ഷോപ്പിയാനിലെ വ്യാജ ഏറ്റുമുട്ടല്‍: കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം
കഴിഞ്ഞ ജൂലൈ പതിനെട്ടിനു കശ്മിരിലെ ഷോപ്പിയാനില്‍ പട്ടാളം മൂന്നു യുവാക്കളെ വെടിവച്ചുകൊന്നതിന്റെ കുറ്റപത്രം പ്രത്യേകാന്വേഷണ സംഘം ഷോപ്പിയാന്‍ ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. തൊഴില്‍ തേടി കശ്മിരിലെത്തിയ ഇംതിയാസ് അഹമ്മദ്, അബ്രാര്‍ അഹമ്മദ്, മുഹമ്മദ് ഇബ്രാര്‍ എന്നിവരെയാണു ഭീകരരെന്നു മുദ്രകുത്തി 62 രാഷ്ട്രീയ റൈഫിള്‍സിലെ ക്യാപ്റ്റന്‍ ഭൂപീന്ദര്‍, സൈനികരായ ബിലാല്‍ അഹമ്മദ്, തബീഷ് അഹമ്മദ് എന്നിവര്‍ കൊലപ്പെടുത്തിയത്.
സംഭവത്തിനു ശേഷം 12 സെക്ടര്‍ ആര്‍.ആര്‍ കമാന്‍ഡര്‍ പത്രസമ്മേളനം നടത്തി മൂന്നു ഭീകരരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്നു പ്രഖ്യാപിക്കുകയായിരുന്നു. ഷോപ്പിയാന്‍ മേഖലയില്‍ 'ഭീകര' സാന്നിധ്യമുണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ ഭീകരരെ കണ്ടെത്തുകയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ അവര്‍ കൊല്ലപ്പെടുകയും ചെയ്‌തെന്നായിരുന്നു വെളിപ്പെടുത്തല്‍. ഭീകരരില്‍നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തെന്നും സൈന്യം അവകാശപ്പെട്ടിരുന്നു.
സൈനികനേതൃത്വം നിയോഗിച്ച പ്രത്യേകാന്വേഷണ സംഘം തന്നെയാണ് ആ ഏറ്റുമുട്ടല്‍ കഥ വ്യാജമാണെന്നു കണ്ടെത്തിയത്. പട്ടിണിയില്‍നിന്നു രക്ഷതേടാന്‍ എന്തെങ്കിലുമൊരു തൊഴില്‍ തേടി രജൗരിയില്‍ നിന്നു പോയവരായിരുന്നു ആ മൂന്നു യുവാക്കള്‍. ഏറെ ദിവസമായിട്ടും അവരെക്കുറിച്ച് ഒരു വിവരവും കിട്ടാതെ വീട്ടുകാര്‍ അന്വേ
ഷിച്ചിറങ്ങിയപ്പോഴാണു ഭീകരരെന്നു മുദ്രകുത്തി സൈന്യം അവരെ കൊന്ന കാര്യം അറിയുന്നത്. 'ഏറ്റുമുട്ട'ലിലൂടെ കൊല്ലപ്പെട്ടവരെന്നു പറഞ്ഞ് സൈന്യം പുറത്തുവിട്ട മൃതദേഹചിത്രങ്ങള്‍ കണ്ടാണു വീട്ടുകാര്‍ തിരിച്ചറിഞ്ഞത്.
