ഊര്‍ങ്ങാട്ടിരിയില്‍ ദുരന്ത നിവാരണ സമിതി രൂപീകരിച്ചു
അരീക്കോട്: കാലവര്‍ഷക്കെടുതിയില്‍ നിന്ന് പാഠം പഠിച്ച് ഒടുവില്‍ ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തില്‍ ദുരന്ത നിവാരണ സമിതി രൂപീകരിച്ചു. ശക്തമായ മഴ പെയ്താല്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവക്ക് സാധ്യതയുള്ളതിനാലാണ് ദുരന്ത നിവാരണ സമിതിക്ക് രൂപം നല്‍കിയത്.
കാലവര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ പഞ്ചായത്ത് തലത്തില്‍ ദുരന്ത നിവാരണ സമിതി രൂപവത്ക്കരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും അവഗണിച്ചതോടെ വലിയ നഷ്ടമാണ് ആദിവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നേരിടേണ്ടി വന്നത്. വീണ്ടും ഒരു ദുരന്തം കൂടി നേരിടേണ്ടി വരുമെന്ന മുന്നറിയ്പ്പിനെ തുടര്‍ന്നാണ് ഊര്‍ങ്ങാട്ടിരിയില്‍ ദുരന്തനിവാരണ സമിതിക്ക് രൂപം നല്‍കിയത്. സമിതി രൂപീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്കും സര്‍ക്കുലര്‍ മുഖേനെ നേരത്തെ നിര്‍ദേശം നല്‍രുന്നെങ്കിലും പഞ്ചായത്ത് സെക്രട്ടറിമാര്‍ കണ്ടഭാവം പോലും നടിച്ചിരുന്നില്ല.
ജില്ലാ തലത്തില്‍ കലക്ടറും താലൂക്ക് അടിസ്ഥാനത്തില്‍ തഹസില്‍ദാറും ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ പ്രസിഡന്റുമാരും അധ്യക്ഷനായ സമിതിയാണ് രൂപവത്ക്കരിക്കേണ്ടത്.
സമിതിയില്‍ റവന്യൂ, പൊലിസ്, ആരോഗ്യം, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, വൈദ്യുതി, കൃഷി, മൃഗ സംരക്ഷണം, പൊതുമരാമത്ത്, ജലസേചന വകുപ്പ് എന്നീ വകുപ്പുകളിലെ ബന്ധപെട്ട ഉദ്യോസ്ഥര്‍ അംഗങ്ങളാവണമെന്നും നിര്‍ദേശമുണ്ട്. ഊര്‍ങ്ങാട്ടിരിയില്‍ സമിതി രൂപീകരിച്ചെങ്കിലും ഇപ്പൊഴും സര്‍ക്കാര്‍ നിര്‍ദേശം കാറ്റില്‍പറത്തുന്ന പഞ്ചായത്തുകളുണ്ട്.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ദുരന്തം ഉണ്ടാകുമ്പോള്‍ ഈ സമിതിയാണ് കണക്കെടുപ്പ് നടത്തി സര്‍ക്കാറിലേക്ക് സമര്‍പ്പിക്കേണ്ട്.
ദുരന്ത നിവാരണത്തിന് ആവശ്യമായ മാര്‍ഗ നിര്‍ദേശം നല്‍കേണ്ടതും സമിതിയാണ്. സമിതി മുഖേനെയാണ് ആവശ്യമായ ധന സഹായം ലഭിക്കുക. അതിനായി പ്രത്യേക ബാങ്ക് അക്കൗണ്ടും തുടങ്ങണമെന്ന് നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ഏറനാട് താലൂക്കില്‍ എടവണ്ണ, ഊര്‍ങ്ങാട്ടിരി ഗ്രാമ പഞ്ചായത്തുകളില്‍ മാത്രമാണ് നിലവില്‍ ദുരന്തനിവാരണ സമിതി രൂപവത്ക്കരിച്ചതെന്നാണ് വിവരം.
പഞ്ചായത്ത് തലത്തില്‍ രൂപവത്ക്കരിക്കുന്ന സമിതിയാണ് സന്നദ്ധ സംഘടകളുടെയും മറ്റും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച്‌കൊണ്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്യേണ്ടത്. സമിതി രൂപികരിക്കാത്ത പഞ്ചായത്തുകളില്‍ സന്നദ്ധ സംഘടകളുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളടക്കം പ്രയോജനപെടുത്താന്‍ കഴിയാത്ത ദുരവസ്ഥയാണുള്ളത്. ഇക്കാരണത്താല്‍ പഞ്ചായത്തുകളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കാന്‍ ഏറെകാലതാമസത്തിന് ഇടയാക്കും. ഓഗസ്റ്റ് മാസത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മഴയിലും ഏറെ നഷ്ടം സംഭവിച്ചിട്ടും ദുരന്ത നിവാരണ സമിതി രൂപീകരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറായിട്ടില്ല.
ദുരന്ത നിവാരണ സമിതി രൂപീകരിക്കാത്തതിനാല്‍ ഓഗസ്റ്റ് 16ന് ഉണ്ടായ ദുരന്തത്തെ തുടര്‍ന്ന് പഞ്ചായത്തുകളില്‍ ദുരന്തത്തിന് ഇരയായവരുടെ സഹായ അഭ്യര്‍ഥനകള്‍ കുമിഞ്ഞ് കൂടിയിട്ടും പഞ്ചായത്ത് സെക്രട്ടറിമാര്‍ സഹായ ധനം അനുവദിക്കാന്‍ മാര്‍ഗമില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുകായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."