിയായ അഖിലിനെ നിരന്തരമായി വിളിച്ചിരുന്നുവെന്ന് കണ്ടെത്തിയതോടെ കേസില്‍ ആദ്യ ട്വിസ്റ്റ് ഉണ്ടായി. അപ്പോഴും അഖിലാണ് കൊലപ്പെടുത്തിയതെന്ന സൂചനകള്‍ ഉണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ സൈനികനായ അമ്പൂരി തട്ടാന്‍മുക്കില്‍ അഖില്‍ ഏറെക്കാലമായി രാഖിയുമായി അടുപ്പത്തിലായിരുന്നുവെന്നു ബന്ധുക്കള്‍ പൊലിസിനു മൊഴി നല്‍കിയതും അന്വേഷണത്തില്‍ സഹായകരമായി.
രാഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആദ്യ സൂചനകള്‍ പോലിസിനു ലഭിച്ചതും മൊബൈല്‍ ഫോണില്‍നിന്നാണ്. അമ്പൂരി പ്രദേശത്താണ് രാഖിയുടെ ഫോണ്‍ അവസാനം പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായതോടെയാണ് അന്വേഷണം അഖിലിലേക്ക് എത്തിയത്. രാഖിയും അഖിലേഷുമായുള്ള ബന്ധം മനസ്സിലാക്കിയ പോലീസിന് യുവതിയുടെ തിരോധാനത്തിനുശേഷം അഖിലേഷും സഹോദരന്‍ രാഹുലും ഒളിവില്‍പ്പോയെന്ന വിവരം ഇവരെക്കുറിച്ചുള്ള സംശയം ബലപ്പെടുത്തി. കഴിഞ്ഞമാസം 27ന് അഖില്‍ ഡല്‍ഹിയിലേക്ക് പോയെന്ന് ബന്ധുക്കള്‍ പറഞ്ഞെങ്കിലും അവിടെ എത്തിയില്ലെന്ന വിവരവും പൊലിസിന് ലഭിച്ചു. പിന്നാലെ ഇവരുടെ സുഹൃത്ത് ആദര്‍ശ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായി. ആഴ്ചകള്‍ക്കു മുന്‍പ് ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ കഴിയുകയായിരുന്ന ആദര്‍ശിനെ കസ്റ്റഡിയിലെടുത്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
പുത്തന്‍കടയില്‍ ചായക്കട നടത്തിയിരുന്ന രാജന്റെ(മോഹനന്‍) രണ്ടാമത്തെ മകളാണ് രാഖി. രാഖിയുടെ ചെറുപ്പത്തില്‍ത്തന്നെ അമ്മ മരിച്ചു. മോഹനന്‍ രണ്ടാമത് വിവാഹംകഴിച്ച സില്‍വിയാണ് മൂന്നുമക്കളേയും വളര്‍ത്തിയത്.
amboori rakhi murder case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."