സൈനികരുടെ ക്രൂരത പുറത്തുവന്നതോടെ രജൗരിയിലും ഗുജ്ജാര്‍ സമൂഹത്തിലും കശ്മിരിലാകെ തന്നെയും വന്‍ പ്രതിഷേധങ്ങളുയര്‍ന്നു. ഇതേതുടര്‍ന്നാണ് സൈനികനേതൃത്വം ഏറ്റുമുട്ടലിന്റെ സത്യാവസ്ഥയറിയാന്‍ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചത്. തൊഴിലാളികള്‍ വാടകയ്ക്കു താമസിച്ച സ്ഥലത്തുനിന്നു വിളിച്ചിറക്കിക്കൊണ്ടുപോയി കൊല്ലുകയായിരുന്നുവെന്ന മാധ്യമവാര്‍ത്തയും ഉണ്ടായിരുന്നു. സായുധ സേനയ്ക്ക് പ്രത്യേകാധികാരം നല്‍കുന്ന ആംഡ് ഫോഴ്‌സസ് (സ്‌പെഷല്‍ പവേഴ്‌സ്) ആക്ടിന്റെ (എ.എഫ്.എസ്.പി.എ) കടുത്ത ലംഘനമാണ് ഷോപ്പിയാനില്‍ നടന്നതെന്നു കുറ്റപത്രത്തില്‍ പറയുന്നുണ്ട്. സേനയുടെ പ്രത്യേകാധികാരം സൈനികര്‍ ദുരുപയോഗിച്ചതായും സുപ്രിംകോടതിയുടെ നിര്‍ദേശം ലംഘിച്ചതായും കരസേനയുടെ കോടതിയും കണ്ടെത്തി. ഇത്തരമൊരു സാഹചര്യത്തില്‍ പ്രതികള്‍ക്കെതിരേ കോര്‍ട്ട് മാര്‍ഷല്‍ അടക്കമുള്ള നടപടികളിലേയ്ക്കു കടക്കുമെന്നു സൈനികനേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
കശ്മിരില്‍ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്നു യു.എന്‍ കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കശ്മിരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ സംസ്ഥാനത്തു നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു. പിന്നീട് ചില ഇളവുകള്‍ വരുത്തിയെങ്കിലും മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്നുണ്ടെന്നാണു യു.എന്‍ കണ്ടെത്തല്‍. അപ്രഖ്യാപിത കര്‍ഫ്യൂ ജമ്മുവിലും ലഡാക്കിലും ഏതാനും ദിവസങ്ങള്‍ക്കകം പിന്‍വലിച്ചെങ്കിലും താഴ്‌വരയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും സാധാരണ ജീവിതം സാധ്യമായിട്ടില്ലെന്നും സഞ്ചാരസ്വാതന്ത്ര്യവും സമാധാനപരമായി ഒത്തുചേരാനുള്ള അവസരവും പഴയ നിലയിലെത്തിയിട്ടില്ലെന്നും മാധ്യമങ്ങള്‍ക്കും ഇന്റര്‍നെറ്റിനുമുണ്ടായിരുന്ന നിരോധനം ഭാഗികമായാണു പുനഃ
സ്ഥാപിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
നിരവധി മാധ്യമ പ്രവര്‍ത്തകര്‍ തടങ്കലിലാണെന്നും കശ്മിരിലെ അന്യായങ്ങള്‍ സംബന്ധിച്ച പരാതികളില്‍ സുപ്രിം കോടതി വളരെ പതുക്കെയാണ് ഇടപെടുന്നതെന്നും യു.എന്‍ ഹൈക്കമ്മിഷണര്‍ ആരോപിക്കുകയുണ്ടായി. അടിസ്ഥാനരഹിതവും മുന്‍വിധി നിറഞ്ഞതുമാണെന്നാരോപിച്ച് യു.എന്‍ റിപ്പോര്‍ട്ട് ഇന്ത്യ തള്ളിയിട്ടുണ്ടെന്നതു ശരിതന്നെ. എന്നാല്‍, ഇപ്പോഴത്തെ ഈ കണ്ടെത്തല്‍ അത്തരം ആരോപണങ്ങളില്‍ പലതും വിശ്വസനീയമാണെന്ന തോന്നലാണു ജനി
പ്പിക്കുന്നത്.
സൈനികരുടെ ഭാഗത്തുനിന്നുണ്ടായ ഈ ക്രൂരത വെളിച്ചത്തു കൊണ്ടുവന്ന അന്വേഷണസംഘത്തിന്റെ നടപടി പ്രതീക്ഷ നല്‍കുന്നതാണ്. കുറ്റവാളികളായ സൈനികര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചതിലൂടെ ഭാവിയില്‍ ഇത്തരം അതിക്രമങ്ങള്‍ സൈനികരില്‍ നിന്നും പൊലിസില്‍ നിന്നും ഉണ്ടാകുന്നതു തടയുവാന്‍ ഒരുപരിധിവരെ കഴിയും. മേലില്‍ ഉണ്ടാകാവുന്ന നിയമദുരുപയോഗം തടയുവാനും കഴിയും. പ്രതികള്‍ക്കു തക്കതായ ശിക്ഷ കിട്ടുന്നതിലൂടെ കശ്മിരിലെ സാധാരണ പൗരന്മാര്‍ക്ക് നേരെയുണ്ടാകുന്ന പട്ടാളത്തിന്റെയും പൊ
ലിസിന്റെയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും വ്യാജ ഏറ്റുമുട്ടലുകള്‍ക്കും അറുതിയുണ്ടാകുമെന്നു പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."